Friday, December 27, 2024
Homeകേരളം'ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം.

‘ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തിൽ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാർഢ്യത്തോടെ പൊരുതിയാണ് പാർവതി സിവിൽ സർവീസസ് വിജയിച്ചത്. അപകടത്തിനുശേഷം ഇടതുകൈ കൊണ്ടാണ് പാർവതി എഴുതിയത്. 282ാം റാങ്ക് ആണെങ്കിലും ഭിന്നശേഷി വിഭാഗത്തിൽ ആയത്കൊണ്ട് ഐഎഎസ് കിട്ടുമെന്നാണ് പ്രതീക്ഷ.

2010 ലുണ്ടായ വാഹനാപകടത്തിലാണ് അമ്പലപ്പുഴ സ്വദേശി പാർവതിക്ക് വലതുകൈ നഷ്ടമായത്. പിന്നീട് കൃത്രിമ കൈ വച്ചുപിടിപ്പിച്ച് ഇടതുകൈകൊണ്ട് എഴുതി ശീലിച്ചു. ഇടതുകൈകൊണ്ട് എഴുതിയ പരീക്ഷയിലാണ് ഇപ്പോൾ ഐഎഎസ് നേടിയതും. ജീവിതത്തിൽ പാർവതി പഠിച്ച പാഠം നിശ്ചയദാർഢ്യത്തെ ഒന്നിനും തോൽപ്പിക്കാനാകില്ല എന്നതാണ്.

ഇടംകൈ ഉപയോഗിച്ചായിരുന്നു പാര്‍വതിയുടെ തുട‍ര്‍ന്നുള്ള പഠനം. എഴുതാനടക്കം ഇടംകൈയായിരുന്നു കരുത്ത്. പഠനത്തിൽ മിടുക്കിയായ പാര്‍വതി രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ആദ്യ ശ്രമത്തിൽ പ്രിലിമിനറി കടമ്പ പോലും കടക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം ശ്രമത്തിൽ, ഭിന്നശേഷിക്കാരിയെന്ന പരിഗണനയോടെ ഐഎഎസ് പദവിയിലെത്താനാകുമെന്നാണ് പാര്‍വതിയും കുടുംബവും പ്രതീക്ഷിക്കുന്നത്.

ലിസ്റ്റിൽ പേര് പ്രതീക്ഷിച്ചിരുന്നു പക്ഷെ ഇത്ര നല്ല റാങ്ക് പ്രതീക്ഷിച്ചില്ലെന്നും പാർവതി പറഞ്ഞു. ഒന്നുമുതൽ 12 വരെ സർക്കാർ സ്കൂളിലാണ് പാർവതി പഠിച്ചത്. വേഗക്കുറവ് ഉണ്ടായിരുന്നതിനാല്‍ സിവില്‍ സര്‍വീസ് പരീക്ഷ വലിയ കടമ്പയായിരുന്നുവെന്ന് പാര്‍വതി പറഞ്ഞു. ജീവിതത്തിലെ വലിയ തിരിച്ചടികളില്‍ പതറാതെ മനക്കരുത്ത് കൈമുതലാക്കി ഐഎഎസ് നേടിയ പാര്‍വതിയുടെ നേട്ടം മലയാളികൾക്കും അഭിമാനമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments