പാനൂർ : കഴിഞ്ഞ ഒരു മാസമായി മോദിക്കും സംഘപരിവാറിനും എതിരെ ഒന്നും പറയാതെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരമായി ആക്ഷേപം ഉന്നയിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ പ്രധാനമന്ത്രിക്ക് മറുപടി നൽകിയപ്പോൾപോലും ശ്രദ്ധയോടുകൂടി വിനീതഭാവത്തിലായിരുന്നു മുഖ്യമന്ത്രി.
ഞങ്ങൾ രണ്ടു പേരും ഒന്നല്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇപ്പോൾ സംസാരിക്കുന്നത്. ഇവർ രണ്ടു പേരും ഒന്നുതന്നെയാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരെ ആക്ഷേപം ഉന്നയിച്ച് ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും സതീശൻ വിമർശിച്ചു. പാനൂരിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ടറൽ ബോണ്ടിനെകുറിച്ച് രാഷ്ട്രീയ പോസ്റ്റിട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ ചെറുപ്പക്കാരനെതിരെ പ്രധാനമന്ത്രിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്നും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നും കാട്ടിയാണ് പിണറായിയുടെ പൊലീസ് കേസെടുത്തത്. മോദി പ്രേമവും പ്രീണനവും എവിടെവരെ എത്തിനിൽക്കുന്നു എന്നതിന്റെ തെളിവാണിത്. പ്രതിപക്ഷ നേതാവിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് എതിരെ നൽകിയ ഒൻപത് പരാതികളിൽ കേസെടുക്കാത്തവരാണ് ഇപ്പോൾ കേസുമായി ഇറങ്ങിയിരിക്കുന്നത്. കേരളത്തിൽ എൽ.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.
ജനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ച മുഖ്യമന്ത്രിക്ക് ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ഒരു സീറ്റിൽ പോലും സി.പി.എമ്മും ബി.ജെ.പിയും വിജയിക്കില്ല. ഇരുപതിൽ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ജനങ്ങൾക്കിടയിലുള്ള പ്രതിഷേധവും അമർഷവും യു.ഡി.എഫിന് വോട്ടായി മാറും. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ തരംഗവും ദേശീയതലത്തിൽ കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ തരംഗവുമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.