Monday, January 6, 2025
Homeകേരളംലീഗിന്റെ വോട്ട് വേണം, പതാക പാടില്ല; സ്വന്തം കൊടിക്ക് പോലും കോൺഗ്രസിന് അയിത്തം -...

ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല; സ്വന്തം കൊടിക്ക് പോലും കോൺഗ്രസിന് അയിത്തം – പിണറായി വിജയൻ.

ആലപ്പുഴ: കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല ആശയവ്യക്തതയും നിലപാടിൽ ദൃഢതയുമാണ് ലോക്സഭയിലേക്ക് പോകുന്നവർക്ക് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാറിന് മുമ്പിൽ സ്വയം മറന്ന് നിൽക്കുന്ന കോൺഗ്രസിനേയും സ്വന്തം പതാക ഒളിപ്പിച്ചുവെക്കുന്ന ഭീരുത്വവും അല്ല നാടിന്റെ പ്രതിനിധിയായി ലോക്സഭയിലേക്ക് പോകുന്നവർക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ വെച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എൽ.ഡി.എഫിന് അനുകൂല സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർണായക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ ഭയക്കുന്നു. സ്വന്തം പതാക ഉയർത്താതെ വർഗീയ വാദികളെ ഭയന്ന് പിന്മാറും വിധം കോൺഗ്രസ് അധ:പതിച്ചിരിക്കുന്നു. ത്രിവർണപതാക കോൺഗ്രസ് ഉപേക്ഷിക്കണം എന്ന് സംഘപരിവാർ ഉയർത്തിയ ആവശ്യമാണ്. അതിന് വഴങ്ങുകയാണോ പുതിയ കോൺഗ്രസ് എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പതാക ഇന്ത്യയിലെ ജനങ്ങൾ അണിനിരക്കുന്ന പാർട്ടിയുടെ കൊടിയാണ് എന്ന് കോൺഗ്രസ് പറയാൻ തയ്യാറാകും എന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. ഇപ്പോൾ സ്വന്തം പതാകയും കോൺഗ്രസ് ഉപേക്ഷിച്ചിരിക്കുന്നു. ഇവരാണോ സംഘപരിവാറിനെതിരായി സമരം നയിക്കുക?.

കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ ലീഗിന്റെ പതാകയും കോൺഗ്രസിന്റെ പതാകയും ഒഴിവാക്കി പ്രവർത്തകർ രാഹുൽഗാന്ധിയുടെ റോഡ് ഷോയിൽ പങ്കെടുത്തതെന്നാണ് വാർത്ത. ഇത് ഒരു തരം ഭീരുത്വമല്ലേ? മുസ്ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണ് എടുക്കുന്നത്. ലീഗ് പതാക ലോകത്തെ കാണിക്കുന്നതിൽ നിന്ന് ഒളിച്ചോടാൻ സ്വന്തം കൊടിക്ക് പോലും അയിത്തം കൽപ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോൺഗ്രസ് എന്തുകൊണ്ടാണ് താണുപോയത്.

രാജ്യസഭ പ്രാധാന്യമർഹിക്കുന്ന ഘട്ടത്തിലാണ്, കാലയളവ് തീരാൻ രണ്ട് വർഷം ബാക്കിനിൽക്കെ രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാംഗം കേരളത്തിൽ വന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. അദ്ദേഹവും കോൺഗ്രസിന്റെ ദേശീയ നേതാവാണ്. ആലപ്പുഴക്കാർ രാഷ്ട്രീയ പ്രബുദ്ധരാണ്. അതുകൊണ്ട് അദ്ദേഹം അവിടന്ന് കരകയറാൻ പോകുന്നില്ല. എന്നാൽ അദ്ദേഹം ജയിക്കുകയാണെങ്കിൽ സംഭവിക്കുന്നത് എന്താണ് എന്നാണ് ഉയരുന്ന ചോദ്യം. ജയിച്ചാൽ രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് ഒരു ബിജെപി അംഗമാണ് പകരം പോകുക. നിലവിലുള്ള ഒരു രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു പോകുന്ന സ്ഥിതിയാണുള്ളത്. ബിജെപിയുടെ രാജ്യസഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കൊട്ടേഷൻ കോൺഗ്രസും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയും എടുത്തിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പിയിതര പാർട്ടികൾക്കെതിരേ കേന്ദ്ര ഏജൻസികൾ വലവീശിയിട്ടുണ്ട്. കോൺഗ്രസിന്റെ നേതാക്കൾക്കെതിരേ ഏജൻസികൾ ഇടപെടുമ്പോൾ അത് എതിർക്കും. എന്നാൽ കോൺഗ്രസ് ഇതര പാർട്ടികളുടെ കാര്യം വരുമ്പോൾ അവർ കേന്ദ്ര സർക്കാരിനൊപ്പമാണ്. ഇതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഉദാഹരണമാണ് കെജ്രിവാൾ. മദ്യനയപ്രശ്നം ഉയർന്നുവന്നപ്പോൾ ഏറ്റവും വലിയ ആരോപണം ഉന്നയിച്ചത് കോൺഗ്രസായിരുന്നു. പരാതി നൽകിയത് കോൺഗ്രസാണ്. ആ കേസാണ് ഇ.ഡിക്ക് അവിടെ കടന്ന് ചെല്ലാൻ ഇടയാക്കിയത്- പിണറായി വിജയൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments