കൊച്ചി- കേരളത്തില്‍ താപനില കുതിച്ചുയര്‍ന്നു. ഇന്ന് ആറ് ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
നിലവിലെ താപനിലയെക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക. ഇന്നലെ തൃശൂര്‍ വെള്ളാനിക്കരയില്‍ 37 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. കൊച്ചി വിമാനത്താവളത്തിലായിരുന്നു ഏറ്റവും കുറഞ്ഞ താപനില, 32.8 ഡിഗ്രി. എവിടെയും വേനല്‍മഴ എത്താനുള്ള സാധ്യത ഇല്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. മാര്‍ച്ച് പകുതിയോടെ മാത്രമേ മഴ പെയ്യാന്‍ സാധ്യതയുള്ളൂ. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും കാലാവസ്ഥാവകുപ്പ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.
ദാഹം തോന്നിയില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണം. പകല്‍ 11 മുതല്‍ മൂന്ന് മണി വരെ വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കണമെന്നും ആരോഗ്യ വകുപ്പ് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നു. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നു. അതിനിടെ, ഗള്‍ഫിലെ ചൂടൊക്കെ സാരമില്ലെന്നും ഇതാണ് അസഹനീയമെന്നും ചില മലയാളികള്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.