തിരുവനന്തപുരം; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിട്ടതിൽ തുടർനടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. വിജ്ഞാപനവും പെർഫോമ റിപ്പോർട്ടടക്കമുള്ള മുഴുവൻ രേഖകളും സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറി. ഇ–- മെയിലിലാണ് രേഖകൾ സിബിഐ ആസ്ഥാനത്തേക്ക് അയച്ചത്. ഇതിന്‌പുറമേ, അന്വേഷണം സിബിഐക്ക് വിട്ട വിജ്ഞാപനം, ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കത്ത്, പെർഫോമ റിപ്പോർട്ട് തുടങ്ങിയ രേഖകളുടെ തനിപ്പകർപ്പുകൾ നേരിട്ട് സിബിഐ ആസ്ഥാനത്ത് എത്തിക്കാൻ ഡിവൈഎസ്‌പി ശ്രീകാന്തിനെയും ചുമതലപ്പെടുത്തി. ചൊവ്വ രാത്രി ഇദ്ദേഹം ഡൽഹിയിലെത്തി. രേഖകൾ സമയബന്ധിതമായി കൈമാറാതിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആഭ്യന്തര സെക്രട്ടറി സസ്‌പെൻഡ് ചെയ്‌തു.
സിദ്ധാർഥന്റെ അച്ഛൻ മുഖ്യമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിച്ച മാർച്ച് ഒമ്പതിനുതന്നെ കേസന്വേഷണം സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. വിജ്ഞാപനം സിബിഐക്ക് അയക്കുകയും ചെയ്‌തു. പെർഫോമ റിപ്പോർട്ട് കൈമാറുന്നതിൽ ഉദ്യോഗസ്ഥതലത്തിലുണ്ടായ കാലതാമസത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ആഭ്യന്തരസെക്രട്ടറി ബിശ്വനാഥ് സിൻഹയ്‌ക്ക് നിർദേശവും നൽകി. വീഴ്‌ച വരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ എം സെക്‌ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി വി കെ പ്രശാന്തി, സെക്‌ഷൻ ഓഫീസർ കെ ബിന്ദു, അസി. സെക്‌ഷൻ ഓഫീസർ എം അഞ്ജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
പെർഫോമ റിപ്പോർട്ടും വിജ്ഞാപനവും സിബിഐക്ക് കൈമാറിയതോടെ ഇനി തീരുമാനമെടുക്കേണ്ടത് സിബിഐയാണ്. പേഴ്‌സണൽ മന്ത്രാലയം വഴിയാണ് സിബിഐ ഡയറക്ടർക്ക് പെർഫോമയും വിജ്ഞാപനവും കൈമാറുക. ഡയറക്ടർ ഇത് ചെന്നൈയിലെ ജോയിന്റ് ഡയറക്ടർക്ക് കൈമാറും. തുടർന്ന് തിരുവനന്തപുരം യൂണിറ്റ് സാധ്യതാ പഠനം നടത്തിയശേഷമാകും സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക.
ഉദ്യോഗസ്ഥതലത്തിലുണ്ടായ കാലതാമസം മറയാക്കി സിദ്ധാർഥന്റെ അച്ഛനമ്മമാരെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിക്കാനും തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കാനും പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും നീക്കംനടത്തുന്നുണ്ട്.