തിരുവനന്തപുരം: പാറശ്ശാല ചെങ്കവിളയിൽ അമിതവേഗതയിലെത്തിയ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു. ഇരുകാറുകൾക്കുമിടയിൽ കുടുങ്ങിയ യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു.
വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ചെങ്കവിള ഭാഗത്ത് നിന്ന് പാറശ്ശാലയിലേക്ക് വരുകയായിരുന്ന കാർ റോഡിന്റെ എതിർ വശത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.
അമിതവേഗതിയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന കാറിന്റെ മുൻവശത്തിടിച്ച ശേഷം റോഡിലേക്ക് തലകീഴായി മറിഞ്ഞു.
അപകട സമയം നിർത്തിയിട്ടിരുന്ന കാറിന്റെ വശത്ത് കൂടി പ്രദേശവാസിയായ യുവതി ചെങ്കവിള ഭാഗത്തേക്ക് നടന്ന് പോവുകയായിരുന്നു.
മുന്നിൽ നിന്നും കാർ അതിവേഗം പാഞ്ഞുവരുന്നതുകണ്ട് ഉടനടി ഒരു വശത്തേക്ക് മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു.തലകീഴായി മറിഞ്ഞ വാഹനത്തിൽ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തുന്നതിനായി പ്രദേശവാസികൾ ഓടിയെത്തിയെങ്കലും യുവാവ് കാറിൽ നിന്ന് ഇറങ്ങി ഓടി.
കാരോട് മുക്കോല ബൈപ്പാസിലും ചെങ്കവിള പൂവ്വാർ റോഡിലും വാഹനങ്ങളുടെ മത്സരയോട്ടങ്ങൾ പതിവാണെന്നും ഇത്തരത്തിൽ അപകടങ്ങൾ സംഭവിക്കാറുണ്ടെന്നും പ്രദേശവാസികൾ ആരോപിച്ചു.