ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കോൺഗ്രസിനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നതായി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സീതാറാം കേസരി ട്രഷറർ ആയിരിക്കെ 1993–-94ൽ കോൺഗ്രസ് സമർപ്പിച്ച കണക്കുകളിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി ആദായനികുതിവകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെത്തുടർന്നാണ് എഐസിസി പ്രതികരണം.
2017–-18ലെ കണക്കുകളിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസിന്റെ 11 ബാങ്ക് അക്കൗണ്ടുകളിലെ 210 കോടി രൂപ നേരത്തേ മരവിപ്പിച്ചു. 115 കോടി രൂപ പിഴയായി ഈടാക്കി. പ്രചാരണം നടത്താൻ പണമില്ലെന്നും ട്രെയിൻ ടിക്കറ്റുകൾപോലും എടുക്കാൻ കഴിയുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കോൺഗ്രസിന്റെ ശേഷി നഷ്ടമായി. ഏകപക്ഷീയ തെരഞ്ഞെടുപ്പ് നടത്താനാണ് ബിജെപി ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ ഒന്നും പറയുന്നില്ല. മാധ്യമകോടതികൾ പ്രതികരിക്കുന്നില്ലെന്നും -നേതാക്കൾ പറഞ്ഞു.
കോൺഗ്രസിന് 2017–-18ൽ മൊത്തം 199 കോടി രൂപ സംഭാവന ലഭിച്ചതിൽ 14.49 ലക്ഷം രൂപ മാത്രമാണ് പണമായി കിട്ടിയതെന്ന് എഐസിസി ട്രഷറർ അജയ് മാക്കൻ പറഞ്ഞു. സംഭാവനയിൽ 0.07 ശതമാനം മാത്രമാണ് പണമായി കിട്ടിയത്. പിഴയിട്ടത് 106 ശതമാനം–- അജയ് മാക്കൻ പറഞ്ഞു.