സംസ്ഥാനത്ത് 32 വർഷത്തിനിടെ കൊലക്കേസ് പ്രതികളായ 67 കുറ്റവാളികൾ പരോളിലിറങ്ങി മുങ്ങിയെന്ന് റിപ്പോർട്ട്. ജയിൽ വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികളാണ് പരോളിലിറങ്ങി മുങ്ങിയത്. മറ്റു കേസുകളിൽ വിവിധ കാലയളവിലേക്ക് കഠിന തടവിന് ശിക്ഷിക്കപ്പെട്ട മൂന്നു പേരും മുങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.
1990 മുതൽ 2022 വരെയാണ് 67 കൊലക്കേസ് പ്രതികൾ കേരളത്തിലെ ജയിലുകളിൽ നിന്നും രക്ഷപെട്ടത്. മൂന്നുവർഷത്തിനിടെ കൊലപാതകം, കവർച്ച , മാനഭംഗം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ വിചാരണ നേരിടുന്ന 42 പ്രതികളും ജയിലുകളിൽ നിന്നും ചാടിപ്പോയിരുന്നു. ഇവരിൽ 17 പേരെയും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
റിമാൻഡിൽ കഴിയുന്നതിനിടെ ചാടിപ്പോയ 42 പ്രതികളിൽ 17 പേരെയും കണ്ടെത്താനുണ്ട്. കൊലപാതകം, കവർച്ച , മാനഭംഗം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ വിചാരണ നേരിടുന്നവരാണ് ഇവർ. കോടതിയിലേക്കും ആശുപത്രികളിലേക്കുമുള്ള യാത്രകൾക്കിടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് റിമാൻഡ് പ്രതികൾ രക്ഷപ്പെടുന്നത്.
1990 മുതലുള്ള കണക്കു നോക്കിയാൽ ആദ്യകൊലയാളി മുങ്ങിയിട്ട് 34 വർഷമാകുന്നു. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണ് പരോളിൽ പോയത്. പൊള്ളാച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ രാമൻ എന്ന സുബ്രഹ്മണ്യനാണ് ഈ കുറ്റവാളി.1990 ആഗസ്റ്റ് നാലിന് ഇറങ്ങിയ ഇയാൾ സെപ്തംബർ ആറിന് തിരിച്ചെത്തേണ്ടതായിരുന്നു.
ഏറ്റവും ഒടുവിൽ മുങ്ങിയത് ഇരവിപുരം പൊലീസ് രജിസ്റ്റർ ചെയത് കൊലക്കേസിൽ ജീവപര്യന്തം കിട്ടിയ കൊല്ലം പട്ടത്താനം കൊരയ്ക്കാട്ട് വയലിൽ വീട്ടിൽ അനിൽ കുമാറാണ്. അന്തക്കണ്ണൻ എന്നറിയപ്പെടുന്ന ഇയാൾ 2022 ആഗസ്റ്റ് 29നാണ് പരോളിൽ പോയത്. സെപ്തംബർ 21ന് തിരിച്ചെത്തേണ്ടതായിരുന്നു.