സംസ്ഥാനത്ത് ഈ വർഷം ആഗസ്റ്റ് 31 വരെ എട്ട് മാസത്തിനിടെ പാമ്പുകടിയേറ്റ് മരണപ്പെട്ടത് 8 പേരാണ്. എന്നാൽ 2024 സെപ്റ്റംബറിൽ മാത്രം 6 പേർ ഇതുവരെ പാമ്പുകടിയേറ്റ് മരിച്ചു.
പാമ്പുകടിയേറ്റത് മരണത്തിൽ കലാശിക്കാൻ കാരണമെന്താണ്?
ചികിത്സ ലഭ്യമാക്കാൻ വൈകിച്ചതും, തെറ്റായ ചികിത്സയ്ക്കായി വിലപ്പെട്ട സമയം പാഴാക്കിയതും തന്നെയാണ് മരണകാരണം.
വരുന്ന ആഴ്ചകളിലും മാസങ്ങളിലും പാമ്പുകടിയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയാണ്.
പൊതുവെ ഒക്ടോബർ ആരംഭത്തോടെ വെള്ളിക്കെട്ടൻമാരുടെ പ്രജനനകാലം തുടങ്ങുകയായി. സ്വതവേ നമ്മുടെ കണ്ണിൽ പെടാതെ നമുക്കിടയിൽ കഴിഞ്ഞു കൂടുന്ന വെള്ളിക്കെട്ടൻമാർ, പ്രജനനകാലത്ത് മാത്രം അധികമായി പുറത്ത് കാണപ്പെടാറുണ്ട്. പെൺപാമ്പുകളുടെ ഫിറോമോണുകൾ സെൻസ് ചെയ്ത് അവയുടെ അടുത്തേക്ക് പലയിടങ്ങളിൽ നിന്ന് ആൺപാമ്പുകൾ ഇഴഞ്ഞെത്തുന്നു. ഈ അന്വേഷണയാത്രയിൽ അവ കൂടുതൽ സമയവും ഒളിയിടങ്ങൾക്ക് പുറത്തായിരിക്കും. ആൺപോരുകൾ നടക്കുന്നതിനാലും ഇണചേരൽ മൂഡിലായതിനാലും, പൊതുവെ മനുഷ്യരെ കണ്ടാൽ ഒഴിഞ്ഞുമാറുന്ന അവ ഇണചേരൽ കാലത്ത് മനുഷ്യരെ കണ്ടാലും ഇഴഞ്ഞ് മാറാതെ തിരിഞ്ഞ് കടിക്കാനുള്ള സാധ്യതയുണ്ട്.
ഈ ആഴ്ചകളിൽ പകൽസമയങ്ങളിൽ പോലും അവയെ ഒറ്റയ്ക്കും, ജോഡികളായും, യുദ്ധത്തിലേർപ്പെട്ടും കാണാൻ കഴിയും. ഒന്നിനെ കണ്ട പരിസരത്ത് ഒന്നിലധികം പാമ്പുകളുണ്ടാകാനും സാധ്യതയുണ്ട്, അതും ശ്രദ്ധിക്കണം. (ഗ്രൂപ്പിൽ അടുത്ത ദിവസങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ട ചിത്രങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടാവുന്നതാണ്).
വെള്ളിക്കെട്ടൻമാരുടെ പ്രജനന കാലത്തെ തുടർന്ന് മൂർഖൻ, അണലി(ചേനത്തണ്ടൻ) മുതലായ വിഷപ്പാമ്പുകളുടെയും, വിഷമില്ലാത്ത പലയിനം പാമ്പകളുടെയും ഇണചേരലും പ്രജനനവും നടക്കും. ഫെബ്രുവരി-മാർച്ച് വരെ ഇത് നീളും. പിന്നെ പലയിനം നവജാതരായ കുഞ്ഞുങ്ങളെ കണ്ടു തുടങ്ങും.
പാമ്പുകളെ റെസ്ക്യൂ ചെയ്യുന്നവർക്ക് ഇക്കാലം വലിയ തിരക്കായിരിക്കും. പകലും രാത്രിയും അനവധി കോളുകൾ ലഭിക്കും. സ്വതവേ ശാന്തരായ ഇനങ്ങൾ പോലും ഇണചേരൽ കാലത്ത് വളരെ aggressive ആയി പെരുമാറും. അതിനാൽ റെസ്ക്യൂവർമാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ആശുപത്രികളിലും ഇക്കാലത്ത് പ്രത്യേക കരുതലുണ്ടാകണം. ആരോഗ്യപ്രവർത്തകരുടെ ലഭ്യതയും ഇത്തരം സാഹചര്യത്തിൽ പ്രധാനമാണ്. പാമ്പുകടിയേറ്റതായി സംശയം ഉണ്ടായാൽ പോലും ഉടനടി ചികിത്സ തേടുക എന്നത് വളരെ പ്രധാനമാണ്.