Thursday, December 26, 2024
Homeകേരളംനഗരനയം യുവജനങ്ങളെയും വയോജനങ്ങളെയും പരിഗണിച്ചുള്ളതാവണം: മുഖ്യമന്ത്രി.

നഗരനയം യുവജനങ്ങളെയും വയോജനങ്ങളെയും പരിഗണിച്ചുള്ളതാവണം: മുഖ്യമന്ത്രി.

കേരളത്തിന്റെ പുതിയ നഗരനയം യുവജനങ്ങൾക്കൊപ്പം വയോജനങ്ങളെയും പരിഗണിച്ചുള്ളതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള നഗരനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള അർബൻ കമ്മീഷനുമായുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേരളത്തിലെ യുവജനങ്ങൾക്കും വയോജനങ്ങൾക്കുമായി അന്താരാഷ്ട്ര തലത്തിലുള്ള സൗകര്യങ്ങൾ നഗരനയത്തിന്റെ ഭാഗമായി ഉണ്ടാവണം. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം കാരണം കേരളത്തിലെ വയോജനങ്ങൾ സ്വന്തം ആരോഗ്യ കാര്യങ്ങളെ കുറിച്ച് അറിവുള്ളവരാണ്. അതിനാൽ തന്നെ വിവിധ മേഖലകളിൽ വയോജന സൗഹൃദ പദ്ധതികൾ ഉൾക്കൊള്ളിച്ച മുന്നേറ്റം വേണം. മുഴുവൻ മേഖലയിലും യുവജന പങ്കാളിത്തവും ഉണ്ടാവണം.

ലോകത്തിലെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിനനുസരിച്ച് കേരളത്തിലെ ജനജീവിതം ഭാവിയിൽ കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നഗരനയത്തിൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം പല കാര്യങ്ങളിലും മുന്നിലാണ്. കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽ സമ്പന്ന രാഷ്ട്രങ്ങൾ പോലും ആരോഗ്യ സൗകര്യങ്ങൾ ഇല്ലാതെ മുട്ടുകുത്തിയപ്പോൾ കേരളത്തിന്റെ ആരോഗ്യ മേഖല മികച്ച രീതിയിൽ അതിനെ നേരിട്ടത് നാം കണ്ടതാണ്.

കേരളത്തിലെ ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസം വളരെ നേരിയതാണ്. നഗരത്തിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലും ലഭ്യമാണ്. നഗരത്തിൽ ജനസാന്ദ്രത കൂടുതലുണ്ട്. 25 വർഷങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ നഗരമേതാണ് ഗ്രാമമേതാണ് എന്ന് തിരിച്ചറിയാനാവില്ല. ഇത്തരം ഒട്ടേറെ കാര്യങ്ങൾ മുന്നിൽ കണ്ട് വേണം പുതിയ നഗരനയം രൂപീകരിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഐടി, വ്യവസായ മേഖലകളിൽ ഏറെ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ ഉല്പാദനക്ഷമത വർദ്ധിപ്പിക്കാനായിട്ടുണ്ട്. ഡിജിറ്റൽ സയൻസ് പാർക്കുകൾ ഉൾപ്പെടെ കേരളത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തി ഹയർ എഡ്യുക്കേഷൻ ഹബ് ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. അതിനാൽ കേരളത്തിന്റെ സവിശേഷതകൾ കണക്കിലെടുത്ത് മുഴുവൻ മേഖലയുടെയും വികസനം ഉറപ്പ് വരുത്തുന്നതാകണം നഗര നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, അർബൻ കമ്മീഷൻ ചെയർമാൻ ഡോ. എം. സതീഷ് കുമാർ, കോ ചെയർമാൻമാരായ അഡ്വ. എം. അനിൽകുമാർ, ഡോ. ഇ നാരായണൻ, കമ്മീഷൻ അംഗങ്ങളായ ഡോ. ജാനകി നായർ, ഡോ. കെ. എസ് ജെയിംസ്, വി. സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. വൈ’ വി.എൻ. കൃഷ്ണ മൂർത്തി, പ്രൊഫസർ കെ.ടി. രവീന്ദ്രൻ, ടിക്കന്ദർ സിങ് പൻവാർ, ഡോ. അശോക് കുമാർ , കൃഷ്ണദാസ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്,തദ്ദേശസ്വയം ഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള, വിഴിഞ്ഞം എം. ഡി. ഡോ. ദിവ്യ എസ്. അയ്യർ, അർബൻ ഡയറക്ടർ അലക്‌സ് വർഗീസ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments