Thursday, December 26, 2024
Homeകേരളം‘തൊഴില്‍ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം’: വീണാ ജോര്‍ജ്.

‘തൊഴില്‍ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം’: വീണാ ജോര്‍ജ്.

ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം തൊഴില്‍ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ തിരുവന ന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാണുന്ന സ്ത്രീപ്രതിനിധ്യം തൊഴില്‍ മേഖലകളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെടണം. ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ തൊഴില്‍ മേഖലകളിലേക്ക് എത്തിച്ചേരുന്നില്ല എന്നത് വലിയ വെല്ലുവിളിയാണ്. ഇത്തരത്തില്‍ ജീവിതത്തില്‍ ഏതെങ്കിലും ദിശയില്‍ കരിയര്‍ നഷ്ടപ്പെട്ടു പോയ സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്.

ഇതിന്റെ ഭാഗമായിട്ടാണ് ബാക്ക് ടു വര്‍ക്ക് പദ്ധതി, ക്രഷ്, നൈപുണ്യ പരിപാടികള്‍ എന്നിവ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു. ഐക്യ രാഷ്ട്രസഭയുടെ ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം സ്ത്രീകളില്‍ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക എന്നതാണ്. നവോത്ഥാന കാലഘട്ടത്തില്‍ തുടങ്ങി സ്ത്രീകളുടെ സാമൂഹികമായിട്ടുള്ള പുരോഗമനത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പൊതു സമൂഹം ഇന്ന് പല മേഖലകളിലും നേട്ടങ്ങള്‍ കൈവരിച്ച് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മികവ് പുലര്‍ത്തുന്ന സംസ്ഥാനം കേരളമാണ്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലും കേരളമാണ് ഒന്നാമത്. എന്നാല്‍ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീ ക്ഷേമം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വലിയ പ്രധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി വിവ പ്രോഗ്രാം, ബ്രെസ്റ്റ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള വാര്‍ഷിക ആരോഗ്യ സ്‌ക്രീനിംഗ് പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടത്തി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments