Saturday, January 11, 2025
Homeകേരളംനിരാശയുടെ 13 നാളുകൾ; 'അർജുനില്ലാതെ എങ്ങനെ മടങ്ങും', തൃശ്ശൂരിൽനിന്ന് ഡ്രഡ്ജർ എത്തിക്കാൻ ശ്രമം.

നിരാശയുടെ 13 നാളുകൾ; ‘അർജുനില്ലാതെ എങ്ങനെ മടങ്ങും’, തൃശ്ശൂരിൽനിന്ന് ഡ്രഡ്ജർ എത്തിക്കാൻ ശ്രമം.

ഷിരൂർ: ഓരോ ദിവസവും അർജുനെ കിട്ടിയോ എന്ന ചോദ്യവുമായാണ് മലയാളി ഉറക്കമെഴുന്നേറ്റിരുന്നത്. ജീവനോടെ ആ ചെറുപ്പക്കാരനെ തിരിച്ചുകിട്ടണേ എന്ന പ്രാർഥനയായിരുന്നു.കുത്തിയൊഴുകുന്ന ഗംഗാവാലി നദിക്കുമുന്നിൽ ശ്രമങ്ങൾ പരാജയപ്പെട്ട്, ഒടുവിൽ താത്‌കാലികമായി തിരച്ചിൽ നിർത്തുന്നെന്ന, എല്ലാവരെയും നിരാശപ്പെടുത്തുന്ന തീരുമാനമാണ് ഞായറാഴ്ചയുണ്ടായത്.

ജൂലായ് 16- കർണാടകയിലെ ബൽഗാമിൽ നിന്ന് അക്കേഷ്യ മരവുമായി എത്തിയ അർജുന്റെ ലോറി ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽപ്പെടുന്നു.
ജൂലായ് 17- അർജുനെ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കാണാതായെന്ന് ഭാര്യ കൃഷ്ണപ്രിയ ചേവായൂർ പോലീസ് സറ്റേഷനിൽ പരാതി നൽകി. കടയുടമയടക്കം 10പേർ ദുരന്തത്തിൽപ്പെട്ടതായി സ്ഥിരീകരണം.
ജൂലായ് 18- മണ്ണുനീക്കൽ ചെറിയ രീതിയിൽ നടന്നു. കാര്യമായ തിരച്ചിൽ നടന്നില്ല .
ജൂലായ് 19- അർജുന്റെ കുടുംബം മാധ്യമങ്ങൾക്കു മുന്നിൽ. സംഭവം ചർച്ചയായതോടെ തിരച്ചിൽ ഉർജ്ജിതമാക്കുന്നു.
ജൂലായ് 20- സൂറത്ത്കല്‍ എൻ.ഐ.ടി.യിലെ സംഘം റഡാർ പരിശോധന നടത്തുന്നു. റോഡിലെ പാറയും മണ്ണും ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ നീക്കുന്നു.
ജൂലായ് 21- കുടുംബത്തിന്റെ ആവശ്യപ്രകാരം കരസേനയെത്തുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. റോഡിൽ ലോറിയില്ല, പുഴയിലാവാം എന്ന് കർണാടക റവന്യൂമന്ത്രിയടെ സ്ഥിരീകരണം.
ജൂലായ് 22- കരയിലെ മണ്ണ് നീക്കലിനൊപ്പം പുഴയിലും തിരച്ചിൽ ആരംഭിച്ചു .
ജൂലായ് 23- പുഴയിൽനിന്ന്‌ സന്ന ഹനുമന്തപ്പ എന്ന 65-കാരിയുടെ മൃതദേഹം ലഭിച്ചു. കരയിൽ നിന്ന് 40 മീറ്റർ അകലെ ലോറിയുടേതെന്ന് കരുതുന്ന സിഗ്നൽ ലഭിക്കുന്നു. അടിയൊഴുക്ക് കാരണം പുഴയിൽ ഇറങ്ങാൻ കഴിയാതെ നാവികസേനയുടെ സ്‌കൂബാ ടീം.
ജൂലായ് 24- ലോങ് ബൂം എസ്‌കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കുന്നു. കരയിൽ നിന്ന് 20 മീറ്റർ അകലെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയതായി റവന്യു മന്ത്രി.
ജൂലായ് 25- റിട്ട. മേജർ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം ഡ്രോൺ ഉപയോഗിച്ച് പുഴയിൽ പരിശോധന ആരംഭിക്കുന്നു. 60 മീറ്റർ അകലെയായി ലോറിയുടെ സിഗ്നൽ ലഭിക്കുന്നു. നാലിടങ്ങളിൽ ലോഹസാന്നിധ്യം കാണിക്കുന്ന സിഗ്നൽ ലഭിച്ചു.
ജൂലായ് 26- കുത്തിഒഴുകുന്ന ഗംഗാവാലിയിലെ തിരച്ചിൽ അസാധ്യമായതോടെ ഗോവയിൽ നിന്ന് നാവിക സേനയുടെ പോന്റൂൺ കൊണ്ടുവരാൻ തീരുമാനിക്കുന്നു.
ജൂലായ് 27- ലോറി കരയിൽ നിന്ന് 132 മീറ്റർ അകലെയാണെന്ന് ഡ്രോൺ പരിശോധനയിൽ വ്യക്തമാവുന്നു. കുന്ദാപുരത്ത് നിന്നുള്ള ഈശ്വർമാൽപ്പേയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളെത്തി. എട്ടുതവണ മുങ്ങിയെങ്കിലും പരാജയപ്പെട്ടു.
ജൂലായ് 28 -ഈശ്വർ മാൽപ്പേയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ വീണ്ടും ഗംഗാവാലി നദിയിൽ. പാറക്കല്ലുകളും മരവും ചളിയുമല്ലാതെ മറ്റൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ മൂന്നരയോടെ തിരച്ചിൽ താത്‌കാലികമായി നിർത്തിയതായി കളക്ടറും കാർവാർ എം.എൽ.എയും അറിയിക്കുന്നു. രക്ഷാപ്രവർത്തകർ മടങ്ങുന്നു.

മണ്ണിടിച്ചിലിൽപ്പെട്ട മലയാളി കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ നിർത്തിയത് തത്‌കാലത്തേക്ക്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽനിന്ന് റോഡുമാർഗം ബാർജ് എത്തിച്ചശേഷം തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിന് നാലുദിവസമെങ്കിലുമെടുക്കും. അത് ഫലപ്രദമാണോ എന്ന കാര്യത്തിലും വിദഗ്ധർ സംശയമുന്നയിച്ചിട്ടുണ്ട്.
അതേസമയം, തിരച്ചിൽ പൂർണമായി നിർത്തുന്നില്ലെന്നും ഗംഗാവലിനദി ശാന്തമായാൽ വീണ്ടും തുടങ്ങുമെന്നും കാർവാർ എം.എൽ.എ. സതീശ് വേലും പറഞ്ഞു. ഇതോടെ കുന്ദാപുരത്തുനിന്നെത്തിയ മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികൾ മടങ്ങി.എൻ.ഡി.ആർ.എഫും കര-നാവിക സേനകളും സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കയാണ്. തിരച്ചിൽ തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.

ഷിരൂരിൽ അർജുനുവേണ്ടി തിരച്ചിൽ നടത്താൻ തൃശ്ശൂരിൽനിന്ന് ഡ്രഡ്ജർ കൊണ്ടുവരാൻ കേരളം താത്‌പര്യമറിയിച്ചു. കാർഷിക സർവകലാശാലയുടെ ഓട്ടോ ഡ്രഡ്ജ് ക്രാഫ്റ്റ് കൊണ്ടുവരാൻ തയ്യാറാണെന്നാണ് എം. വിജിൻ എം.എൽ.എ. പറഞ്ഞത്.ഇതിന് ഉത്തര കന്നഡ കളക്ടർ അനുമതി നൽകിയിട്ടില്ല. കുത്തൊഴുക്കിൽ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിച്ചശേഷം കൊണ്ടുവന്നാൽ മതിയെന്ന നിലപാടിലാണവർ.കൊച്ചി കായലിൽ ഉപയോഗിക്കുന്ന ജങ്കാർ ഒഴുക്ക് തടയാൻ അനുയോജ്യമാണെന്നാണ് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ പറയുന്നത്. എസ്.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ സ്ഥലത്ത് നിരീക്ഷണം തുടരുമെന്ന് കാർവാർ എം.എൽ.എ. സതീശ്‌ സെയിൽ വ്യക്തമാക്കി.

അർജുനില്ലാതെ ഇനി ഞാനെങ്ങനെ നാട്ടിലേക്ക് മടങ്ങും. അവനില്ലാതെ ആ കുടുംബത്തിന്റെ മുഖത്ത് ഞാനിനി എങ്ങനെ നോക്കും. കർണാടകയുടെ സംവിധാനങ്ങളെ വിശ്വസിച്ചാണ് ഇത്രയുംദിവസം ഒന്നുംപ്രതികരിക്കാതെ തുടർന്നത്. നാല്പതുദിവസംകൊണ്ടും കണ്ടെത്തുമെന്ന് തോന്നുന്നില്ല. താത്‌കാലികമായല്ല, സ്ഥിരമായി നിർത്തുകയാണോ എന്ന് സംശയമുണ്ട്. പ്രതികൂലസാഹചര്യം മനസ്സിലാക്കുന്നു. പക്ഷേ, യന്ത്രങ്ങൾ ഉപയോഗിച്ച് നോക്കണ്ടേ -സഹോദരീഭർത്താവ് ജിതിൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments