ആലപ്പുഴ : കപ്പൽ ജീവനക്കാരനായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടതോടെ ആശങ്കയിൽ കഴിയുകയാണ് പുന്നപ്രയിലെ വിഷ്ണുവിൻ്റെ കുടുംബം. പുന്നപ്ര സ്വദേശിയായ 25 കാരനായ വിഷ്ണു ബാബുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായത്. മകനെ കാണാതായത് എങ്ങനെയെന്ന് വ്യക്തത ഇല്ലെന്നു വിഷ്ണുവിന്റെ അച്ഛൻ പ്രതികരിച്ചു.
ചെന്നൈ ആസ്ഥാനമായ ഡെൻസായ് മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയിലെ എസ്എസ്ഐ റസല്യൂട്ട് എന്ന ചരക്ക് കപ്പലിലെ ട്രൈനി വൈപ്പറാണ് വിഷ്ണു. അതേസമയം, വിഷ്ണു കടലിൽ വീണെന്ന നിഗമനത്തിൽ തെരച്ചിൽ നടക്കുകയാണെന്നാണ് കപ്പൽ കമ്പനി കുടുംബത്തെ അറിയിച്ചിരിക്കുന്നത്. കാണാതായി അഞ്ചുനാൾ പിന്നിടുമ്പോഴും മകനെക്കുറിച്ചുള്ള വിവരം ലഭിക്കാത്ത ആശങ്കയിലാണ് കുടുംബം.