തൃശ്ശൂർ: എഴുത്തുകാരനും ശ്രീനാരായണപ്രസ്ഥാനങ്ങളുടെ അമരക്കാരനും മാനസികരോഗ വിദഗ്ധനുമായ തൃശ്ശൂർ ശങ്കരയ്യ റോഡിൽ പണ്ടാരപ്പറമ്പിൽ ഡോ. പി.കെ. സുകുമാരൻ(82) അന്തരിച്ചു.
2022-ൽ സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. യുക്തിവിചാരം മാസികയുടെ പത്രാധിപരായിരുന്നു. ഈഴവ മഹാസഭ ഉപദേശകൻ, എസ്.എൻ. വിദ്യാഭവൻ ഡയറക്ടർ, ശ്രീനാരായണ ഗ്ലോബൽ മിഷൻ ജോയിന്റ് സെക്രട്ടറി തുടങ്ങി നിരവധി പദവികൾ വഹിച്ചു.
തൃശ്ശൂർ മാനസികാരോഗ്യകേന്ദ്രത്തിലെ സീനിയർ സൈക്യാട്രിസ്റ്റായിരുന്ന അദ്ദേഹം ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. 17 പുസ്തകങ്ങളെഴുതിയിട്ടുണ്ട്. യുക്തിവാദം, ദാർശനികം, മനഃശാസ്ത്രം, സാമൂഹികപ്രശ്നങ്ങൾ എന്നിവയിൽ നിരവധി ലേഖനങ്ങൾ എഴുതി.
ബഹുജനസമാജം സ്ഥാപക പ്രസിഡന്റായിരുന്നു. തൃശ്ശൂർ സൈക്യാട്രിക് ഗിൽഡ് പ്രസിഡന്റായും പ്രവർത്തിച്ചു. സൗത്ത് ഇന്ത്യൻ സൈക്യാട്രിക് അസോസിയേഷൻ, ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകളിൽ പ്രവർത്തിച്ചിരുന്നു.
അംബേദ്കർ അവാർഡ്, വൈജ്ഞാനികരംഗത്തെ നല്ല പുസ്തകത്തിനുള്ള ദേശീയ പുരസ്താരം, സർഗസ്വരം വൈജ്ഞാനിക സാഹിത്യ അവാർഡ്, കൽപ്പറ്റ ബാലകൃഷ്ണൻ സ്മൃതി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും നേടി. മനുസ്മൃതി കത്തിക്കണോ, മതവും ശാസ്ത്രവും, ജോത്സ്യവും മന്ത്രവാദവും, ശ്രീനാരായണദർശനവും ആധുനികകേരളവും തുടങ്ങിയവയാണ് പ്രധാന കൃതികൾ.
പി.സി. കൃഷ്ണൻകുട്ടിയുടെയും കെ.ആർ. ഭാനുമതിയുടെയും മകനായി 1943-ൽ ജനിച്ച സുകുമാരൻ കോഴിക്കോട് മെഡിക്കൽകോളേജിൽനിന്നാണ് എം.ബി.ബി.എസ്. പൂർത്തിയാക്കിയത്.
റാഞ്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽനിന്ന് ഡി.പി.എം. ബിരുദവും നേടി.
ഭാര്യ: കെ.സി. രത്നവല്ലി.
മക്കൾ: ഡോ. സന്തോഷ് (മാനസികാരോഗ്യകേന്ദ്രം, തൃശ്ശൂർ), ഡോ. സജീഷ്, (യു.കെ.).
മരുമക്കൾ: ഡോ. ഇന്ദു (ഗൈനക്കോളജിസ്റ്റ്, അശ്വിനി ആശുപത്രി, തൃശ്ശൂർ) ഡോ. റോഷി (യു.കെ.). മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിന് കൈമാറും.