കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ പൊട്ടിത്തെറിച്ച സ്ഥാനാർഥി കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കം കെ.പി.സി.സി തുടങ്ങി.കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ നേതൃത്വത്തിൽ മുരളീധരനുമായി കൂടിക്കാഴ്ച നടത്തും. പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാൻ തയാറാണെന്ന് കെ.പി.സി.സി അറിയിച്ചതായി കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
മുരളീധരൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും താനടക്കം മുതിർന്ന നേതാക്കൾ മുരളീധരനെ കാണുമെന്നും സുധാകരൻ വ്യക്തമാക്കി.കെ. മുരളീധരൻ കോൺഗ്രസ് പാർട്ടിയുടെ എല്ലാമെല്ലാമാണ്. എല്ലാവരും ഒറ്റക്കെട്ടായി മുരളിക്കൊപ്പം നിൽക്കും. എന്തുവിലകൊടുത്തും മുരളീധരനെ പാർട്ടിയിൽ സജീവമായി നിലനിർത്തും.ഏറെ ബഹുമാനത്തോടെ കാണുന്ന കെ. കരുണാകരന്‍റെ മകനെ മറക്കാനോ ത്യജിക്കാനോ സാധിക്കില്ലെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.
ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയാണ് തൃശൂരിൽ നിന്ന് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി രണ്ടാം സ്ഥാനത്തെത്തിയപ്പോൽ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.