തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ മദ്യപന്‍റെ പരാക്രമം. തിരുവനന്തപുരം വെങ്ങാനൂരില്‍ നിന്നും കിഴക്കേകോട്ടയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. തിരുവനന്തപുരം കെഎസ്ആര്‍ടിസി സിറ്റി ബസില്‍ കയറി ആള്‍ യാത്രക്കാരോട അപമര്യാദയായി പെരുമാറുകയായിരുന്നു.
ബസില്‍ നില്‍ക്കാൻ പോലും കഴിയാതെ പലതവണ ഇയാള്‍ സ്ത്രീകള്‍ ഇരിക്കുന്ന സീറ്റില്‍ ഇരുന്നുവെന്നും സ്ത്രീകളോട് ഉള്‍പ്പെടെ മോശമായി പെരുമാറിയെന്നും യാത്രക്കാര്‍ പറഞ്ഞു. ബസിലെ യാത്രക്കാര്‍ ചിത്രീകരിച്ച ദൃശ്യങ്ങളും പുറത്തുവന്നു. ബസില്‍ ഇയാള്‍ ബഹളമുണ്ടാക്കിയതിനെതുടര്‍ന്ന് ബസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ഇറങ്ങിപോകാൻ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കൂട്ടാക്കിയില്ല. ബസിലുണ്ടായിരുന്ന സ്ത്രീ യാത്രക്കാരോട് കയര്‍ക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് കണ്ടക്ടറെത്തി ഇയാളെ പുറത്തിറക്കുകയായിരുന്നു. മദ്യപിച്ച് ലക്ക്കെട്ട അവസ്ഥയിലായിരുന്നു ഇയാളെന്നും യാത്രക്കാര്‍ പറഞ്ഞു.