ആലപ്പുഴ –ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി.
കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ സ്നേഹോപഹാരം വിനോദ് രാജ് നല്‍കി.
‘നീലപൊന്‍മാന്‍’ എന്ന പേരില്‍ മുത്തശ്ശന്‍ കുഞ്ചാക്കോ 1975-ല്‍ സിനിമ നിര്‍മിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഇത്തവണത്തെ ഭാഗ്യചിഹ്നം നീലപൊന്‍മാന്‍ ആയത് ഇരട്ടി സന്തോഷം നല്‍കുന്നതാണെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ആലപ്പുഴക്കാരന്‍ എന്ന നിലയില്‍ വള്ളംകളിയുടെ ഭാഗ്യചിഹ്ന പ്രകാശനത്തിന് പങ്കുകൊള്ളാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്. തന്റെ സിനിമ ജീവിതത്തില്‍ ആലപ്പുഴ വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ചിത്രീകരണത്തിലെ കുട്ടനാടന്‍ മുഹൂര്‍ത്തങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തു.
ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സമീര്‍ കിഷന്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റി കണ്‍വീനര്‍ എം.സി. സജീവ് കുമാര്‍, ്അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന്‍, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എ. കബീര്‍, കെ. നാസര്‍, എബി തോമസ്, റോയ് പാലത്ര, രമേശന്‍ ചെമ്മാപറമ്പില്‍, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത്ത്, എസ്.എ. അബ്ദുള്‍ സലാം ലബ്ബ, ഹരികുമാര്‍ വാലേത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
മത്സര വിജയി ആദ്യമായി വനിത
ഇത്തവണത്തെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീല പൊന്മാനെ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ്. ഗ്രാഫിക് ഡിസൈനറാണ് ബിജിമോള്‍. മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് അധ്യാപകരായ വി. ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യ ചിഹ്നം തിരഞ്ഞെടുത്തത്.