കോട്ടയ്ക്കൽ. അമ്മയുടെ തൊണ്ണൂറാം പിറന്നാളിന് (നവതി) സമ്മാനമായി എന്തുനൽകണം? 3 വർഷം മുൻപ്, വാർഡ് കൗൺസിലർ കൂടിയായ മകൾ ഉള്ളാട്ടിൽ രാഗിണി കൂടുതലൊന്നും ആലോചിച്ചില്ല.10 ലക്ഷം രൂപയ്ക്കു തോക്കാംപാറയിൽ 5 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി നഗരസഭയ്ക്കു കൈമാറി. ഋതുക്കൾ കടന്നുപോയി. ആ സ്ഥലത്ത് സ്മാർട് അങ്കണവാടി നിർമിക്കുന്നതിനായി മന്ത്രി വി.അബ്ദുറഹിമാൻ നാളെ ശിലയിടുകയാണ്. എന്നാൽ, ചടങ്ങ് കാണാൻ മീനാക്ഷിക്കുട്ടി അമ്മയില്ല. 2 വർഷം മുൻപ് അവർ ജീവിതയാത്ര നിർത്തിപ്പോയി.
കളിക്കൂട്ടുകാരെ പോലെ ആയിരുന്നു അമ്മയും മകളും. പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾ അലട്ടിയതിനാൽ തിരക്കുകൾക്കിടയിലും രാഗിണി വിട്ടുപിരിയാതെ അമ്മയുടെ അടുത്തുണ്ടായിരുന്നു. നവതി ആഘോഷിക്കുന്ന കാര്യം ചർച്ചചെയ്തപ്പോൾ സ്ഥലം വാങ്ങി നഗരസഭയ്ക്കു നൽകുന്നതിനോട് അമ്മയ്ക്കും സഹോദരൻമാർക്കുമെല്ലാം പൂർണ സമ്മതം. അന്നു നഗരസഭാധ്യക്ഷയായിരുന്ന ബുഷ്റ ഷബീറും സെക്രട്ടറിയായിരുന്ന ആർ.കുമാറുമാണ് രേഖകൾ ഏറ്റുവാങ്ങിയത്.
അവിടെ അങ്കണവാടി കൊണ്ടു വരാനായിരുന്നു രാഗിണിയുടെ പിന്നീടുള്ള ശ്രമം. നിലവിലുള്ള വാടക
കെട്ടിടം ഏറെ ശോച്യാവസ്ഥയിലാണ്. ആധുനിക സൗകര്യങ്ങളോടെയുള്ള അങ്കണവാടി നിർമിക്കണമെങ്കിൽ ചെലവ് കൂടും. നഗരസഭാ ഫണ്ട് മാത്രം മതിയാകില്ല.
പലവിധത്തിൽ സമ്മർദം ചെലുത്തിയതിനെത്തുടർന്ന് 17 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. നഗരസഭാ ഫണ്ടായ 10 ലക്ഷം രൂപയും ചേർത്ത് 27 ലക്ഷം രൂപയ്ക്കാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. വിശാലമായ ഹാൾ, കളിസ്ഥലം, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്.6 മാസത്തിനകം പണി പൂർത്തീകരിക്കാനാണ് തീരുമാനം. ഇതൊന്നും കാണാൻ കൂടെ അമ്മയില്ല എന്നതിലാണ് രാഗിണിയുടെ വിഷമം. ഭർത്താവിന്റെ അകാല വിയോഗത്തോടെ രാഗിണി ജീവകാരുണ്യരംഗത്ത് സജീവമാവുകയായിരുന്നു. സൊലെസ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയാണ്. ഇടതുസ്വതന്ത ആയാണ് തോക്കാംപാറ
വാർഡിൽ നിന്നു വിജയിച്ചത്. നാളെ വൈകിട്ട് 4ന് “മീനാക്ഷിക്കുട്ടി അമ്മ സ്മാരക” അങ്കണവാടിയുടെ ശിലാസ്ഥാപന ചടങ്ങിൽ നഗരസഭാധ്യക്ഷ ഡോ.കെ.ഹനീഷ അധ്യക്ഷത വഹിക്കും.
– – – – – – – – – – – – – –