ഓൺലൈൻ നെറ്റ്‌വർക് മാർക്കറ്റിങ് കമ്പനിയായ ‘ഹൈറിച്ചിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതർ റെയ്ഡിനെത്തുന്നതിനു തൊട്ടുമുൻപ് ഉടമകൾ സ്ഥലംവിട്ടു.തൃശൂർ ചേർപ്പ് സ്വദേശികളായ കമ്പനിയുടെ എംഡി കെ.ഡി. പ്രതാപൻ, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന പ്രതാപൻ, ഡ്രൈവർ ശരൺ എന്നിവരാണ് സ്ഥലത്ത് നിന്ന് പോയത്. ഇന്നു രാവിലെ 10.30ഓടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനകൾക്കായി തൃശൂരിലെ ഇവരുടെ വീട്ടിലെത്തിയത്.
അതേസമയം, റെയ്ഡ് വിവരം ചോർന്നുകിട്ടിയതിനെ തുടർന്നാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥർ വീട്ടിലെത്തുന്നതിനു തൊട്ടുമുൻപാണ് ഇവർ വാഹനത്തിൽ കടന്നുകളഞ്ഞത്. മൂവരെയും കണ്ടെത്താൻ ഇ.ഡി ഉദ്യോഗസ്ഥർ പൊലീസിന്റെ സഹായം തേടി. അതേസമയം, ഉടമസ്ഥർ വീട്ടിൽനിന്ന് മുങ്ങിയെങ്കിലും ഇവിടെ ഇ.ഡിയുടെ പരിശോധന തുടരുകയാണ്. ഇവരെ ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ പലവഴിക്കും ശ്രമിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.
പ്രതികള്‍ താമസിച്ചിരുന്നത് കെ ഡി പ്രതാപന്‍റെ പിതാവിന്‍റെ പേരില്‍ വാടകക്കെടുത്ത കണിമംഗലത്തെ വീട്ടിലാണ്. വാടക വീടുകളെല്ലാം പിതാവിന്‍റെ വിലാസത്തിലാണ് എടുക്കാറുള്ളതെന്നാണ് ഇഡി ഉദ്യോഗസ്ഥർ പറയുന്നത്. ഇത് അന്വേഷണ സംഘങ്ങളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടാണെന്നും ഇഡി സംശയിക്കുന്നു.
മൂവായിരം പേരിൽ നിന്നും 5 ലക്ഷം രൂപ വീതം വാങ്ങി സ്വരൂപിച്ച 150 കോടി രൂപയുടെ ഇടപാടുകളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ഇതിൽ 100 കോടി രൂപയാണ് ഹവാല ഇടപാടുകൾ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് പരാതി.