കോഴിക്കോട്: അറിവിന്റെ ബാല്യപാഠങ്ങൾ പഠിക്കാം, ഇടയ്ക്ക് പാട്ട് കേട്ട് നൃത്തം ചെയ്യാം. പൂന്തോട്ടങ്ങളിൽ ചെന്നിരുന്ന് പൂക്കളോടും പൂമ്പാറ്റകളോടും കഥ പറയാം. ജില്ലയിൽ മുഖം മിനുക്കി സ്മാർട്ടായത് ആറ് അങ്കണവാടികൾ. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ് വനിതാ ശിശു വികസന വകുപ്പ് മുഖേനേ സ്മാർട്ട് അങ്കണവാടി പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 12 സ്മാർട്ട് അങ്കണവാടികൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ ആറെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയാകുകയും മൂന്നെണ്ണത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞു. മറ്റുള്ള അങ്കണവാടികളുടെ പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്. വെെദ്യുതി കണക്ഷൻ, നിലം ടെെൽ വിരിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് ഓരോ അങ്കണവാടിയിലും ബാക്കിയുള്ളത്. ഇവയുടെ പ്രവൃത്തിയും ഉടൻ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന തരത്തിലാണ് സ്മാർട്ട് അങ്കണവാടികളുടെ നിർമ്മാണം. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഭാഗമായ ചൈൽഡ് ഡെവലപ്മെന്റ് സെന്റർ നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണ് സ്മാർട്ട് അങ്കണവാടികൾ നിർമ്മിക്കാൻ 2019 ൽ സർക്കാർ തീരുമാനമെടുത്തത്.
ലഭ്യമാവുന്ന സ്ഥലത്തിന്റെ സ്വഭാവം പരിഗണിച്ചാണ് കെട്ടിടത്തിന്റെ വിസ്തീർണവും മറ്റു സൗകര്യങ്ങളും തീരുമാനിക്കുന്നത്. ഒന്നേകാൽ സെന്റ് മുതൽ 10 സെന്റ് വരെയുള്ള വസ്തുവിലാണ് സ്മാർട്ട് അങ്കണവാടികൾ നിർമിക്കുന്നത്. വനിതാ ശിശു വികസന വകുപ്പ് നൽകുന്ന തുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ചേർത്താണ് നിർമാണം. തദ്ദേശ ഭരണ എൻജിനീറിംഗ് വിഭാഗത്തിനാണ് നിർമാണത്തിന്റെ മേൽനോട്ട ചുമതല.