Thursday, December 26, 2024
HomeKeralaകേരള മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ടത്.

കേരള മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ടത്.

കേരള മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ടത്.
നിയമസഭാ സമ്മേളനം 25 മുതല്‍.

പതിനഞ്ചാം കേരള നിയമസഭയുടെ 10 -ാം സമ്മേളനം ജനുവരി 25 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

കുസാറ്റ് ദുരന്തം; മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം.

കൊച്ചിന്‍ യൂണിവേഴ്സിറ്റി ക്യാംപസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ നാല് പേരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയല്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

റിപ്പബ്ലിക് ദിനാഘോഷം; ഗവര്‍ണറും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും.

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്ത് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത് ഗവർണ്ണറോടൊപ്പം മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും.

ജില്ലാ ആസ്ഥാനങ്ങളിൽ,

കൊല്ലം – കെ. ബി. ഗണേഷ്‌ കുമാർ

പത്തനംതിട്ട – വീണ ജോർജ്

ആലപ്പുഴ – പി. പ്രസാദ്

കോട്ടയം – വി. എൻ. വാസവൻ

ഇടുക്കി – റോഷി അഗസ്റ്റിൻ

എറണാകുളം – കെ. രാജൻ

തൃശ്ശൂർ – കെ. രാധാകൃഷ്‌ണൻ

പാലക്കാട് – കെ. കൃഷ്‌ണൻകുട്ടി

മലപ്പുറം – ജി. ആർ. അനിൽ

കോഴിക്കോട് – പി. എ. മുഹമ്മദ് റിയാസ്

വയനാട് – എ. കെ. ശശീന്ദ്രൻ

കണ്ണൂർ – രാമചന്ദ്രൻ കടന്നപ്പള്ളി

കാസര്‍കോട് – വി. അബ്‌ദുറഹ്മാൻ എന്നിവര്‍ അഭിവാദ്യം സ്വീകരിക്കും.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 28 സയന്‍റിഫിക് ഓഫീസര്‍ തസ്തിക.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 28 സയന്‍റിഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചു. ബയോളജി – 12, ഡോക്കുമെന്‍സ് – 10, കെസ്മിട്രി – 6 എന്നിങ്ങനെയാണ് തസ്തികകള്‍. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും സമയബന്ധിതമായി ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനുമാണ് തസ്തികകള്‍ സൃഷ്ടിച്ചത്.

കേരള കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവര്‍ദ്ധിത ശൃംഖല നവീകരണ പദ്ധതി നടപ്പാക്കും.

ലോക ബാങ്ക് ധനസഹായത്തോടെ കേരള കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവര്‍ദ്ധിത ശൃംഖല നവീകരണ പദ്ധതി (KERA) നടപ്പാക്കാന്‍ അനുമതി നല്‍കി. 285 ദശലക്ഷം യു എസ് ഡോളറാണ് മൊത്തം പദ്ധതി അടങ്കല്‍. 709.65 കോടി രൂപ സംസ്ഥാന വിഹിതവും 1655.85 കോടി രൂപ ലോക ബാങ്ക് വിഹിതവുമാണ്.

ചെറുകിട കര്‍ഷകര്‍ക്കും കാര്‍ഷികാധിഷ്ഠിത എം എസ് എം ഇകള്‍ക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികള്‍ അവലംബിച്ച് കൃഷിയിലും അനുബന്ധ മേഖലയിലും നിക്ഷേപം നടത്താന്‍ സഹായിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

2024-25 മുതല്‍ 2028-29 വരെ സാമ്പത്തിക വര്‍ഷങ്ങളിലേക്ക് ആവശ്യമായ തുക സംസ്ഥാന പദ്ധതി വിഹിതത്തില്‍ വകയിരുത്തിയാണ് 709.65 കോടി രൂപ സംസ്ഥാന വിഹിതമായി അനുവദിക്കുന്നത്.

കൃഷിയിലെ കാലാവസ്ഥാ പ്രതിരോധവും ലഘൂകരണവും, പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി മൂല്യവർദ്ധനയ്ക്കായി ചെറുകിട ഉടമകളുടെ വാണിജ്യവത്ക്കരണം വർദ്ധിപ്പിക്കല്‍, ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന്‍, ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, അഗ്രി ബിസിനസ്സ്, അഗ്രി സ്റ്റാർട്ടപ്പുകൾ, ഭക്ഷ്യ-കാർഷിക ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവയുടെ ശാക്തീകരണം, പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റ്, കണ്ടിൻജൻ്റ് എമർജൻസി റെസ്പോൺസ് (സി.ഇ.ആർ.സി) കാലാവസ്ഥാ ധനസഹായം എന്നിവയാണ് പദ്ധതിയുടെ ഘടകങ്ങള്‍.

എയ്റോസ്പെയ്സ് കണ്‍ട്രോള്‍ സിസ്റ്റംസ് സെന്‍ററിന് സ്ഥലം ലഭ്യമാക്കാന്‍ തുക അനുവദിക്കും.

എയ്റോസ്പെയ്സ് കണ്‍ട്രോള്‍ സിസ്റ്റംസ് സെന്‍ററിന് സ്ഥലം ലഭ്യമാക്കാന്‍ തുക അനുവദിക്കും. സംസ്ഥാനത്ത് ഐ ടി കോറിഡോര്‍ / സാറ്റലൈറ്റ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് നീക്കിവെച്ച 1000 കോടി രൂപയില്‍ നിന്നാണ് തുക അനുവദിക്കുക. വേളി/ തുമ്പയില്‍ വി എസ് സിക്ക് അടുത്തുള്ള 60 ഏക്കര്‍ സ്ഥലം ലഭ്യമാക്കുന്നതിനാണ് തുക കണ്ടെത്തുന്നത്.

അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍ പദ്ധതി – കമ്മിറ്റികള്‍ രൂപീകരിച്ചു.

സംസ്ഥാനത്ത് നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍ നടപ്പാക്കുന്ന ഇ – ഗവേര്‍ണന്‍സ് സേവനം പൈലറ്റ് അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചു. ഇതിനായി സംസ്ഥാന എക്സിക്യൂട്ടീവ്, ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റികള്‍ക്കും, സ്റ്റേറ്റ് പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റിനും അംഗീകാരം നല്‍കി.

അംഗീകാരം.

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നതിന് ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

സാധൂകരിച്ചു.

വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ 2016 ജനുവരി ഒന്ന് പ്രാബല്യത്തില്‍ പരിഷ്കരിച്ച നടപടി സാധൂകരിച്ചു.

യു വി ജോസ് ശുചിത്വമിഷന്‍ ഡയറക്ടർ.

ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി റിട്ട. ഐ എ എസ് ഉദ്യോഗസ്ഥന്‍ യു വി ജോസിനെ നിയമിക്കും.

ഇന്‍ക്രിമെന്‍റ് അനുവദിച്ചു.

ധ്യാന്‍ ചന്ദ് പുരസ്ക്കാരം നേടിയ ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി കെ സി ലേഖയ്ക്ക് രണ്ട് അഡ്വാന്‍സ് ഇന്‍ക്രിമെന്‍റുകള്‍ അനുവദിച്ചു.

പാട്ടത്തിന് അനുവദിക്കും.

പത്തനംതിട്ട അടൂര്‍ ഏറത്ത് വില്ലേജില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി നെടുംകുന്നുമല ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് കമ്പോള വിലയുടെ രണ്ട് ശതമാനം തുക വാര്‍ഷിക പാട്ടം ഈടാക്കി പത്തനംതിട്ട ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം ചെറുവക്കല്‍ വില്ലേജില്‍ ഒരേക്കര്‍ ഭൂമി കേരള സംസ്ഥാന റിമോര്‍ട്ട് സെന്‍സിങ്ങ് ആന്‍റ് എന്‍വയോണ്‍മെന്‍റ് സെന്‍ററിന് കെട്ടിടവും ക്യാംപസും നിര്‍മ്മിക്കുന്നതിന് പാട്ടത്തിന് അനുവദിക്കാന്‍ തീരുമാനിച്ചു.

സര്‍ക്കാര്‍ ഗ്യാരണ്ടി.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പറേഷന് 200 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കാന്‍ തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments