കോഴിക്കോട്; നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുന്ന മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ വീതികൂട്ടൽ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വീതി കൂട്ടലിന്റെ ഭാഗമായി നടക്കുന്ന കെട്ടിടം പൊളിക്കൽ പ്രവൃത്തികൾ പൂളക്കടവിൽ സന്ദർശിച്ചു വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പലതവണ മുടങ്ങി എന്ന് കരുതിയ പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നത്. റോഡ് വീതി കൂട്ടലിന്റെ മുന്നോടിയായി ഭൂമി ഏറ്റെടുക്കൽ 95 ശതമാനത്തിലധികം പൂർത്തീകരിച്ചു. ഇനി ഉടൻ ടെൻഡർ നടപടിയിലേക്ക് കടക്കും. ചെറിയ ചില നിയമ, സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിക്കാനുണ്ട്. അത് ഉടൻ തീർപ്പാക്കി റോഡ് പണി ആരംഭിക്കും. റോഡ് പണി ആരംഭിച്ചാൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാനുള്ള ഷെഡ്യൂൾ തയ്യാറാക്കും. 8.5 കിലോമീറ്റർ റോഡ് പണി പൂർത്തീകരിക്കാനുള്ള സമയം എത്രയാണോ ആ നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തീകരിക്കും.
എരഞ്ഞിപ്പാലത്തെ ഒരു ഫ്ലൈ ഓവറിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. കോഴിക്കോട് നഗരത്തെ കനാൽ സിറ്റി ആക്കി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചില സാങ്കേതിക പ്രശ്നങ്ങളാണ് ഇവിടെ പരിഹരിക്കാൻ ഉള്ളത്. ഈ ഫ്ലൈ ഓവറിന്റെ വിശദ പദ്ധതിരേഖ തയ്യാറാക്കി കഴിഞ്ഞു. കോഴിക്കോട് നഗരത്തിന്റെ മാത്രമല്ല മലബാറിന്റെ ആകെ വികസനത്തിന് മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡിന്റെ നവീകരണം ആക്കംകൂട്ടും.
2016ൽ എൽഡിഎഫ് സർക്കാർ ഈ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചില ആശ്വാസ പദ്ധതികൾ കൊണ്ടുവന്നു. ഇതുമായി ബന്ധപ്പെട്ട് പല തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. അവയെല്ലാം പരിഹരിച്ചു. വ്യാപാരികളും പൊതു ജനങ്ങളും ഇക്കാര്യത്തിൽ വലിയ സഹകരണമാണ് നൽകിയത്. റോഡ് നവീകരണത്തിന് 131 കോടി രൂപയുടെ ഭരണാനുമതി 2023 ഒക്ടോബർ 10 ന് ലഭ്യമായി. 8.5 കിലോമീറ്റർ റോഡ് ആണിത്. 24 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു.
ഈ സർക്കാർ വന്നശേഷം റോഡിന്റെ വികസനം സംബന്ധിച്ച് എല്ലാ മാസവും യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. 7.4 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. 344 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ ചെലവഴിച്ചു. നാലുവരിയിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ മോഡൽ റോഡ് ആയാണ് മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസിപ്പിക്കുക. റോഡിന്റെ പണി പൂർത്തിയാകുന്നതോടെ കോഴിക്കോടിന്റെ മാത്രമല്ല മലബാറിന്റെ തന്നെ മുഖച്ഛായ മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.