ചണ്ഡീഗഢ് : ഹരിയാന മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം സ്ഥാനമേറ്റെടുത്ത നായബ് സിങ് സൈനി വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് വിശ്വാസപ്രമേയം പാസായത്. ബിജെപി- ജെജെപി സഖ്യം പിളർന്നതോടെ മുഖ്യമന്ത്രിയായിരുന്ന മനോഹർലാൽ ഖട്ടാർ രാജിവച്ചതിന് പിന്നാലെ
ഇന്നലെ വൈകിട്ടാണ് നായബ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കുരുക്ഷേത്രയിൽ നിന്നുള്ള എംപിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ നായബ്.
വിശ്വാസ വോട്ടെടുപ്പിന് മുമ്പായി പത്ത് ജെജെപി എംഎൽഎമാരിൽ അഞ്ചുപേർ സഭയിൽനിന്ന് ഇറങ്ങിപ്പോയി. 90 സീറ്റുകളുള്ള ഹരിയാണ നിയമസഭയിൽ 41 സീറ്റുകളാണ് ബിജെപിക്കുള്ളത്. സ്വതന്ത്രന്മാരുടേയും ഹരിയാണ ലോക്ഹിത് പാർട്ടിയുടെ (എച്ച്എൽപി) ഒരു എംഎൽഎയുടേയും പിന്തുണയോടെയാണ് ബിജെപി ഇപ്പോൾ അധികാരം നിലനിർത്തിയിരിക്കുന്നത്. 46 സീറ്റുകളാണ് കേവല ഭൂരിക്ഷത്തിന് വേണ്ടത്. അഞ്ച് ജെജെപി എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇവരാണ് ഇറങ്ങിപ്പോയതെന്നാണ് വിവരം.
ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ജെജെപി- ബിജെപി സഖ്യം പിളർന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10 സീറ്റിലും ബിജെപിയാണ് ജയിച്ചത്. ഇത്തവണ 2 സീറ്റുകൾ നൽകണമെന്നായിരുന്നു ജെജെപിയുടെ ആവശ്യം. എന്നാൽ ബിജെപി നിരസിച്ചതോടെ സഖ്യത്തിൽ നിന്ന് ജെജെപി പിൻമാറുകയായിരുന്നു. 10 സീറ്റുകളാണ് ജെജെപിക്ക് നിയമസഭയിലുള്ളത്. ജെജെപിയുമായി ചേർന്നായിരുന്നു ബിജെപി മന്ത്രിസഭ രൂപീകരിച്ചത്.
ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു. സഖ്യത്തിൽ നിന്ന് ജെജെപി പിന്മാറിയതോടെ മനോഹർലാൽ ഖട്ടാർ രാജിവയ്ക്കുകയായിരുന്നു.ഖട്ടാറിനെ കർണ മണ്ഡലത്തിൽനിന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്നാണ് വിവരം. 10 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും വാർത്തകളുണ്ട്.