ഛിന്നഗ്രഹത്തിന് പേരിടാനായി ഇന്ത്യക്കാരനായ വിദ്യാർഥിയെ ക്ഷണിച്ച് യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നുള്ള 𝟭𝟰-കാരൻ ദക്ഷ് മാലികിനാണ് നാസയുടെ ക്ഷണം ലഭിച്ചത്. ഇന്റർനാഷണൽ ആസ്റ്ററോയിഡ് ഡിസ്കവറി പ്രൊജക്റ്റിന് (ഐ.എ.ഡി.പി) കീഴിൽ ദക്ഷ് തന്നെ കണ്ടെത്തിയ ഛിന്നഗ്രഹത്തിന് പേരിടാനുള്ള അവസരമാണ് നാസ ഒരുക്കിയിരിക്കുന്നത്.
𝟮𝟬𝟮𝟯 ഒ.ജി 𝟰𝟬 എന്നാണ് ഒമ്പതാം ക്ലാസുകാരനായ ദക്ഷ് കണ്ടെത്തിയ ഛിന്നഗ്രഹത്തിന് താത്കാലികമായി പേര് നൽകിയിരിക്കുന്നത്. 𝟮𝟬𝟮𝟯-ൽ കണ്ടെത്തിയതിനാലാണ് താത്കാലികമായി നൽകിയ പേരിൽ ‘𝟮𝟬𝟮𝟯’ എന്നും ഉൾപ്പെടുത്തിയിരിക്കുന്നത്. ദക്ഷ് തിരഞ്ഞെടുത്ത് നൽകുന്ന പേരിലാകും ഭാവിയിൽ ഈ ഛിന്നഗ്രഹം സ്ഥിരമായി അറിയപ്പെടുക.
ഒന്നരവർഷമായി ദക്ഷ് മാലികും രണ്ട് സുഹൃത്തുക്കളും ഐ.എ.ഡി.പി. വഴി ഛിന്നഗ്രഹങ്ങളുടെ പിന്നാലെയുണ്ട്. സ്കൂളിലെ ജ്യോതിശാസ്ത്ര ക്ലബ്ബ് ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ സെർച്ച് കൊളാബറേഷന് (ഐ.എ.എസ്.സി) ഇ-മെയിൽ അയച്ചതോടെയാണ് മൂവർക്കും ഇതിനുള്ള അവസരം ലഭിച്ചത്.
സ്വപ്നം യാഥാർഥ്യമായ അനുഭവമാണ് ഇതെന്ന് ദക്ഷ് പ്രതികരിച്ചു. നാസയ്ക്കായി ജോലി ചെയ്യുന്നതുപോലെയാണ് തോന്നുന്നത്. ബഹിരാകാശം തനിക്ക് ഏറെ ഇഷ്ടമാണ്. നാഷണൽ ജ്യോഗ്രഫിയിൽ ഗ്രഹങ്ങളേയും സൗരയൂഥത്തേയും കുറിച്ചുള്ള ഡോക്യുമെന്ററികൾ താൻ കാണാറുണ്ട്. ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നത് രസകരമായ കാര്യമാണെന്നും ദക്ഷ് പറഞ്ഞു.
ഐ.എ.എസ്.സിയിൽ നിന്ന് ഡാറ്റാസെറ്റ് ഡൗൺലോഡ് ചെയ്താണ് ദക്ഷും സുഹൃത്തുക്കളും ഛിന്നഗ്രഹങ്ങളെ ‘വേട്ടയാടിയത്’. ആസ്ട്രോണമിക്ക എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് വിവരങ്ങൾ അപഗ്രഥിച്ചശേഷമാണ് ഇവർ ഛിന്നഗ്രഹങ്ങൾ പോലുള്ള ബഹിരാകാശ വസ്തുക്കളെ തിരഞ്ഞത്. കണ്ടെത്തിയ ഛിന്നഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങൾ നാസ സ്ഥിരീകരിച്ച ശേഷമാണ് കണ്ടെത്തിയ വ്യക്തിയെ പേരിടാനായി ക്ഷണിക്കുക.
ഓരോ വർഷവും ആറായിരത്തിലേറെ പേരാണ് ഛിന്നഗ്രഹങ്ങളെ കണ്ടെത്താനായുള്ള ഐ.എ.എസ്.സിയുടെ അവസരം ഉപയോഗിക്കുന്നത്. എന്നാൽ ഇവരിൽ വളരെ കുറച്ചുപേർക്ക് മാത്രമേ പുതിയ ഛിന്നഗ്രഹങ്ങളെ കണ്ടെത്താൻ കഴിയാറുള്ളൂ. ഡെസ്ട്രോയർ ഓഫ് ദി വേൾഡ്, കൗണ്ട് ഡൗൺ എന്നീ പേരുകളാണ് താൻ കണ്ടെത്തിയ ഛിന്നഗ്രഹത്തിനായി ദക്ഷിന്റെ മനസിലുള്ളത്.