Monday, November 25, 2024
Homeഇന്ത്യഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് നിയമകമ്മീഷന്റെ പിന്തുണ ; 2029ല്‍ രാജ്യത്ത് ഒറ്റ തവണയായി തിരഞ്ഞെടുപ്പ്...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് നിയമകമ്മീഷന്റെ പിന്തുണ ; 2029ല്‍ രാജ്യത്ത് ഒറ്റ തവണയായി തിരഞ്ഞെടുപ്പ് നടത്തിയേക്കും.

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമകമ്മീഷന്‍. ഭരണഘടനയില്‍ ഇതിനായി പ്രത്യേക ഭാഗം ചേര്‍ക്കാന്‍ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കും. 2029ല്‍ രാജ്യത്താകെ തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താമെന്ന് നിയമകമ്മീഷന്‍ ശുപാര്‍ശ ചെയ്യും. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ ഭരണഘടന ഭേദഗതി കൊണ്ട് വരാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ കീഴിലുള്ള കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

അടുത്ത അഞ്ച് വര്‍ഷത്തിനിടെ നിയസഭയുടെ കാലാവധി മൂന്ന് ഘട്ടമായി ക്രമീകരിച്ച് 2029 മേയ്-ജൂണ്‍ മാസങ്ങളില്‍ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റാനും കമ്മീഷന്‍ നിര്‍ദേശം നല്‍കും. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടിയുള്ള പൊതു വോട്ടര്‍ പട്ടിക ഉള്‍പ്പടെയുള്ള കാര്യങ്ങളെ ഭരണഘടനയുടെ പുതിയ അധ്യായത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

അവിശ്വാസത്തെ തുടര്‍ന്ന് അധികാരത്തിലുള്ള സര്‍ക്കാര്‍ വീഴുകയോ തൂക്കുസഭ ആകുകയോ ചെയ്താല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനും കമ്മീഷന്‍ നിര്‍ദേശിക്കും. ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ സഭയുടെ ശേഷിക്കുന്ന കാലയളവില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് നിയമകമ്മീഷന്‍ ശുപാര്‍ശ ചെയ്യുക. നിയമകമ്മീഷന് പുറമേ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല സമിതിയും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നുണ്ട്. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബിഹാറിലും ഡല്‍ഹിയിലും അടുത്ത വര്‍ഷവും അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ 2026ലും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ 2027ലുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

RELATED ARTICLES

Most Popular

Recent Comments