ബെംഗളൂരു: ഓട്ടിസം ബാധിതയായ മൂന്നര വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം അമ്മ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.ബെംഗളൂരുവിലാണ് സംഭവം. 35 വയസുകാരിയായ യുവതിയാണ് മകളെ കൊന്നെന്ന് അവകാശപ്പെട്ട് സുബ്രമണ്യ നഗർ പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
യുവതിക്ക് ഇരട്ട പെണ്‍കുട്ടികളാണ്. ഇരുവരും ഓട്ടിസം ബാധിതരുമാണ്. കുട്ടികളിലൊരാള്‍ക്ക് ചെറിയ തോതിലുള്ള ഓട്ടിസം ലക്ഷണങ്ങളുള്ളപ്പോള്‍ മറ്റൊരാള്‍ക്ക് ഗുരുതരമായ തരത്തില്‍ തന്നെ ഓട്ടിസം ബാധയുണ്ട്. ഈ കുട്ടിയെയാണ് യുവതി ശ്വാസം മുട്ടിച്ച് കൊന്നത്. മകളുടെ ഭാവിയില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം സുബ്രമണ്യ നഗർ പൊലീസ് സ്റ്റേഷനിലെത്തി അവിടെ കീഴടങ്ങുകയായിരുന്നു.
ഇത്തരമൊരു ആരോഗ്യസ്ഥിതിയില്‍ മകള്‍ എങ്ങനെ വളരുമെന്നും അവളുടെ ഭാവി എന്തായിരിക്കുമെന്നും ആലോചിച്ച് താൻ ആശങ്കപ്പെട്ടിരുന്നുവെന്നും അതിനൊടുവിലാണ് കുട്ടിയെ കൊല്ലാൻ തീരുമാനിച്ചതെന്നും ചോദ്യം ചെയ്യലില്‍ യുവതി പൊലീസിനോട് പറഞ്ഞു. ‘കഴിഞ്ഞ കുറേ നാളുകളായി താൻ മാനസിക സമ്മർദത്തിലായിരുന്നു. അതിനൊടുവിലാണ് കുട്ടിയെ കൊല്ലാൻ തീരുമാനിച്ചതും അത് നടപ്പാക്കിയതും’ – യുവതി പറഞ്ഞു.
യുവതിയുടെ പേരില്‍ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത് കോടയിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. അതേസമയം കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയതായി പൊലീസ് അറിയിച്ചു. യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.