കൊച്ചി; ജർമനിയും ഇംഗ്ലണ്ടും ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമായി 2025-ഓടെ ലക്ഷക്കണക്കിന് നഴ്‌സുമാർക്ക് അവസരങ്ങളുണ്ടാകും.
ജർമനിയിൽ മാത്രം ഒന്നര ലക്ഷത്തോളം നഴ്‌സുമാർക്ക് അവസരം ഉണ്ടാകുമെന്ന് നോർക്ക റൂട്‌സ് കണക്കാക്കുന്നു. ലോകാ ആരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് യൂറോപ്യൻ യൂണിയനിലെ 13 രാജ്യങ്ങളിൽ 40 ശതമാനത്തിൽ ഏറെ നഴ്‌സുമാരും 55 വയസ് കഴിഞ്ഞവരാണ്.
അഞ്ച് വർഷത്തിനകം ഈ നഴ്‌സുമാരിൽ ബഹുഭൂരിപക്ഷവും ജോലി വിടും. അത്രയും പുതിയ നഴ്‌സുമാർ വേണ്ടിവരും.
അമേരിക്കയിൽ ഇരുപത്തിയഞ്ച് ശതമാനത്തോളം നഴ്‌സുമാരും 55 പിന്നിട്ടവരാണ്. ജനസംഖ്യയിൽ നല്ലൊരു പങ്കും വാർധക്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാൽ അവർക്ക് പ്രത്യേക പരിചരണം നൽകാൻ വേണ്ടിയാണ് യൂറോപ്യൻ രാജ്യങ്ങൾ ഭാഷ അറിയാവുന്നവരെ തേടുന്നത്.
നഴ്‌സ് നിയമനത്തിൽ ജർമനി ഇക്കാര്യം പ്രത്യേകം നിഷ്‌കർഷിക്കുന്നതിനാൽ നോർക്ക റൂട്‌സ് ജർമൻ പഠനത്തിന് അവസരം ഒരുക്കുന്നുണ്ട്.
ഇറ്റലി, യു കെ, അയർലൻഡ്, ലക്‌സംബർഗ്, ഫ്രാൻസ്, ഡെൻമാർക്ക്, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, നോർവേ എന്നീ യൂറോപ്യൻ രാജ്യങ്ങളാണ് ജർമനിക്ക് പുറമേ കൂടുതൽ നഴ്‌സുമാർക്ക് അവസരം നൽകുന്ന യൂറോപ്യൻ രാജ്യങ്ങൾ.
പല യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ഡോക്ടർമാരെ തേടുന്നുണ്ട്. യു കെയിലേക്ക് സൈക്യാട്രിസ്റ്റുമാരെ നിയമിക്കുന്നതിനായി 22-ന് നോർക്കയുടെ നേതൃത്വത്തിൽ കൊച്ചിയിൽ അഭിമുഖം നടത്തും.