Logo Below Image
Saturday, March 22, 2025
Logo Below Image
Homeഇന്ത്യഎന്‍ജിനിയറിങ് വിസ്മയമായി അടല്‍ സേതു, രാജ്യത്തെ വലിയ കടല്‍പ്പാലം; ബൈക്കിനും ഓട്ടോയ്ക്കും പ്രവേശനമില്ല*

എന്‍ജിനിയറിങ് വിസ്മയമായി അടല്‍ സേതു, രാജ്യത്തെ വലിയ കടല്‍പ്പാലം; ബൈക്കിനും ഓട്ടോയ്ക്കും പ്രവേശനമില്ല*

മുംബൈ —-ഒറ്റവാക്കില്‍ ‘എജിനിയറിങ് വിസ്മയം’ എന്ന് വിശേഷിപ്പിക്കാം. അത്രയേറെ എന്‍ജിനിയറിങ് വൈദഗ്ധ്യം ഉള്‍ക്കൊള്ളുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (അടല്‍ സേതു). രാജ്യത്തെ എന്‍ജിനിയറിങ് മികവ് എന്തെന്ന് ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുന്ന അഭിമാന പദ്ധതിയാണിത്. ഏതാണ്ട്‌ 18,000 കോടി രൂപ ചെലവില്‍ താനെ കടലിടുക്കിന് കുറുകേ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിര്‍മിച്ച പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ 12-ാമത്തെ പാലമെന്ന റെക്കോര്‍ഡും അടല്‍ സേതു ഇതിനകം സ്വന്തം പേരിലാക്കിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ ഒന്നായ മുബൈയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാന്‍ അടല്‍ സേതുവിന് സാധിക്കുമന്നാണ് കണക്കാക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച പാലം പ്രധാനമന്ത്രി ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ നവി മുംബൈയില്‍നിന്ന് മുംബൈയിലേക്ക് എത്താനുള്ള സമയം ഒന്നര മണിക്കൂറില്‍നിന്ന് 20 മിനിറ്റായി ചുരുങ്ങും.

മധ്യ മുംബൈയിലെ സെവ്രിയില്‍നിന്ന് തുടങ്ങുന്ന പാലം നവിമുംബൈയിലെ ചിര്‍ലെയിലാണ് അവസാനിക്കുന്നത്. ആകെയുള്ള 21.8 കിലോമീറ്റര്‍ ദൂരത്തില്‍ 16.5 കിലോമീറ്റര്‍ കടലിലും 5.8 കിലോമീറ്റര്‍ കരയിലുമായാണ് കടല്‍പ്പാലം സ്ഥിതിചെയ്യുന്നത്. 27 മീറ്ററാണ് പാലത്തിന്റെ വീതി. 177903 മെട്രിക് ടണ്‍ സ്റ്റീലും 504253 മെട്രിക് ടണ്‍ സിമന്റും പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചുവെന്നാണ് കണക്ക്. ആകെ 70 ഓര്‍ത്തോട്രോഫിക് സ്റ്റീല്‍ ഡെഡ്ജ് ഗിര്‍ഡറുകളാണ് പാലത്തിനുള്ളത്. ഇന്ത്യയില്‍ ആദ്യമായി ഓര്‍ത്തോട്രോപിക് ഡെക്കുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പാലവും ഇതാണ്‌. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണാര്‍ഥമായാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ പാലത്തിന് അടല്‍ സേതു എന്ന പേര് നല്‍കിയത് (അടല്‍ ബിഹാരി വാജ്‌പേയി സ്മൃതി ന്ഹാവാ ശേവാ അടല്‍ സേതു).

ഇരുവശത്തേക്കും മൂന്ന് വരി വീതം ആറുവരിപ്പാതയാണ് അടല്‍ സേതുവില്‍ സജ്ജമാക്കിയിട്ടുള്ളത്. അടിയന്തരാവശ്യങ്ങള്‍ക്കായി ഏഴാമത് ഒരു വരിയുമുണ്ട്. ഓരോ ദിവസവും 70,000ത്തോളം വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം മോട്ടോര്‍ ബൈക്ക്, ഓട്ടോറിക്ഷ, ട്രാക്ടര്‍, മൃഗങ്ങള്‍ വലിക്കുന്ന വാഹനം, മറ്റ് വേഗത കുറഞ്ഞ വാഹനങ്ങള്‍ എന്നിവയ്‌ക്കൊന്നും പാലത്തിലേക്ക് പ്രവേശനമില്ല. കാര്‍, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, മിനിബസ് എന്നിവയ്ക്ക് മണിക്കൂറില്‍ 100 കിലോമീറ്ററാണ് പരമാവധി വേഗത. കയറ്റിറക്കങ്ങളുള്ള പ്രദേശത്ത്‌ വേഗപരിധി 40 കിലോമീറ്ററാണ്.

ഓരോ വാഹനങ്ങള്‍ക്കും പ്രത്യേകം ടോള്‍ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാറിന് ഒരുവശത്തേക്ക് മാത്രം 250 രൂപയാണ് ടോള്‍. ഇരുവശത്തേക്കും ആകുമ്പോള്‍ നിരക്ക് 375 രൂപയാകും. സ്ഥിരംയാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രതിദിന, പ്രതിമാസ പാസുകളും വാങ്ങാം. ടോള്‍ പിരിക്കുന്നതിനായി പരമ്പരാഗത ടോള്‍ ബൂത്തുകള്‍ അടല്‍ സേതുവിലില്ല. പകരം അത്യാധുനിക സാങ്കതിക വിദ്യ ഉപയോഗിച്ചുള്ള ഓപ്പണ്‍ ടോളിങ് സിസ്റ്റമാണ് (ഒ.ടി.എസ്.) സജ്ജീകരിച്ചിട്ടുള്ളത്. ഇതുവഴി സമയനഷ്ടം ഒഴിവാക്കി വാഹനത്തില്‍ ടോള്‍ പ്ലാസയില്‍ നിര്‍ത്താതെ തന്നെ കടന്നുപോകാന്‍ സാധിക്കും. 2024 മുതല്‍ 2053 വരെ 30 വര്‍ഷത്തേക്കാണ് നിര്‍ദ്ദിഷ്ട ടോള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ദേശാടനപക്ഷികള്‍ ധാരാളമായി കാണുന്ന പ്രദേശത്താണ് പാലം സ്ഥിതിചെയ്യുന്നത്. അതിനാല്‍ ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണി വരാതിരിക്കാന്‍ പ്രത്യേക സൗകര്യങ്ങളും പാലത്തില്‍ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളുടെ ഹോണും ശബ്ദവും കിളികളെ ബാധിക്കാതിരിക്കാന്‍ സെവ്‌രിയില്‍നിന്ന് 8.5 കിലോമീറ്റര്‍ ദൂരത്തില്‍ പാലത്തിന്റെ കൈവരിയിലായി പ്രത്യേക നോയിസ്‌ ബാരിയര്‍ സ്ഥാപിച്ചിട്ടുണ്ട്. ബാബ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സുരക്ഷ കാര്യങ്ങള്‍ കൂടി പരിഗണിച്ച് പാലത്തില്‍നിന്ന് പുറത്തേക്കുള്ള കാഴ്ച മറയ്ക്കാന്‍ 6 കിലോമീറ്റര്‍ ദൂരത്തില്‍ വ്യൂ ബാരിയറും ഘടിപ്പിച്ചിട്ടുണ്ട്. കടല്‍ ജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിലാണ് കടലില്‍ തൂണുകളും മറ്റും സ്ഥാപിച്ചത്.

മണ്‍സൂണ്‍ കാലത്തെ ഉയര്‍ന്ന വേഗതയിലുള്ള കാറ്റിനേയും ഇടിമിന്നലിനേയും ചെറുക്കാനുള്ള സംവിധാനങ്ങളും പാലത്തിലുണ്ട്. പാലത്തില്‍ സുരക്ഷയിലും വിട്ടുവീഴ്ചയില്ല. സുരക്ഷയ്ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രാഷ് ബാരിയറുകളും പാലത്തില്‍ നല്‍കിയിട്ടുണ്ട്. ഓരോ 330
അകലത്തിലും നിരീക്ഷണത്തിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്താനോ യു ടേണ്‍ എടുക്കാനോ പാടില്ല. അടിയന്തര സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിര്‍ത്താനും മറ്റുമായി രണ്ട് പ്രത്യേക ഡെക്കുകള്‍ പാലത്തിലുണ്ട്. പുതിയ പാലം ഉപയോഗിക്കുന്നത് വഴി യാത്രാ സമയം ഗണ്യായി കുറയുന്നതോടെ പ്രതിവര്‍ഷം ഒരു കോടി ലിറ്റര്‍ ഇന്ധനം ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. മലിനീകരണതോത് കുറയ്ക്കാനും ഇതുവഴി സാധിക്കും.

നവി മുംബൈയില്‍നിന്ന് മുബൈയിലേക്കുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്തി നഗരത്തിലെ തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് ഈ കടല്‍പ്പാലം. മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള ഗതാഗതം വേഗത്തിലാക്കാനും മുംബൈയില്‍നിന്ന് പുണെ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാനും മുംബൈയിലെ സെവ്രിയ്ക്കും നവി മുംബൈയിലെ നാവയ്ക്കും ഇടയില്‍ ഒരു പാലം നിര്‍മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. നിരവധി തടസങ്ങള്‍ മറികടന്ന് അഞ്ചര വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2018 പകുതിയോടെയാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മുംബൈ മെട്രോപൊളിറ്റന്‍ റീജന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിക്കായിരുന്നു പാലത്തിന്റെ നിര്‍മാണ ചുമതല.

പ്രതിദിനം 5000ത്തിലേറെ തൊഴിലാളികള്‍ നിര്‍മാണം ആരംഭിച്ചത് മുതല്‍ ഇവിടെ പണിയെടുത്തു. അഞ്ചരവര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തനത്തിനിടെ ഏഴ് തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വിവിധ സമയങ്ങളിലായി പരിക്കേറ്റ തൊഴിലാളികള്‍ക്ക് 651 തവണ പ്രഥമശുശ്രൂഷ നല്‍കേണ്ടിവന്നു. കടലിനടിയില്‍ നിര്‍മാണം നടക്കുന്ന ഘട്ടങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായത്. പല തൊഴിലാളികള്‍ക്കും എന്‍ജിനിയര്‍മാര്‍ക്കും അവരുടെ ജോലിസ്ഥലത്തേക്ക് എല്ലാ ദിവസവും ഒരു മണിക്കൂര്‍ നീണ്ട ബോട്ടുസവാരി നടത്തേണ്ടിവന്നു. തൊഴിലാളികള്‍ നേരിട്ട ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം സമുദ്രഭാഗത്തുള്ള നിര്‍മാണമാണ്. അവിടെ എന്‍ജിനിയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും കടല്‍ത്തീരത്ത് 47 മീറ്റര്‍ വരെ ആഴത്തില്‍ കുഴിക്കേണ്ടിവന്നു.

കടലിലെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ ദിവസത്തില്‍ 24 മണിക്കൂറും മൂന്ന് വ്യത്യസ്ത ബാച്ചുകളായി ജോലി ചെയ്തു. ഒ.എന്‍.ജി.സി, ജെ.എന്‍.പി.ടി, ബി.എ.ആര്‍.സി തുടങ്ങിയ അതിപ്രധാന സ്ഥാപനങ്ങള്‍ക്ക് സമീപമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയത്. വെള്ളത്തിനടിയിലുള്ള പൈപ്പ് ലൈനുകള്‍, വാര്‍ത്താവിതരണ കേബിളുകള്‍ തുടങ്ങിയവയ്ക്ക് കേടുപാടുകള്‍ വരുത്താതിരിക്കാന്‍ എന്‍ജിനിയര്‍മാര്‍ കൂടൂതല്‍ ശ്രദ്ധിക്കേണ്ടി വന്നുവെന്നും മുംബൈ മെട്രോപൊളിറ്റന്‍ റീജന്‍ ഡെലലപ്പ്‌മെന്റ് അതോറിറ്റിയുടെ രേഖകള്‍ വ്യക്തമാക്കുന്നു.

അടല്‍ സേതു തുറന്നുകൊടുക്കുന്നതോടെ മുംബൈയിലേയും രാജ്യത്തേയും ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റാണ് പ്രതീക്ഷിക്കുന്നത്. മുംബൈ നഗരത്തില്‍നിന്ന് നവി മുംബൈയുടെ തെക്കന്‍ പ്രദേശങ്ങളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനമാര്‍ഗമായി ഈ കടല്‍പ്പാലം മാറും. ഇത് നവി മുംബൈയുടെയും സമീപ പ്രദേശങ്ങളുടെ വളര്‍ച്ചയും സാമൂഹിക-സാമ്പത്തിക വികസനവും വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മറ്റിടങ്ങളിലും സമാനമായ വലിയ ഗതാഗത സംവിധാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ഇത് ഊര്‍ജമേകും.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments