ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജലക്ഷാമം രൂക്ഷമായി തുടരുന്നു. ഹരിയാന ഡല്‍ഹിക്ക് വെള്ളം കൊടുത്തില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാരം ആരംഭിക്കുമെന്ന നിലപാടിലാണ് മന്ത്രി അതിഷി മാര്‍ലെന. എന്നാല്‍ ആം ആദ്മി സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഡല്‍ഹിയില്‍ സമരം ശക്തമാക്കുകയാണ് ബിജെപി.
രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഹരിയാനയില്‍ നിന്നും കൂടുതല്‍ ജലം വിട്ടുകിട്ടാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കത്തയച്ചിരുന്നു. സ്വന്തമായി ജല സ്രോതസ് ഇല്ലാത്ത ഡല്‍ഹിക്കു ഹരിയാനയില്‍ നിന്നും 613 ദശലക്ഷം ഗ്യാലന്‍ ജലമാണ് വിട്ടുകൊടുക്കേണ്ടത്. നിലവില്‍ ലഭിക്കുന്നത് 513 ദശലക്ഷം ഗ്യാലന്‍ ജലം മാത്രമാണ്. എല്ലാ ബിജെപി എംപിമാരും ഹരിയാനയോടും ജലം വിട്ടു നല്‍കാന്‍ അഭ്യര്‍ത്ഥിക്കണമെന്നു മന്ത്രി ആതിഷി ആവശ്യപ്പെട്ടു. വെള്ളം നല്‍കാന്‍ പോകുന്നില്ല എന്ന കടുത്ത നിലപാടിലാണ് ഹരിയാന. ഡല്‍ഹിയുടെ ആഭ്യന്തര പ്രശ്‌നം അവര്‍ തന്നെ പരിഹരിക്കണമെന്നും ഹരിയാനയ്ക്ക് കൂടുതലായി ഒന്നും ചെയ്യാനില്ലെന്നു മന്ത്രി ഡോ. അഭേ സിങ് വ്യക്തമാക്കി.
തെക്കന്‍ ഡല്‍ഹിയിലേക്ക് വെള്ളം എത്തിക്കുന്ന സോണിയ വിഹാറിലെ പൈപ്പില്‍ കഴിഞ്ഞ ദിവസം വലിയ ചോര്‍ച്ച ഉണ്ടായതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നു ആംആദ്മി ആരോപിക്കുന്നു. സൗജന്യ കുടിവെള്ളം വാഗ്ദാനം ചെയ്ത അധികാരത്തിലെത്തിയ ആം ആദ്മി, ലഭിച്ചിരുന്ന കുടിവെള്ളവും മുട്ടിച്ചെന്നു ബിജെപി കുറ്റപ്പെടുത്തുന്നു. ടാങ്കറുകളെ കാത്താണ് രാത്രി വരെ ഡല്‍ഹിക്കാര്‍ തെരുവില്‍ ചെലവഴിക്കുന്നത്.