സ്പെഷ്യൽ നോമ്പ് കഞ്ഞി
ആവശ്യമുള്ള സാധനങ്ങൾ
1.സൂചി ഗോതമ്പ് നുറുക്ക് : കാൽ കപ്പ്
ഗോതമ്പ് നുറുക്ക്: കാൽകപ്പ്
നല്ല നാടൻ പൊടിയരി: കാൽകപ്പ്
ചെറുപയർ: കാൽകപ്പ്
2. ഉലുവ: രണ്ടു ടീസ്പൂൺ
ജീരകം: അര ടീസ്പൂൺ
ചുക്ക് പൊടി: കാൽ ടീസ്പൂൺ
3. മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ
തേങ്ങാ ചിരകിയത്: അരമുറി
ശർക്കര ചീകിയത് : ഒരു ഡസേർട്ട് സ്പൂൺ
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകളെല്ലാം നന്നായി കഴുകി പ്രഷർ കുക്കറിൽ ഇടുക. ഉലുവയും ജീരകവും കഴുകി ഇടുക.ശർക്കര ചീകിയതും മഞ്ഞൾപ്പൊടിയും തേങ്ങാ ചിരകിയതും ഇടുക. ആവശ്യത്തിന് വെള്ളമൊഴിച്ച് കുക്കർ അടച്ച് അടുപ്പിൽ വച്ച് തീ കത്തിക്കുക. ആദ്യത്തെ വിസിൽ വരുന്നത് വരെ കാത്തിരിക്കുക. വന്നു കഴിഞ്ഞാൽ തീയ് നന്നായി കുറച്ച് വച്ച് ഒരു പത്തു മിനിട്ടു വേവിക്കുക. പിന്നീട് അടുപ്പ് ഓഫാക്കുക.ശേഷം കുക്കർ പൈപ്പിന്റെ ചുവട്ടിൽ വച്ച് വെള്ളം തുറന്നു വിടുക. മൂടി ഒന്നു തണുത്താലുടൻ തുറന്ന് നന്നായി കഞ്ഞി ഒന്നിളക്കി യോജിപ്പിക്കുക.നല്ല കട്ടിയിൽ ആയിരിക്കും അപ്പോൾ കഞ്ഞി ഇരിക്കുക.വീണ്ടും തീരെ ചെറിയ തീയിൽ അടുപ്പിൽ വച്ച് തിളപ്പിച്ച വെളളം ആ തിളപ്പോടെ കുഞ്ഞിയുടെ അയവിൻ്റെ പാകത്തിന് ചേർത്ത് ചുക്കു പൊടിയും ചേർത്തിളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് ചേരുവകളെല്ലാം നന്നായി ഒന്നുകൂടി തിളക്കുമ്പോൾ വാങ്ങി വയ്ക്കാം. ഈ കഞ്ഞി ഇതേ രീതിയിൽ നോമ്പ് തുറക്ക് ഉപയോഗിക്കാം. അതല്ല .. ഉണക്കമുളകും അല്പം കറിവേപ്പിലയും വെളിച്ചെണ്ണയും ഒക്കെ ചേർത്ത് താളിച്ച് ഉപയോഗിക്കണമെന്നുള്ളവർക്ക് അങ്ങിനേയും ഉപയോഗിക്കാം.
പ്രമേഹമുള്ളവർക്കും അല്ലാത്തവർക്കുമൊക്കെ ഒരേപോലെ ഉപയോഗിക്കാവുന്ന ഏറെ ഗുണപ്രദമായ ഈ കഞ്ഞി
പ്രഭാത ഭക്ഷണമായും പ്രായമായവർക്ക് നിത്യേന ഉപയോഗിക്കാം. നന്ദി.
അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഭവവുമായി കാണാം.