കാലഘട്ടത്തിനിണങ്ങുന്ന വ്യത്യസ്തമായ പ്രമേയങ്ങൾ സിനിമയാക്കുന്നതിൽ എന്നും ശ്രദ്ധിച്ചിട്ടുള്ള സംവിധായകനാണ് കമൽ. വലിയൊരു ഇടവേളയ്ക്കു ശേഷം കമൽ വീണ്ടും ഏറെ കാലികപ്രാധാന്യമുള്ള മറ്റൊരു വിഷയവുമായാണ് മലയാളികൾക്കു മുന്നിലെത്തുന്നത്. ന്യൂ ജനറേഷൻ സംവിധായകരുടെ ചിന്തകൾക്കും ഒരുപടി മുന്നിലാണ് താനെന്ന് ഒന്നുകൂടി വെളിപ്പെടുത്തുന്ന ചിത്രമാണ് കമലിന്റെ ‘വിവേകാനന്ദൻ വൈറലാണ്’. ഇന്നു സമൂഹം ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന മാരിറ്റൽ റേപ് എന്ന തൊട്ടാൽ പൊള്ളുന്ന വിഷയം ഗൗരവമൊട്ടും ചോരാതെ അവതരിപ്പിക്കാൻ പരിചയസമ്പന്നനായ കമലിനെപ്പോലെ ഒരു സംവിധായകന് മാത്രമേ കഴിയൂ. ഇമേജുകളിൽ പേടിയില്ലാത്ത ഷൈൻ ടോം ചാക്കോ ചെയ്ത ടൈറ്റിൽ കഥാപാത്രം കൂടിയായപ്പോൾ കാലം ഏറെ ആവശ്യപ്പെട്ട കലാസൃഷ്ടിയായി ഈ ചിത്രം മാറുന്നു.
ആഴ്‌ചയിൽ ഒരിക്കൽ മാത്രം വീട്ടിലെത്തുന്ന എറണാകുളത്ത് ജോലിയുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് വിവേകാനന്ദൻ. വീട്ടിലും നാട്ടിലും ജോലിസ്ഥലത്തും ഏവർക്കും പ്രിയങ്കരനും മാന്യനുമായ വിവേകാനന്ദന്റെ തനിസ്വരൂപം കണ്ടിട്ടുള്ളത് അയാളുടെ ഭാര്യ മാത്രമാണ്. സെക്സ് ആണ് വിവേകാനന്ദന് ആകെ താല്പര്യമുള്ള വിഷയം. സെക്സിൽ ഉത്തേജനം ലഭിക്കാൻ അശാസ്ത്രീയ ചികിത്സാരീതികൾ പിന്തുടരുന്നതിൽ അയാൾക്ക് രു മടിയുമില്ല. പെണ്ണിനെ മുന്നിൽ കിട്ടിയാൽ പിന്നെ വിവേകാനന്ദൻ മൃഗമാണ്. ഭാര്യ സിതാരയെ വേദനിപ്പിച്ച് മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തുന്ന അയാളുടെ പേക്കൂത്തുകൾ അവൾ സഹിക്കുന്നത് മകൾക്കും കുടുംബത്തിനും വേണ്ടി മാത്രമാണ്.
ആഴ്ചയിൽ ഒരുദിവസം മാത്രമുള്ള സർക്കസാണ് വിവേകാനന്ദന് സെക്സ് എന്ന് ധരിക്കാൻ വരട്ടെ. ജോലിസ്ഥലത്ത് ഡയാന എന്നൊരു കാമുകി കൂടി വിവേകാനന്ദൻ ഉണ്ടാക്കിയിട്ടുണ്ട്. അബലയായ ഒരു അമ്മയെയും മകളെയും സഹായിക്കാനായി അടുത്തുകൂടി ഡയാനയെ അടിമയാക്കി അയാൾ ആനന്ദം കണ്ടെത്തുന്നത് പക്ഷേ ഭാര്യ അറിയുന്നില്ല. ഭാര്യക്കു രണ്ടുദിവസം മാത്രമുള്ള പീഡനമാണെങ്കിൽ ബാക്കി അഞ്ചു ദിവസവും സഹിക്കുന്നത് ഡയാനയാണ്. അയാളുടെ വൈകൃതം സഹിച്ച് മടുത്ത ഡയാന ഒരിക്കൽ സുഹൃത്തായ ഐഷുവിനോട് എല്ലാം തുറന്നുപറയുന്നു. പുതിയകാലത്തിന്റെ പ്രതിനിധിയായ ഐഷു അറിയപ്പെടുന്ന ഒരു വ്‌ളോഗറാണ്. കൂട്ടുകാരിയെ സഹായിക്കാൻ ഐഷു കണ്ടെത്തിയതും ഏറ്റവും പുതിയ മാർഗമായിരുന്നു. ആദർശഭാര്യയായി എല്ലാം സഹിച്ചു കഴിയുന്ന സിത്താരയും അവരോടൊപ്പം ചേർന്നതോടെ വിവേകാനന്ദന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് കീഴ്മേൽ മറിയുന്നു.
ഷൈൻ ടോം ചാക്കോയുടെ അഭിനയ മികവാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇമേജ് പേടിക്കാതെ ഏത് കഥാപാത്രവും അനായാസമായി ചെയ്യാൻ തനിക്കു കഴിയുമെന്ന് ഷൈൻ ഒരിക്കൽ കൂടി തെളിയിക്കുന്നു. മൃഗതുല്യനായ പകൽമാന്യന്റെ വേഷം ഷൈൻ ഭംഗിയാക്കി. സ്വാസിക, ഗ്രേസ് ആന്റണി, മറീന മൈക്കിൾ ഈ മൂവർ സംഘം കരുത്തുറ്റ പ്രകടനമാണ് കാഴ്ചവച്ചത്. ആരാണ് കൂടുതൽ മികച്ചതെന്ന് പറയാൻ കഴിയാത്ത അഭിനയ മികവ് മൂവരും പ്രകടമാക്കി. നായികമാരായ സ്വാസികയും ഗ്രേസ് ആന്റണിയും തമ്മിലുള്ള ഷൈനിന്റെ കെമിസ്ട്രിയും എടുത്തുപറയേണ്ടതാണ്. ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ശരത് സഭ, അൻഷാ മോഹൻ, പ്രമോദ് വെളിയനാട്, സ്‌മിനു സിജോ, നിയാസ് ബക്കർ തുടങ്ങിയ പരിചയസമ്പന്നരായ സഹതാരങ്ങളുടെ സാന്നിധ്യം ചിത്രത്തിനു മികവേകി.
കാതലായ ഒരു വിഷയം ഗൗരവമൊട്ടും ചോരാതെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ നെയ്തെടുത്ത തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. നർമത്തിനൊപ്പം ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രത്തിന്റെ സാഹസികതയും പ്രവചനാതീതമായ ക്ളൈമാക്‌സും ഇതുവരെ കണ്ടുപരിചയിച്ച ന്യൂ ജനറേഷൻ സിനിമകളിൽ നിന്ന് ഈ കമൽ ചിത്രത്തെ ഏറെ വ്യത്യസ്തമാക്കുന്നുണ്ട്. കമലിന്റെ കഥപറച്ചിലിലെ വൈദഗ്ധ്യം എടുത്തുപറയേണ്ടത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങൾ അതിന്റെ മൊത്തത്തിലുള്ള ആകർഷണത്തിന് കാര്യമായ സംഭാവന നൽകുന്നു. പ്രകാശ് വേലായുധന്റെ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിങ്ങും ചിത്രത്തെ മികച്ചതും ആകർഷകവുമാക്കാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ബി.കെ. ഹരിനാരായണന്റെ വരികൾക്കൊപ്പം ബിജിബാലിന്റെ സംഗീത സ്പർശവും ചിത്രത്തിന് സജീവമായ ഒരു ശബ്‌ദസഞ്ചാരം നൽകുന്നു.
‘‘എന്റെ ശരീരം, എന്റെ അവകാശം’’ എന്ന മുദ്രാവാക്യമാണ് ഈ ചിത്രത്തിന്റെ പ്രധാന കഥാതന്തു. വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ ശരീരത്തിൽ എന്ത് വൈകൃതവും കാണിക്കാനുള്ള അവകാശം ഭർത്താവിനുണ്ടോ? ലൈംഗിക സംതൃപ്തി ഭർത്താവിന് മാത്രം അവകാശപെട്ടതാണോ? സ്ത്രീക്കും ആനന്ദിക്കാനും സംതൃപ്തി നേടാനും അവകാശമില്ലേ? ഒരു സ്ത്രീയുടെ ശരീരം ആർക്കാണ് സ്വന്തം? പൊതുവിടങ്ങളിലെ പുരുഷന്മാരുടെ അറപ്പുളവാക്കുന്ന തുറിച്ചുനോട്ടം സഹിക്കേണ്ട കാര്യമുണ്ടോ? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾ സമൂഹത്തോട് ചോദിക്കുന്ന ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’.
കാലമിത്ര വളർന്നിട്ടും ഇന്നും സ്ത്രീയെ അടിമകളാക്കി ലൈംഗിക ഉപകാരങ്ങളാക്കി അടിച്ചമർത്തി ജീവിക്കുന്നവർക്ക് കൈ നിവർത്തി ചെകിടത്ത് കൊടുത്ത അടി തന്നെയാണ് ഈ ചിത്രം. പത്ത് വർഷങ്ങൾക്ക് മുൻപ് 22 ഫീമെയിൽ കോട്ടയത്തിലൂടെ ആഷിക് അബു മുന്നോട്ട് വച്ച വിഷയം മറ്റൊരു പരിചരണ രീതിയിലൂടെ സമൂഹത്തിൽ വീണ്ടും ചർച്ചാവിഷയമാക്കുകയാണ് കമൽ ചെയ്യുന്നത്. ഓരോ പെൺകുട്ടിയും കണ്ടിരിക്കേണ്ട ചിത്രം കുടുംബത്തോടൊപ്പം തിയറ്ററിൽ പോയി കാണാൻ വിഷയത്തിന്റെ പ്രസക്തിയും ചിത്രത്തിന്റെ ദൃശ്യഭംഗിയും ആവശ്യപ്പെട്ടുന്നുണ്ട്. സമൂഹ മാധ്യമങ്ങൾ ഇന്നു ഏറെ പ്രസക്തമായി ചർച്ച ചെയ്യപ്പെടുന്ന വിഷയം പ്രാധാന്യത്തോടെ തന്റെ സിനിമയിൽ ചർച്ച ചെയ്യാൻ കമൽ കാണിച്ച ധൈര്യം എടുത്തു പറയേണ്ടതാണ്. സമൂഹത്തിൽ ഒരുപാട് ചർച്ചകൾക്ക് വഴിതുറന്നേക്കാവുന്ന ഒരു നല്ല സിനിമയാണ് വിവേകാനന്ദൻ വൈറലാണ്.
ഒരു സിംപിള്‍ ചിത്രമെന്ന നിലയില്‍ ആരംഭിച്ച് പിന്നീട് ഗൗരവമുള്ള ലിംഗരാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്
മലയാളികളുടെ പ്രിയ സംവിധായകന്‍ കമല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഒരുക്കുന്ന ചിത്രം. ടൈറ്റില്‍ കഥാപാത്രമായി ഷൈന്‍ ടോം ചാക്കോ. കൗതുകമുണര്‍ത്തുന്ന ടീസറിനും ട്രെയ്‍ലറിനുമൊക്കെ പിന്നാലെയാണ് വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ചിരി വാഗ്‍ദാനം ചെയ്യുന്ന സിംപിള്‍ ചിത്രമെന്ന തോന്നലാണ് ടീസറും ട്രെയ്‍ലറുമൊക്കെ നല്‍കിയിരുന്നതെങ്കില്‍ വെറും ചിരിയില്‍ ഒതുക്കാവുന്ന ചിത്രമല്ല ഇത്. മറിച്ച് രസകരമായ വഴിയിലൂടെ ആരംഭിച്ച് ഗൗരവമുള്ള വിഷയം സംസാരിക്കുന്ന ചിത്രമാണ്.
കാഴ്ചയില്‍ സാധാരണത്വം തോന്നുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഷൈന്‍ ടോം അവതരിപ്പിക്കുന്ന വിവേകാനന്ദന്‍ എന്ന കഥാപാത്രം. വിവാഹേതര ബന്ധങ്ങളില്‍ താല്‍പര്യമുള്ള, ആകര്‍ഷകത്വം തോന്നുന്ന സ്ത്രീകളെ വീഴ്ത്താന്‍ പരിശ്രമിക്കുന്ന ഒരാളാണ് വിവേകാനന്ദനെന്ന് പിന്നാലെ മനസിലാവുന്നു. എന്നാല്‍ നമ്മള്‍ അറിഞ്ഞതിലും ഏറെയാണ് അയാളെന്നും സമൂഹത്തിന് മുന്നിലുള്ള മാന്യനെന്ന പ്രതിച്ഛായയ്ക്ക് പുറത്ത് അയാള്‍ക്ക് മറ്റൊരു വശമുണ്ടെന്നും സംവിധായകന്‍ കാട്ടിത്തരുന്നു. ലൈെംഗികതയോട് അതീവ താല്‍പര്യമുള്ള, എന്നാല്‍ അവിടെ തന്‍റെ പങ്കാളിക്ക് സ്പേസ് ഒന്നും കൊടുക്കാത്ത, അവരെ വേദനിപ്പിക്കുന്നതില്‍ ആനന്ദം പോലും കണ്ടെത്തുന്ന കഥാപാത്രമാണ് ഷൈനിന്‍റേത്. ഒരേസമയം കുടുംബന്ഥനും ഒപ്പം ഒരു ലിവിംഗ് റിലേഷന്‍ഷിപ്പും കൊണ്ടുനടക്കുന്ന വിവേകാനന്ദന് മുന്നിലേക്ക് ഒരിക്കല്‍ അപ്രതീക്ഷിതമായി ഒരു പ്രതിസന്ധി വരികയാണ്. ചിത്രത്തിന്‍റെ ഏറ്റവും പ്രധാന ഭാഗം പിന്നീടാണ്.
ഒരു സിംപിള്‍ ചിത്രമെന്ന നിലയില്‍ ആരംഭിച്ച് പിന്നീട് ഗൗരവമുള്ള ലിംഗരാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. നിലവിലെ സമൂഹമാധ്യമ സാഹചര്യത്തെയും അതിലൂടെ നടക്കുന്ന ചര്‍ച്ചകളെയുമൊക്കെ ഒരു ടൂള്‍ ആയി ഉപയോഗിച്ചിട്ടുള്ള ചിത്രം ആദ്യാവസാനം എന്‍ഗേജിംഗ് ആണ്. വിവേകാനന്ദന്‍ ആയി മറ്റൊരു നടനും ഇത്രയും ശോഭിക്കില്ലെന്ന് ഷൈനിന്‍റെ പ്രകടനം കാണുമ്പോള്‍ തോന്നും. വിവേകാനന്ദന്‍റെ ഭാര്യയായി സ്വാസിക എത്തുമ്പോള്‍ ലിവിങ് പാര്‍ട്നര്‍ ആയി ഗ്രേസ് ആന്‍റണിയാണ് എത്തുന്നത്. അനായാസമായി ചെയ്തുപോകാനാവാത്ത ഈ കഥാപാത്രങ്ങളും ഇരുവരും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമായ യുട്യൂബറുടെ റോളില്‍ മെറീന മൈക്കിള്‍ ആണ് എത്തിയിരിക്കുന്നത്.
ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ പാളിപ്പോകാമായിരുന്ന വിഷയത്തെ കമലിലെ പരിചയസമ്പന്നനായ സംവിധായകന്‍ സേഫ് ആയി കൊണ്ടുപോയിട്ടുണ്ട്. കമലിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. പ്രകാശ് വേലായുധനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. കഥ പറച്ചിലിനെ ഒരു തരത്തിലും തടസ്സപ്പെടുത്താത്ത അനാവശ്യ ഗിമ്മിക്കുകളൊന്നുമില്ലാത്തതാണ് ചിത്രത്തിന്‍റെ ദൃശ്യഭാഷ. അത് മനോഹരമായി നിര്‍വ്വഹിച്ചിട്ടുണ്ട് പ്രകാശ്. രഞ്ജന്‍ എബ്രഹാമിന്‍റെ എഡിറ്റിംഗ് ഒഴുക്കുള്ളതാണ്. ചിത്രത്തില്‍ കമല്‍ കൊണ്ടുവന്നിട്ടുള്ള ലൗഡ്‍നെസിനെ പ്രേക്ഷകരുമായി നന്നായി കണക്റ്റ് ചെയ്യാന്‍ സഹായിക്കുന്നതാണ് ബിജിബാലിന്‍റെ സംഗീതം.
കമലിന്‍റെ സംവിധാന സഹായിയായി ജീവിതം തുടങ്ങിയ ആളാണ് ഷൈന്‍ ടോം ചാക്കോ. നടനായി അരങ്ങേറിയതും കമല്‍ ചിത്രങ്ങളിലൂടെത്തന്നെ. നടനായി ഇതിനകം പ്രതിഭ തെളിയിച്ച് കൈയടി നേടിയ ഷൈനിന്‍റെ നൂറാമത്തെ ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. ഗുരു പ്രിയശിഷ്യന് നല്‍കുന്ന സ്നേഹസമ്മാനം പ്രേക്ഷകര്‍ക്കും മികച്ച ചലച്ചിത്രാനുഭവമാണ്.