കൊച്ചി : പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിതം’ മലയാളസിനിമയുടെ വെബ്സൈറ്റ് പ്രശസ്ത സംഗീതസംവിധായകൻ എ ആർ റഹ്മാൻ ലോഞ്ച് ചെയ്തു. കൊച്ചി ക്രൗൺ പ്ലാസയിലായിരുന്നു ചടങ്ങ്. ചിത്രത്തിന്റെ സംവിധായകൻ ബ്ലെസി, രചയിതാവ് ബെന്യാമിൻ, അസോസിയറ്റ് പ്രൊഡ്യൂസർ കെ സി ഈപ്പൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് എ ആർ റഹ്മാൻ പറഞ്ഞു. മാർച്ച് 28-ന് ചിത്രം തിയറ്ററുകളിലെത്തും.
ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായക കഥാപാത്രമായി പൃഥ്വിരാജ് എത്തും. 2008ൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും 2018ലാണ് ചിത്രീകരണം ആരംഭിച്ചത്. 2023 ജൂലൈ 14ന് ചിത്രീകരണം പൂർത്തിയായി. ജോർദാനിലാണ് മുഖ്യപങ്കും ചിത്രീകരിച്ചത്.
ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ നായിക അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒരുക്കുന്നുണ്ട്. കെ എസ് സനിലാണ് ഛായാഗ്രഹണം, എഡിറ്റിങ്–-ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്–-ഒബ്സ്‌ക്യൂറ എന്റർടെയ്‌ൻമെന്റ്, പിആർഒ–-ആതിര ദിൽജിത്.