ഇന്ത്യൻ എഴുത്തുകാര നായ P.കേശവ് ദേവിന്റെ ആദ്യത്തേയും ഏറ്റവും പ്രസിദ്ധമായതുമായ കൃതിയാണ് ഓടയിൽ നിന്ന്. 1942 ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. ഏറ്റവും അറിയപ്പെടുന്ന കൃതികളിൽ ഒന്നാണ് ഈ നോവൽ.
അനാഥനായ പപ്പു എന്ന റിക്ഷക്കാരനാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. ബിംബവൽകൃതമായ ഒരു ലോകത്തിന്റെ പ്രതിനിധിയായാണ് പപ്പുവിനെ കേശവ് ദേവ് ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. ബാല്യം മുതൽ ചുമട്ടുപണി എടുത്തു തുടങ്ങി പല ജോലികളിലും ഏർപ്പെട്ടു. ഒരു നിമിഷം പോലും വെറുതെയിരിക്കാൻ തയ്യാറില്ലായിരുന്നു.
പപ്പു അവസാനം റിക്ഷ പണിയാണ് ഏറ്റെടുത്തത്. ഒരിക്കൽ ഒരു യാത്രക്കാരനുമായി തന്റെ സൈക്കിൾ റിക്ഷ വലിക്കുന്നതിനിടയിൽ ഒരു പെൺകുട്ടിയുടെ ദേഹത്ത് മുട്ടുകയും ആ കുട്ടി ഓടയിൽ വീഴുകയും ചെയ്യുന്നു.
ഇതാണ് ലക്ഷ്‌മിയുടെ വഴിത്തിരിവ്. അങ്ങിനെ ആ കുട്ടിയെ പരിചയപ്പെട്ടു. അവളുടെ വിവരങ്ങൾ എല്ലാം മനസ്സിലാക്കി. പപ്പു അവളുടെ വീട്ടിലേയ്ക്ക് പോയി. കല്യാണി എന്നൊരമ്മ മാത്രമാണവൾക്കുള്ളത്. നിരാലംബനായിരുന്ന പപ്പു പിന്നീട് ആ വീട്ടിൽ താമസം തുടങ്ങി. അവിടെ അവളുടെ അച്ഛനെ പോലെ കഴിച്ചു കൂട്ടി. അവളുടെ ആഗ്രഹങ്ങൾ എല്ലാം നടത്തി കൊടുത്തു. അയാളുടെ ജീവിതത്തിന് ഇപ്പോൾ ഒരു ലക്ഷ്യമുണ്ട്. ലക്ഷ്മിയുടെ പഠിപ്പും ഉയർച്ചയുമായിരുന്നു അയാളുടെ ലക്ഷ്യം.
ലക്ഷ്മിയുടെ വീട്ടിൽ താമസിക്കുന്നതിനു മുൻപ് കടത്തിണ്ണയിലും റെയിൽവേ സ്റ്റേഷനിലുമായിരുന്നു പപ്പു അന്തിയുറങ്ങിയിരുന്നത്.
ലക്ഷ്മി വളർന്നു. പഠിപ്പിലും പാട്ടിലുമൊക്കെ അവൾ മികവു പുലർത്തി. കാലം കടന്നുപോയി. പപ്പുവിന് പ്രായം അറുപതു കഴിഞ്ഞു. ക്ഷീണവും തുടങ്ങി. എന്നിട്ടും അയാൾ ലക്ഷ്മിക്ക് വേണ്ടി പണിക്ക് പോയി.
പഠിച്ചു വളർന്ന ലക്ഷ്മിക്ക് റിക്ഷക്കാരൻ പപ്പു കൂടെ നടക്കുന്നത് കുറച്ചിലായി. സ്വന്തം കൂട്ടുകാരോട് പപ്പുവിനെ അച്ഛൻ എന്ന പേരിൽ പരിചയപ്പെടുത്താൻ കുറച്ചിലായി. പക്ഷെ അമ്മ കല്യാണിയമ്മ അവളെ തിരുത്തി. രക്ഷകനായ പപ്പുവിനെ സ്നേഹിക്കാൻ പഠിപ്പിച്ചു.
പട്ടണത്തിലെ ഒരു ധനികന്റെ മകൻ ഗോപി ലക്ഷ്മിയെ കല്യാണം കഴിക്കാൻ തയ്യാറായി. പഠനം പൂർത്തിയായപ്പോൾ പപ്പു ലക്ഷ്മിയെ അയാൾക്ക് വിവാഹം ചെയ്തു കൊടുത്തു.
അവളുടെ ജീവിതത്തിലേയ്ക്ക് കടന്നു ചെല്ലാൻ പപ്പു ആഗ്രഹിക്കുന്നില്ല. ആഡംബര ജീവിതം നയിക്കുന്ന ലക്ഷ്മിക്ക് പപ്പുവിനെ അച്ഛനായി അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിലും അവളുടെ അമ്മയായ കല്യാണിക്ക് തന്നേയും മകളേയും സംരക്ഷിച്ച പപ്പുവിനെ തള്ളിക്കളയാനും തോന്നുന്നില്ല.
ആർക്കും ഒരു ഭാരമാകാതെ ചുമച്ചു ചുമച്ചു വീട്ടിൽ നിന്നും ഇറങ്ങി പോകുന്ന പപ്പുവിന്റെ ചിത്രത്തോടെ നോവൽ അവസാനിക്കുന്നു.
മറ്റുള്ളവർക്ക് വേണ്ടി ത്യാഗം സഹിക്കുന്നവനാണ് പപ്പു എന്ന കഥാനായകൻ. സാധാരണ മനുഷ്യ ജീവിതത്തിലെ വ്യത്യസ്ഥ തലങ്ങളാണ് ഓടയിൽനിന്ന് എന്ന നോവലിലൂടെ പി. കേശവ് ദേവ് തുറന്നു കാണിക്കുന്നത്.
അദ്ദേഹത്തിന് കിട്ടിയ ബഹുമതികൾ :-
ഓടയിൽ നിന്ന് എന്ന കൃതിക്ക് കേന്ദ്ര അക്കാദമി അവാർഡ്,
സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ്,
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചു.