ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ അഖില ലോക പ്രാർത്ഥനാ ദിനം മാർച്ച് 2 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12.30 വരെ മെസ്ക്വിറ്റ് സെന്റ്. പോൾസ് മാർത്തോമ്മ ദേവാലയത്തിൽ (1002 Barnes Bridge Rd, Mesquite, Tx 75150) വെച്ച് നടത്തപ്പെടും.
ശ്രീമതി.കൽതോമ് ഒം സലാം കവാർ (പാലസ്തീൻ) മുഖ്യ സന്ദേശം നൽകും. ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു… സ്‌നേഹത്തില്‍ അന്യോന്യം പൊറുക്കുക (എഫേസ്യര്‍ 4:1-3). എന്നതാണ് മുഖ്യ ചിന്താവിഷയം. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഗായകസംഘം ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
ലോകത്തിലെ 170 ൽ പരം രാജ്യങ്ങളിൽ ക്രിസ്തിയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർത്ഥിക്കുവാനായി മാർച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാർത്ഥനാദിനമായി ആചരിച്ചു വരുന്നതാണ് വേൾഡ് ഡേ പ്രയർ.
ഇപ്രകാരം തെരഞ്ഞെടുത്ത രാജ്യത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, ആദ്ധ്യാത്മിക പശ്ചാത്തലത്തില്‍, ദൗത്യം, സമാധാനം നീതി, എന്നിവയുടെ ആവശ്യകതയില്‍ ഊന്നി, വേദപുസ്തക പശ്ചാത്തലത്തില്‍, ഓരോ വര്‍ഷവും അഖില ലോക പ്രാര്‍ത്ഥനാ ദിനത്തിനാവശ്യമായ ആരാധനാ ക്രമം തയ്യാറാക്കി വരുന്നു.
പാലസ്തീനിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായിട്ടാണ് പ്രത്യേകം പ്രാർത്ഥനാ ദിനമായി ഈ വർഷം വേർതിരിച്ചിരിക്കുന്നത്. മെസ്ക്വിറ്റ് സെന്റ്.പോൾസ് മാർത്തോമ്മാ ഇടവകയിലെ സേവികാ സംഘം ആണ് ഡാളസിലെ വേൾഡ് ഡേ പ്രയറിന് ഈ വർഷം നേതൃത്വം നൽകുന്നത്.
മാർച്ച് 2 ശനിയാഴ്ച മെസ്ക്വിറ്റ് സെന്റ്. പോൾസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന അഖില ലോക പ്രാർത്ഥനാദിന സമ്മേളനത്തിലേക്ക് ഡാളസിലെ എല്ലാ ക്രിസ്തിയ സ്ത്രീജന വിഭാഗത്തെയും ക്ഷണിക്കുന്നതായി കൺവീനർ സുബി ഉതുപ്പ് ഇയാടിയിൽ (സുബി കൊച്ചമ്മ), സഹ കൺവീനർ ടിജി ലൂക്കോസ് എന്നിവർ അറിയിച്ചു.
ഷാജി രാമപുരം