Logo Below Image
Tuesday, April 1, 2025
Logo Below Image
Homeഅമേരിക്കശുഭചിന്ത - (112) പ്രകാശഗോപുരങ്ങൾ - (88) സ്വസ്ഥമായ ഗൃഹസ്ഥാശ്രമജീവിതം

ശുഭചിന്ത – (112) പ്രകാശഗോപുരങ്ങൾ – (88) സ്വസ്ഥമായ ഗൃഹസ്ഥാശ്രമജീവിതം

പി. എം.എൻ.നമ്പൂതിരി.

മനുഷ്യർക്ക് നാല് ആശ്രമങ്ങളാണല്ലോ ഉള്ളത്. അതിൽ ആദ്യത്തേത് ബ്രഹ്മചര്യം. രണ്ടാമത്തേത് ഗാർഹസ്ഥ്യം മൂന്നാമത്തേത് വാനപ്രസ്ഥം നാലാമത്തേത് സന്ന്യാസം. ഇത് മോക്ഷപ്രാപ്തിക്കുള്ള നാലു പടവുകളാണ്.ഇതിൽ ബ്രഹ്മചര്യം – വിദ്യാഭ്യാസകലം- മറ്റു പടവുകൾ ചവിട്ടിക്കയറുവാനുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകളാണ്.- അതായത് ഡിഗ്രി സമ്പാദിക്കലാണ്. എല്ലാ ജീവജാലങ്ങളും വായുവിനെ ആശ്രയിച്ചു ജീവിക്കുന്നതുപോലെ ഇതരാശ്രമങ്ങൾ ഗൃഹസ്ഥാശ്രമത്തെ ആശ്രയിച്ചു കഴിയുന്നു എന്ന് മനുസ്മൃതി വ്യക്തമാക്കുന്നു.

ധർമ്മത്തിൽ അധിഷ്ഠിതമായ ധനസമ്പാദനം’ ഗൃഹസ്ഥാശ്രമിക്ക് ആവശ്യമാണ്. “ധനം ഭഗവാൻ്റെ പ്രസാദമാണെന്നു കരുതി അനാസക്തമായി അനുഭവിക്കുക “ എന്ന് ഈശാവാസ്യോ പനിഷത്ത് ഉപദേശിക്കുന്നുണ്ട്. ഇങ്ങനെയുള്ള ഗൃഹസ്ഥാശ്രമ ജീവിതത്തെ സ്വസ്ഥവും ശാന്തിപൂർണ്ണവുമാക്കാനുള്ള മൂന്ന് പ്രധാന ഘടകങ്ങളാണ് സംതൃപ്തി, ഈശ്വരാർപ്പിതമായി കർമ്മം ചെയ്യൽ, നിർമ്മമത്വം എന്നിവ.

കിട്ടുന്നതുകൊണ്ട് സംതൃപ്തനാകാനുള്ള പരിശീലനം ചെറുപ്പത്തിലേ തന്നെ ഉണ്ടാകേണ്ടതാണ്. കൂടുതൽ കൂടുതൽ ആഗ്രഹിക്കുകയും.കിട്ടുന്നതുകൊണ്ട് തൃപ്തനാവാതെ വരികയും ചെയ്യുമ്പോൾ അവിഹിത മാർഗ്ഗങ്ങളിലൂടെ സ്വത്തുണ്ടാക്കാൻ ശ്രമിക്കും. പണത്തിനോടും പദവിയോടുമുള്ള അമിതമായ ത്വര നമ്മെ അപഥത്തിൻ സഞ്ചരിപ്പിക്കും. ധനം, ജനം, യൗവനം ഇതു മൂന്നും നശ്വരമാണ്. ഇതാണ് മനുഷ്യനെ അഹങ്കാരികളും ദുർവൃത്തരുമാക്കുന്നതെന്ന് ശങ്കരാചാര്യർ പറഞ്ഞിട്ടുണ്ട്. കുടിക്കുന്തോറും ദാഹം വർദ്ധിപ്പിക്കുന്ന ഒന്നാണ് ആഗ്രഹം. ഈശ്വരനെ മറന്ന് അദ്ധ്വാനിച്ചും കുറുക്കുവഴികളിലൂടെയും പണം സമ്പാദിക്കാൻ മനുഷ്യൻ വെമ്പൽക്കൊള്ളുകയാണ്. അതിൻ്റെ ഫലമാകട്ടെ ധാർമ്മികബോധവും സദാചാരവും നഷ്ടപ്പെട്ട ഒരു ജീവിതവും. പിന്നീട് സമൂഹത്തിന് അത്തരക്കാർ ഒരു ബാദ്ധ്യതയായി മാറുകയും ചെയ്യും. കിട്ടുന്നതുകൊണ്ട് സംതൃപ്തരായി, ശാന്തിയും സ്നേഹവും നിറഞ്ഞ, ആത്മസംയമനത്തിൻ്റെയും ആത്മസംതൃപ്തിയുടെയും പാവനജീവിതം നയിക്കുന്നവർ സമൂഹത്തിന് ഒരു മുതൽക്കൂട്ടായിരിക്കും. എന്ന് വെച്ച് ഉയരാൻ ആഗ്രഹിക്കാതെ അലസജീവിതം നയിക്കണമെന്നല്ല ഇതിനർത്ഥം. നന്നായി പ്രയത്നിച്ച് ധാർമ്മികമൂല്യങ്ങൾക്കു പ്രാധാന്യം കൊടുത്തുള്ളവയാവണം നമ്മുടെ ജീവിതം എന്ന് സാരം.

ഈശ്വരാർപ്പിതമായി കർമ്മം ചെയ്യുക എന്നതാണ് രണ്ടാമത്തേത്. എന്തു കർമ്മവും ഈശ്വരനുവേണ്ടി, ഈശ്വരനാൽ നിയോഗിക്കപ്പെട്ടതനുസരിച്ച് ചെയ്യുകയാണെന്നും താൻ വെറുമൊരു ഉപകരണമാത്രമാണെന്നും വിചാരിച്ചു പ്രവർത്തിക്കുക. അതായത് നാം എഴുതുന്ന ഒരു പേന മാത്രമാണെന്ന് കരുതുക. എഴുതിക്കുന്നത് ഈശ്വരനാണ്. എന്തു കർമ്മമായാലും അത് ദൈവസമർപ്പിതമായി ചെയ്യുക. ആശുപത്രികളിലെ നഴ്സുമാർ ഇതിനൊരു ഉദാഹരണമാണ്. “”സാധാരണയായി നഴ്സിന് രോഗിയുമായി മുൻ പരിചയമോ, അടുപ്പമോ ഉണ്ടാകണമെന്നില്ല. അവരാണ് രോഗിയുടെ അസുഖം ഭേദപ്പെടുത്തിയതെന്ന വിചാരവും അവർക്ക് ഉണ്ടാവുകയില്ല. കാരണം അവർക്കറിയാം അതിൻ്റെ പുറകിൽ ഡോക്ടറുടെ കഴിവും അതിലുപരി ഈശ്വര കടാക്ഷവുമാണെന്ന്. വിജയവും പരാജയവും അവരെ ബാധിക്കുന്നില്ല. അതു കൊണ്ടായിരിക്കാം രോഗിക്ക് സുഖമായാൽ അമിതമായ സന്തോഷമോ, മരിച്ചാൽ അതീവ ദു:ഖമോ അവർ പ്രകടിപ്പിക്കാത്തത്. ഗീതയിലും ഭഗവാൻ അർജ്ജുനനെ ഉപദേശിക്കുന്നതിൻ്റെ സാരവും ഈ തത്ത്വം തന്നെയാണ് ” ധർമ്മവും അധർമ്മവും നീ വലിച്ചെറിയൂ. എന്നെ പരിപൂർണ്ണമായി ശരണം പ്രാപിക്കൂ. അപ്പോൾ ഞാൻ നിന്നെ മോചിപ്പിക്കും. എന്ന്. 

മൂന്നമത്തെത് നിർമ്മമത്വമാണ്. ഒന്നിനോടും ഒരു പരിധിയിൽ കവിഞ്ഞ മമത ഉണ്ടാകരുത്. ഞാൻ എന്നും എൻ്റേതെന്നുമുള്ള വിചാരം അതിർ കവിയാതെ നോക്കണം. എപ്പോഴും ഒരു കാര്യം മനസ്സിൻ ഉണ്ടായിരിക്കണം. നാമെല്ലാം കുറെ നാളത്തേക്ക് ഇവിടെ ഒത്തുകൂടി നാളെ പിരിഞ്ഞുപോകേണ്ടവരാണ്. തൽക്കാലത്തേക്കു മാത്രമായി താമസിക്കുന്ന ഗസ്റ്റ്ഹൗസിനോടുള്ള മമത മതി നാം താമസിക്കുന്ന വീടിനോടുള്ള മമതയും. നാം വെറും അതിഥികൾ മാത്രമാണ്. ഈശ്വരൻ ആതിഥേയനും. ജീവിക്കുന്നകാലം അല്ലലില്ലാതെ, മറ്റുള്ളവർക്ക് ഉപദ്രവമില്ലാതെ, കഴിയുമെങ്കിൽ അന്യർക്കുതകി, ജീവിക്കുക. അതിനു വേണ്ട ദ്രവ്യത്തോടും മറ്റു ഭൗതിക സാഹചര്യങ്ങളോടും കുറഞ്ഞ മമത പുലർത്തുക. അങ്ങനെയായാൽ ഇവയെ പിരിയേണ്ടി വരുമ്പോൾ അത്ര ദു:ഖം തോന്നുകയില്ല. നാം ചക്ക തിന്നുമ്പോൾ തൊടുന്നിടത്തെല്ലാം അരക്കു പിടിക്കും. അത് ഒഴിവാക്കാൻ എണ്ണ പുരട്ടാറില്ലേ? അതുപോലെ ഭക്തിയാകുന്ന എണ്ണപുരട്ടി എല്ലാ ബന്ധങ്ങളിലും നിർമ്മമത്വമുണ്ടാക്കാൻ പരിശീലനം നേടുക എന്നത് ഒരു ഗൃഹസ്ഥൻ്റെ ശാന്ത ജീവിതത്തിനു അത്യന്താപേക്ഷിതമാണ്. ശ്രീരാമകൃഷ്ണദേവൻ ഗൃഹസ്ഥർക്ക് കൊടുക്കുന്ന ഉപദേശം “നിങ്ങൾ ധനികഗൃഹത്തിലെ ജോലിക്കാരിയെപ്പോലെ ജീവിക്കു.എൻ്റെ വീട് എൻ്റെ മക്കൾ എന്നൊക്കെ പറയുമ്പോഴും അവരുടെ മനസ്സ് അങ്ങ് ദൂരെ ഏതോ ഒരു ഗ്രാമത്തിൽ പകുതി പട്ടിണിയിൽ കഴിയുന്ന അവരുടെ മക്കളിലായിരിക്കും. എന്ന്.

സദാ ഈശ്വരനെ സ്മരിച്ച് കർമ്മങ്ങൾ ചെയ്യുകയും അതിരുകവിഞ്ഞ മമത കാണിക്കാതെ കിട്ടുന്നതു കൊണ്ട് സംതൃപ്തനാവുകയും ചെയ്യുന്ന ഒരു പുണ്യാത്മാവായ ഗൃഹസ്ഥാശ്രമിക്ക് ശാന്തിയും സമാധാനവും ലഭിക്കും എന്നത് തീർച്ചയാണ്.

പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

6 COMMENTS

  1. അഭിപ്രായം പറഞ്ഞ Rita, Cicy Binoy, Jisha dileep നും സന്തോഷം – സ്നേഹം

  2. നല്ലതത്ത്വചിന്ത ഗുരുജി നന്ദി ഗുരുജി. നമസ്ക്കാരം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments