Monday, December 23, 2024
Homeഅമേരിക്കപെയ്തുതീരാത്ത സ്നേഹം (കവിത - പുസ്തകപരിചയം) രചന: ശ്രീ കെ. വിജയൻനായർ, പുസ്തകപരിചയം: ശ്രീമതി ഒ.കെ...

പെയ്തുതീരാത്ത സ്നേഹം (കവിത – പുസ്തകപരിചയം) രചന: ശ്രീ കെ. വിജയൻനായർ, പുസ്തകപരിചയം: ശ്രീമതി ഒ.കെ ശൈലജ ടീച്ചർ

പുസ്തകപരിചയം
************************
വിഭാഗം: കവിത
പേര്: പെയ്തുതീരാത്ത സ്നേഹം
രചയിതാവ്: ശ്രീ കെ. വിജയൻനായർ
പുസ്തകപരിചയം: ശ്രീമതി ഒ.കെ ശൈലജ ടീച്ചർ.

കവനകലാസൗഹൃദവേദിയിലെ ആസ്ഥാനകവി, നിമിഷകവി , ബഹുമുഖപ്രതിഭയും ആദരണീയനായ സഹോദരനും ഗുരുതുല്യനും ഏവർക്കും പ്രിയങ്കരനും ബഹുമാന്യനുമായ നമ്മുടെ പ്രിയ കവി ശ്രീ വിജയൻ നായരുടെ പ്രഥമ കവിത സമാഹാരമായ” പെയ്തുതീരാത്ത സ്നേഹം” എന്ന അമൂല്യമായ പുസ്തകം സർവ്വാദരണീയനും , വിദ്വാനുമായ ശ്രീ പ്രൊഫസർ ഡോക്ടർ വാമദേവൻ സാറിൻ്റെ കരങ്ങളാൽ ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ, ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിനടുത്തുള്ള തീർത്ഥം ഓഡിറ്റോറിയത്തിൽ വെച്ച് 11.2 24,4 PM ന് മംഗളകരമായി പ്രകാശിതമായിരിക്കയാണ്. ഈ ധന്യമുഹൂർത്തത്തിൽ എനിക്കും പങ്ക് ചേരാനായത് ഒരു സൗഭാഗ്യമായി ഞാൻ കരുതുകയാണ്. സരോവരം ബുക്ക്സ് കോഴിക്കോട് ആണ് ഈ പുസ്തകത്തിൻ്റെ പ്രസാധകർ. പ്രൊഫസർ ഡോ: വാമദേവൻ സാറിൻ്റെ തൂലികയിൽ പിറന്ന അവതാരികയാൽ സമ്പന്നമായ ഈ പുസ്തകത്തിന് ആശംസകൾ നല്കിയശ്രീ ഗോപൻ ചെന്നൈ,ശ്രീമതി ഒ.കെ. ശൈലജ ടീച്ചർ, ഡോ: സംഗീത് രവീന്ദ്രൻ എന്നിവരാണെന്നതും ഒരു സവിശേഷതയാണ്.

ഈ കവിതാസമാഹാരം സഹൃദയരായ നിങ്ങളെയേവരേയും പരിചയപ്പെടുത്തട്ടെ. ഈ ഭാഗ്യം എനിക്ക് ലഭിച്ചതിൽ ദൈവത്തിനോടും, പ്രിയ കവിയോടും നന്ദി പറയുകയാണ് ഞാൻ. പരിമിതമായ എൻ്റെ അറിവ് വെച്ച് ഞാനിവിടെ പരിചയപ്പെടുത്തട്ടെ.

സമഗ്രവും വിശാലവുമായ ആഴത്തിലുള്ള വായനയും സന്മാർഗ്ഗബോധവും സജ്ജനസമ്പർക്കവും സാംസ്ക്കാരിക പാരമ്പര്യവും വന്ദ്യമാതാവിൻ്റെ സ്വാധീനവും ധിഷണാ വൈഭവവും ഈ കവിവര്യനെ ശ്രേഷ്ഠനാക്കി.

അനുവാചകഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിച്ച് ചലനങ്ങൾ സൃഷ്ടിക്കാനുതകുന്ന, സമൂഹത്തിലെ തിന്മകൾക്ക്, ദുഷ്പ്രവണതകൾക്കു നേരെ തൻ്റെ തൂലികയെ പടവാളാക്കുമ്പോൾ ദീനരായവർക്ക് സാന്ത്വനമേകിയും, നിസ്സഹായവരായർക്കൊപ്പം നിന്നുകൊണ്ട് ശക്തി പകർന്നും അവരിലൊരാളായി എളിമയോടെ സഞ്ചരിക്കുകയാണ് കവി ഹൃദയം. പ്രഥമകവിതാസമാഹാരത്തിലെ 101 കവിതകളും സ്നേഹവും ആർദ്രതയും വഴിഞ്ഞൊഴുകുന്ന ജീവിതഗന്ധികളാണ്.

ചിലയിടങ്ങളിൽ ഒരു പോരാളിയെപ്പോലെ ആഹ്വാനം ചെയ്യുമ്പോൾ, മറ്റുചിലവരികളിൽ സമാധാനകാംക്ഷിയായ ശാന്തിദൂതനുമാകുന്നു.

നവരസങ്ങളും, വ്യത്യസ്തഭാവങ്ങളും സമന്വയിക്കുമ്പോഴും ലാളിത്യവും പദസൗകുമാര്യവും ആസ്വാദ്യകരമായ ഭാഷാശൈലിയും കാവ്യാത്മകതയും ബിംബകല്പനയും ഈ കവിതകളുടെ മാറ്റ് കൂട്ടുന്നു.

വൃത്തവും താളവും സന്ധിയും സമാസവും പ്രാസവും എല്ലാം ഒത്തിണങ്ങിയ കവിതകൾ വളരെയേറെ ഒഴുക്കോടെ വായിച്ചാസ്വദിക്കാൻ കഴിയുന്നുവെന്നത് ഈ കവിതകളുടെ സവിശേഷതയാണ്. നൊന്തു പ്രസവിച്ചു പാലമൃതൂട്ടി യാതനകൾക്കിടയിലും തൻ്റെ കുഞ്ഞിനെ വളർത്തി വലുതാക്കി തനിക്കു താൻ പോന്നവനായിക്കാണുമ്പോൾ ആ അമ്മ മനം അനുഭവിക്കുന്ന ആത്മസംതൃപ്തി, അനുഭൂതി വാക്കുകൾക്കതീതമാണ്. നിർഭാഗ്യവശാൽ പറക്കമുറ്റിക്കഴിഞ്ഞാൽ തൻ്റെ ജനിതാക്കളെ നിഷ്ക്കരുണം മറന്നുപോകുകയോ, തള്ളിക്കളയുകയോ ചെയ്തു കൊണ്ട് സ്വന്തം ജീവിതം ഭദ്രമാക്കി ആനന്ദകരമാക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്നിൻ്റെ മക്കളിൽ പലരും. അവരിൽ നിന്നെല്ലാം ഏറെ വിഭിന്നനാണ് മാനുഷികമൂല്യങ്ങൾക്ക് സ്വജീവിതത്തിൽ വളരെ പ്രാധാന്യം കൊടുക്കുന്ന ഹൃദയശുദ്ധിയുള്ള നമ്മുടെ കവി.

തനിക്ക് ഈ ഭൂമിയിൽ ജീവിക്കാനും തൻ്റെ ജീവിതത്തിന് നിറവും മണവുമേകിയ, തന്നെ താനാക്കിയ വന്ദ്യമാതാവിനെ ഓരോ ശ്വാസത്തിലും സ്നേഹാദരവോടെ സ്മരിച്ചു കൊണ്ടാണദ്ദേഹം തൻ്റെ തൂലികയോടൊപ്പം സഞ്ചരിക്കുന്നത്.

സാഗരത്തോളം സ്നേഹവാത്സല്യം പകർന്നു നല്കിയ, ശരിയായ ശിക്ഷണമേകിയ, തന്നെ വിജ്ഞാനിയും നന്മയുള്ളവനുമാക്കിയ പെറ്റമ്മയ്ക്കു സമർപ്പിച്ചു കൊണ്ടുള്ള ഈ കാവ്യവിപഞ്ചികയിൽനിന്നുമുതിരുന്ന ഓരോ നാദവും ഉദാത്തമായ മാതൃസ്നേഹമാണ്. ഉറവ വറ്റാത്ത നിഷ്കളങ്കസ്നേഹത്തിൻ്റെ കതിർമണികൾ കൊണ്ടു കോർത്തെടുത്ത വരികളാണ്. “പെയ്തു തീരാത്ത ” എന്ന കവിതാസമാഹാരത്തിലെ “ചെയ്തു തീരാത്ത സ്നേഹം “എന്ന കവിത.സ്നേഹമഴ പെയ്തുതീരുന്നില്ലൊരിക്കലും

സാഹിത്യലോകത്തിന് മുതൽക്കൂട്ടാണ് ഈ കവിതാസമാഹാരം.
പ്രകൃതിയുടെ നിലനില്പ് തന്നെ സ്നേഹത്തിലധിഷ്ഠിതമാണ്. നീരുറവ പോലെ ആർദ്രമായ സ്നേഹത്തിൻ്റെ വിവിധ ഭാവങ്ങളിലൂടെ വിശ്വമാനവികതയുടെ തലങ്ങളിലേക്ക് അനുവാചകരെ സുഗമമായിട്ടെത്തിക്കാനുതകുന്ന വരികൾ. ദൈവസ്നേഹത്തോളം പ്രാധാന്യമുള്ളതായിട്ടൊന്നുമില്ലെന്ന് കവി വ്യക്തമാക്കിത്തരുന്നുണ്ട്.

മേഘത്തേരിൽ കുട ചൂടി തുള്ളിക്കൊരു കുടമായി മണ്ണിൽ സമയം തെറ്റിച്ചുപെയ്യുന്ന പെരുമഴയിലൂടെ മഴയുടെ വിവിധഭാവങ്ങൾ വർണ്ണിച്ചിരിക്കുന്നതിൽ
കവിയുടെ രചനാ വൈഭവം എടുത്തു പറയേണ്ടതാണ്. പ്രകൃതിവർണ്ണനകളുടെ മകുടോദാഹരണമായ കളഞ്ഞുപോയ നെൽമണികൾ എന്ന കവിതയിലൂടെ മണ്ണും മനുഷ്യരും തമ്മിലുള്ള അഭേദ്യമായ ബന്ധം തുറന്നുകാട്ടുന്നു. കൈതപ്പൂവിൻ്റെ സങ്കടം, ഭക്തിയും ഓണവും പ്രപഞ്ചചൈതന്യം വഴിഞ്ഞൊഴുകുന്ന പുഴകളും കാടും മേടും കായലും പക്ഷിമൃഗാദികളും പഞ്ചഭൂതങ്ങളുമെല്ലാം ചൈതന്യമിരിക്കുമീഭൂമിയിൽ എന്ന വരികളിലൂടെ തനിമയോടെ ആവിഷ്ക്കരിച്ചിരിക്കുന്നു.

ദേശസ്നേഹവും സാഹോദര്യവും പ്രപഞ്ചരഹസ്യങ്ങളെ വിശ്വദർശനത്തിലൂടെ ഉണർത്തിക്കുകയും മനുഷ്യ മനസ്സിൻ്റെ അനന്തവും അപാരവുമായ അഗാധതലങ്ങളിലേക്ക് അനുവാചകഹൃദയങ്ങളെ കൊണ്ടെത്തിക്കുന്നതോടൊപ്പം വിശ്വസ്നേഹത്തിൻ്റെ മഹത്വവും നമുക്ക് കാട്ടിത്തരുന്നു.

മണ്ണിൻ്റെ മക്കളും വായിച്ചു വളരൂ എന്ന പ്രബോധന കവിതയും വാടകയ്ക്കൊരു ഗർഭ പാത്രമെന്നതും ചിന്തകളെ ഉണർത്തുന്നു.

ഗ്രാമീണസൗന്ദര്യവും മനുഷ്യമനസ്സിൻ്റെ യുഗയുഗാന്തരങ്ങളായുള്ള അറിവിൻ്റെ പ്രയാണവും മനുഷ്യൻ്റെ ദുരയും കുതന്ത്രവും പൊയ്മുഖവുമെല്ലാം തന്നെ ഒരു കണ്ണാടിയിലെന്ന പോലെ തെളിഞ്ഞു കാണുന്നുണ്ട് ഓരോ കവിതകളിലും.

ജനാധിപത്യവും മതേതരത്വവും ദേശസ്നേഹവും കൊണ്ട് സമ്പന്നമായ മാദ്ധ്യമപ്രവർത്തനം കൊണ്ട് സമൂഹത്തിലെ അനീതികളെ ചെറുത്ത് നില്പിക്കാനാഹ്വാനം ചെയ്യുകയാണ് തൻ്റെ തൂലികയിലൂടെ. അജ്ഞതയെ അകറ്റി വെളിച്ചം പകരുകയാണ്.

വിഷരഹിതമായ കൃഷിയിലൂടെ സഹജീവികളുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതവും വിളിച്ചോതുന്നു.
കാടിൻ്റെ മക്കളും ഈ ഭൂമിയിൽ ജീവിക്കാനാവകാശമുള്ളവരാണ് ആവാസവ്യവസ്ഥയിലെ കണ്ണികളാണ്. ചെറുതും വലുതുമായ സസ്യലതാദികളും പക്ഷിമൃഗാദികളും പഞ്ചഭൂതങ്ങളും. അവയെ സംരക്ഷിച്ചില്ലെങ്കിലുണ്ടാവുന്ന വൻപിപത്തിനെക്കുറിച്ച് കവിഹൃദയം ആശങ്കപ്പെടുന്നു. സത്യം പറയുക എന്ന
ഉൽക്കൃഷ്ടമായ മൂല്യം സ്വജീവിതത്തെ ആശയസമ്പുഷ്ടിയുള്ള സരളമായ ആഖ്യാനശൈലിയോടെ ഒഴുക്കുള്ള ഹൃദ്യമായ ഭാഷാപ്രയോഗത്തോടെ, കാവ്യാത്മകതയുടെ ആലങ്കാരികതയോടെ പിറവിയെടുത്ത ഇതിലെ 101 കവിതകളും അനുവാചകഹൃദയത്തിൽ ആഴത്തിൽ പതിയുന്നവയാണ്.

മേഘത്തേരിൽ കുട ചൂടി മഴ
കളഞ്ഞുപോയ നെൽമണി
കൈതപ്പൂവിൻ സങ്കടം
വിശ്വസ്നേഹം
പൂവിളി പൊന്നിൻ ചിങ്ങമെത്തി
ചൈതന്യമിരിക്കുമീ പ്രപഞ്ചം
വിശ്വദർശനം
താലോലിക്കുമീഗ്രാമം
വായിച്ചു വളരൂ
മണ്ണിൻ്റെ മക്കൾ
ഇങ്ങനെ പോകുന്നു ഇതിലെ കവിതകൾ.

ഈ കവിതാസമാഹാരത്തിലെ കവിതകളെല്ലാം തന്നെ മാനവികതയുടെ വിവിധതലങ്ങളെ സ്പർശിക്കുന്ന അനേകം വിഷയങ്ങൾ അനുവാചകരോട് സംവദിക്കുന്നതായി കാണാം.
മാതൃത്വം, സാഹോദര്യം സഹജീവിസ്നേഹം, പ്രകൃതിസ്നേഹം, സ്ത്രീപക്ഷചിന്തകൾ, പ്രണയം,പരിസ്ഥിതി’ കാർഷിക സംസ്ക്കാരം, ദേശസ്നേഹം, ഗൃഹാതുരത്വം, വിശ്വസ്നേഹം വിവിധങ്ങളായ വിഷയങ്ങളാൽ സമ്പന്നമാണ്.

കവിത സൗന്ദര്യമാണ്. തൻ്റെ ചുറ്റുപാടുകളെ ഏറ്റവും സൂക്ഷമമായി നോക്കിക്കാണുന്നതിലൂടെ അവ ഉള്ളിലേല്പിക്കുന്ന പ്രതികരണങ്ങൾ ലോകത്തിനോട് പറയണമെന്ന ഉൽക്കടമായ ആഗ്രഹം നിറയുകയും അവ നിറഞ്ഞൊഴുകലാണ് ഏതൊരു സൃഷ്ടിയുടേയും പിന്നിൽ.

കവി മനസ്സിൻ്റെ ഉല്പന്നമാണ് കവിത.

ഒരു പ്രിസത്തിനുള്ളിലൂടെ കടത്തിവിടുന്ന പ്രകാശ രശ്മികൾ പലവർണ്ണങ്ങളായി പ്രതിഫലിക്കുന്നതുപോലെ ഇവിടെ കവിയുടെ നേരനുഭവങ്ങൾ ഭാവനയുടെ ചിറകുവിരിച്ച് വ്യത്യസ്ത കവിതകളായി വിരിഞ്ഞിറങ്ങുന്നു.
.
കാര്യങ്ങൾ ഒരു കോണിലൂടെ കാണുന്നതിനു പകരം പല കോണിലൂടെ കാണാനുള്ള വ്യഗ്രത മനസ്സിലിന്നും സൂക്ഷിക്കുകയാണ് കവി.

മാനവകുലത്തെ പലതും ഓർമ്മിപ്പിക്കുകയാണ്. ജീവിതാനുഭവങ്ങൾ സുന്ദരഭാവനകളിൽ ചാലിച്ച് നെയ്തെടുത്തതാണ് ഇതിലെ ഓരോ കവിതയും.
പ്രകൃതിയിലെ സർവ്വചരാചരങ്ങളോടുള്ള സ്നേഹവും മഴത്തുള്ളിപോലെ സൗന്ദര്യാനുഭൂതിയായി വിരുന്നെത്തിയതിൻ്റെ ആത്മഹർഷവും കവിതയിൽ കാണുന്ന സവിശേഷതയാണ്.

മനുഷ്യമനസ്സുകളിൽ ആർദ്രതയോടെ പതിയുന്നതാണ് കവിത.
അർത്ഥവത്തും, സന്ദേശദായകവും, സമൂഹത്തിലെ മൂല്യ ച്ചുതിക്കെതിരേയുമുള്ള നേരെഴുത്താണ് ഈ പുസ്തകത്തിലെ ഓരോ വരികളും
വായനാലോകം വായിച്ചാസ്വദിക്കട്ടെ.
സാഹിത്യലോകത്തിനൊരു മുതൽകൂട്ടായ ഈ പുസ്തകത്തിലെ കവിതകൾ പെയ്തൊഴിയാതെ പെയ്തു കൊണ്ട്, നിറഞ്ഞൊഴുകാതെ നിറഞ്ഞുകൊണ്ട് സ്നേഹനൂലിനാൽ കോർത്തെടുത്ത അക്ഷരമലരുകളാണ് ഈ പുസ്തകത്തിൽ അനുവാചകർക്കായി കാത്തിരിക്കുന്നത്. ഇത് വായനാലോകം കീഴടക്കട്ടെ. സാഹിത്യലോകത്ത് അടയാളപ്പെടുത്തട്ടെ.

സാഹിത്യലോകത്ത് വളരെയേറെ മുൻപ് തന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ തൻ്റെ കടിഞ്ഞൂൽക്കവിത ആ പൊൻതൂലികയിൽ പിറന്നത് മനസ്സിലാക്കിയ അദ്ധ്യാപകരുടെ ആശീർവാദവും അഭിനന്ദനവും ലഭിച്ചതാണ്.”അമ്മ” എന്ന കവിതയായിരുന്നു അത്.
അവിടുന്നിങ്ങോട്ട് ഒരു വ്യക്തി എന്ന നിലയിൽ തൻ്റേതായ ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കും സാമൂഹ്യപ്രവർത്തനങ്ങൾക്കുമിടയിൽ ഒരു സപര്യയായി എഴുത്തും വായനയും ജീവിതയാത്രയിൽ ചേർത്തുപിടിച്ചു.
സമഗ്രമായ വായനയിലൂടെ ആർജ്ജിച്ചെടുത്ത വിജ്ഞാന ത്തിനും, പദസമ്പത്തിനുമൊപ്പം തൻ്റെ സർഗ്ഗശേഷിയും സരസ്വതികടാക്ഷവും ഒത്തുചേർന്നപ്പോൾ തൂലിക അനുസ്യൂതം ചലിച്ചുകൊണ്ടിരുന്നു. 25 നിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള സൃഷ്ടികൾ പിറന്നുകഴിഞ്ഞു.
കഥകൾ, കവിതകൾ, ലേഖനം, ഗീതാമൃതം, ചിന്താവിഷയം ഇങ്ങനെ വിവിധയിനം രചനകൾ.

പ്രശസ്തരും പ്രഗത്ഭരുമായ കവികൾ, സാഹിത്യകാരന്മാർ എന്നിവർക്കൊപ്പം വേദി പങ്കിട്ട് ആദരവുകൾ ഏറ്റുവാങ്ങാനും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.
നിറകുടം തുളുമ്പില്ലൊരിക്കലും എന്ന വാക്കാണ് അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായത്.

എളിമയും സമഭാവനയും കൈമുതലായ പ്രിയ കവി വളരെ നന്നായി കവിത ചൊല്ലുകയും, സഹഎഴുത്തുകാരെ നിസ്വാർത്ഥമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമചിത്തതയോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവനാണ്. സ്വഭാവമഹിമ കൊണ്ടും രചനാ പാടവം കൊണ്ടും നമ്മുടെ ഹൃദയം കവർന്ന അതുല്യനായ കവിക്ക് ഹൃദയം നിറഞ്ഞ സ്നേഹാദരവോടെ ആശംസകൾ നേരുന്നു.

ശ്രീമതി ഒ.കെ ശൈലജ ടീച്ചർ✍

RELATED ARTICLES

Most Popular

Recent Comments