Sunday, November 24, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

* ദുഃഖവെള്ളി ദിനത്തിൽ റോമിലെ കൊളോസിയത്തിൽ നടത്താറുള്ള കുരിശിന്റെ വഴിയിൽനിന്ന് ഫ്രാൻസിസ് മാർപാപ്പ വിട്ടുനിന്നു. ഈസ്റ്റർ ചടങ്ങുകൾക്കായി ആരോഗ്യം സുക്ഷിക്കുന്നതിനു വേണ്ടിയാണു പാപ്പ വിട്ടുനിന്നതെന്നു വത്തിക്കാൻ അറിയിച്ചു. മാർപാപ്പയായി ചുമതലയേറ്റശേഷം കഴിഞ്ഞ 11 വർഷങ്ങൾക്കിടെ ഇതാദ്യമായാണു ഫ്രാൻസിസ് പാപ്പ ചടങ്ങിൽ പങ്കെടുക്കാത്തത്. രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ശുശ്രൂഷകളിൽ കർദിനാൾമാർക്കും മെത്രാന്മാർക്കുമൊപ്പം മാർപാപ്പ പങ്കെടുത്തിരുന്നു.

87 വയസ്സുള്ള മാർപാപ്പ കഴിഞ്ഞ കുറെ മാസങ്ങളായി ബ്രോങ്കൈറ്റിസും തൊണ്ടവേദനയും മറ്റും മൂലം ബുദ്ധിമുട്ടുകയാണ്. ഓശാന ഞായർ ദിവസം സന്ദേശം നൽകുന്നതും ഒഴിവാക്കിയിരുന്നെങ്കിലും പെസഹ ദിനത്തിൽ ആരോഗ്യവാനായിട്ടാണു ശുശ്രൂഷകളിൽ പങ്കെടുത്തത്. റോമിലെ വനിതാ ജയിലിൽ കാൽകഴുകൽ ശുശ്രൂഷ നടത്തുകയും ചെയ്തു.

* നൂറുകണക്കിനു പലസ്തീൻകാരെ കൊന്നൊടുക്കി ഇസ്രയേൽ സൈനികനടപടി തുടരുമ്പോൾ ഒരു വശത്ത് യുദ്ധത്തെ അപലപിച്ചും മറുവശത്ത് ആയുധസഹായം കൂട്ടിയും യുഎസ് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്. ഗാസയുടെ വിവിധ ഭാഗങ്ങളിൽനിന്നു പലായനം ചെയ്തെത്തിയവർ ഉൾപ്പെടെ കഴിയുന്ന തെക്കൻ പട്ടണമായ റഫയിൽ സൈന്യത്തെ ഇറക്കാൻ തയാറെടുക്കുന്ന ഇസ്രയേലിനെ വാക്കാൽ തടയുന്ന യുഎസ് ഇന്നലെ 250 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങളും ബോംബുകളും അടക്കമുള്ള സഹായ പാക്കേജിന് അംഗീകാരം നൽകി. 1000 അടി ചുറ്റളവിൽ കനത്ത നാശം വിതയ്ക്കുന്ന ബോംബുകൾ നേരത്തേയും യുഎസ് നൽകിയിട്ടുള്ളതാണെന്നതുൾപ്പെടെ വിവരങ്ങൾ വാഷിങ്ടൻ പോസ്റ്റ് പത്രമാണ് ആദ്യം പുറത്തുകൊണ്ടുവന്നത്.
സഖ്യരാജ്യമായ ഇസ്രയേലിന് ഓരോ വർഷവും 380 കോടി ഡോളറിന്റെ പ്രതിരോധസഹായമാണ് യുഎസ് നൽകി വരുന്നത്. റഫയിലെ സൈനിക നടപടി സംബന്ധിച്ച അഭിപ്രായഭിന്നത മൂലവും യുഎന്നിലെ വോട്ടെടുപ്പിൽനിന്നു യുഎസ് വിട്ടുനിന്നതിനു ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അൽപം മോശമായെങ്കിലും ബൈഡൻ ഭരണകൂടം ആയുധസഹായം തുടരുകയാണ്. ബേണി സാൻഡേഴ്സ് ഉൾപ്പെടെ സെനറ്റ് അംഗങ്ങൾ ഇതിനെ വിമർശിച്ചു രംഗത്തെത്തി.

* മധ്യ ഗാസയിൽ, അഭയാർഥി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അൽ അഖ്സ ആശുപത്രി പരിസരം ഇസ്രയേൽ ബോംബിട്ടു തകർത്തു. ഇവിടെ താൽക്കാലിക ടെന്റിൽ കഴിഞ്ഞിരുന്ന 2 മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. പലസ്തീൻ സായുധ സംഘങ്ങളുടെ കമാൻഡ് കേന്ദ്രമാണു ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേൽ സേനയുടെ വാദം. യുദ്ധം രൂക്ഷമായ മേഖലകളിൽനിന്നു പലായനം ചെയ്തെത്തിയവരും മാധ്യമപ്രവർത്തകരും കഴിഞ്ഞിരുന്ന ടെന്റുകളാണ് ആക്രമണത്തിൽ തകർന്നതെന്ന് ഗാസയിലെ മീഡിയ ഓഫിസ് പറഞ്ഞു. രണ്ടു തവണ വ്യോമാക്രമണം ഉണ്ടായി. എത്ര പേർ മരിച്ചെന്നു പറയാനാകാത്തവിധം ചിതറിയ നിലയിലാണു മൃതദേഹങ്ങളെന്നു ദൃക്സാക്ഷികളും ആരോഗ്യപ്രവർത്തകരും പറഞ്ഞു. അഭയാർഥികളും മാധ്യമപ്രവർത്തകരും 6 മാസത്തിലേറെയായി അൽ അഖ്സ വളപ്പിലെ താൽകാലിക ടെന്റുകളിൽ കഴിയുകയായിരുന്നു.

* വടക്കൻ സിറിയയിലെ അലെപ്പോ പ്രവിശ്യയിലെ അസസിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ടുകുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ വാങ്ങാൻ വന്നവരുൾപ്പെടെ നിരവധി പേർ മാർക്കറ്റിലുണ്ടായിരുന്നു. സിറിയൻ ഇടക്കാല സർക്കാരിന്റെ ആസ്ഥാനമാണ് അസസ്.
2017ൽ ഇവിടെയുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ നാൽപതിലധികം പേർ കൊല്ലപ്പെട്ടിരുന്നു.

* പടിഞ്ഞാറൻ യുക്രെയ്നിലെ ലിവ്യുവിൽ ഊർജനിലയങ്ങളും അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളും തകർത്ത് റഷ്യയുടെ ക്രൂസ് മിസൈൽ ആക്രമണം. ഒരാൾ കൊല്ലപ്പെട്ടു. വടക്കു കിഴക്കൻ യുക്രെയ്നിലെ ആക്രമണത്തിലും ഒരാൾ മരിച്ചു. രാത്രിയിലുടനീളം റഷ്യ ഡ്രോണാക്രമണം രൂക്ഷമാക്കിയെന്ന് യുക്രെയ്ൻ സേന അറിയിച്ചു. 11 ഡ്രോണുകളിൽ 9 എണ്ണവും 14 ക്രൂസ് മിസൈലുകളിൽ 9 എണ്ണവും തകർക്കാനായെന്നും പറഞ്ഞു. യുക്രെയ്നിലെ ഏറ്റവും വലിയ സ്വകാര്യ ഊർജ കമ്പനിയായ ഡിടിഇകെയുടെ 6 പ്ലാന്റുകളിൽ അഞ്ചും രണ്ടാഴ്ചയ്ക്കിടെയുണ്ടായ ആക്രമണങ്ങളോടെ തകരാറിലായി. കമ്പനിയുടെ ഊർജോൽപാദനത്തിന്റെ 80% ആണു നിലച്ചത്. പ്രവർത്തനം പുനരാരംഭിക്കാൻ ഒന്നര വർഷമെങ്കിലും വേണ്ടിവരും. സേന വെടിവച്ചിട്ട റഷ്യൻ ഡ്രോണിന്റെ അവശിഷ്ടം പതിച്ച് ഊർജനിലയത്തിലുണ്ടായ തീപിടിത്തം മൂലം ഒഡേസ മേഖലയിൽ വൈദ്യുതി നിലച്ചു.

യുക്രെയ്ന് പുതിയ ആയുധ ‌സഹായം പ്രഖ്യാപിച്ച ഫ്രാൻസ് അടുത്ത വർഷം ആദ്യം നൂറുകണക്കിനു കവചിത വാഹനങ്ങളും മിസൈലുകളും നൽകുമെന്നും അറിയിച്ചു. റഷ്യയിൽ, അതിർത്തി മേഖലയായ ബെൽഗൊറോദിൽ യുക്രെയ്നിന്റെ റോക്കറ്റാക്രമണമുണ്ടായി. സേനയിലേക്ക് ആളെയെടുക്കാനുള്ള പുതിയ ഉത്തരവിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഒപ്പിട്ടു.

* സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കമാൻഡർ അടക്കം ഒട്ടേറെ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പ്രധാന എംബസി കെട്ടിടത്തോടു ചേർന്നുള്ള ഓഫിസ് സമുച്ചയം തകർന്നടിഞ്ഞു. ഇറാൻ റവലൂഷനറി ഗാർഡ്സ് കോർപ്സിന്റെ സീനിയർ കമാൻഡർ മുഹമ്മദ് റെസ സഹേദിയടക്കം അഞ്ചുപേർ കൊല്ലപ്പെട്ടതായി അംബാസഡർ ഹുസൈൻ അക്‌ബരി പറഞ്ഞു. ഡമാസ്കസിലെ മെസെ ജില്ലയിലാണ് ഇറാൻ എംബസി. ഇറാൻ പിന്തുണയുള്ള ഹമാസ് ഗാസയിൽ നടത്തുന്ന തിരിച്ചടിക്കും ഇറാനിൽ നിന്നുള്ള ഭീഷണിക്കും മറുപടിയാണ് ഈ ആക്രമണമെന്നാണു വിലയിരുത്തൽ. സഹേദിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു കരുതുന്നതായി ഇറാൻ പ്രതികരിച്ചു.

ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ സിറിയയിൽ മുൻപും ആക്രമണം നടത്തിയിരുന്നു. ഇറാനിൽ നിന്നുള്ള ആയുധനീക്കം തടയാനാണ് ഇസ്രയേൽ ശ്രമമെന്നും വിലയിരുത്തലുണ്ട്. എന്നാൽ ഇസ്രയേൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഇറാനിയൻ ജനറൽമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഇസ്രയേലിനെതിരെ രൂക്ഷവിമര്‍ശനവുമായി സിറിയയും ഇറാനും രംഗത്തെത്തി. എന്തു വിലകൊടുത്തും ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനും ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ലയും മുന്നറിയിപ്പു നൽകി. ആക്രമണത്തേക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചില്ല.

* ഫിൻലൻഡിലെ വന്റാ നഗരത്തിലെ വിയത്തോള സെക്കൻഡറി സ്കൂളിൽ പന്ത്രണ്ടുകാരൻ നടത്തിയ വെടിവയ്പിൽ ഒരു സഹപാഠി കൊല്ലപ്പെട്ടു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. വെടിവച്ച ബാലനെ തോക്കു സഹിതം പൊലീസ് പിടികൂടി. എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കഴിഞ്ഞ ദിവസം രാവിലെ 9ന് ആയിരുന്നു സംഭവം. ബന്ധുവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്. ഫിൻലൻഡിൽ കേസെടുക്കാനുള്ള കുറഞ്ഞ പ്രായം 15 ആണ്. വെടിവച്ച ബാലനിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം ശിശു ക്ഷേമ വിഭാഗം അധികൃതർക്കു കൈമാറും. നായാട്ട് പ്രധാന വിനോദമായതിനാൽ 56 ലക്ഷം മാത്രം ജനസംഖ്യയുള്ള ഫിൻലൻഡിൽ 15 ലക്ഷത്തിലേറെ തോക്കു ലൈസൻസ് നൽകിയിട്ടുണ്ട്. 2007ൽ ടൂസുലയിലെ ഒരു സ്കൂളിൽ പതിനെട്ടുകാരൻ 9 പേരെ വെടിവച്ചുകൊന്നശേഷം സ്വയം വെടിവച്ചു മരിച്ച സംഭവമുണ്ടായി. 2008ൽ കൊഹയോകിയിലെ ഒരു കോളജിൽ ഇരുപത്തിരണ്ടുകാരൻ 10 പേരെ വെടിവച്ചു കൊന്നു. ഈ സംഭവങ്ങൾക്കുശേഷം തോക്കു ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ കർശനമാക്കിയിട്ടുണ്ട്.

* തയ്‌വാനിൽ ശക്തമായ ഭൂചലനം. 7.4 തീവ്രതയോടെയുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ ഒൻപതായി. 934 പേർക്കു പരുക്കേറ്റതായാണ് വിവരം. തയ്‌വാൻ തലസ്ഥാനമായ തായ്പേയിയിലാണ് ഭൂചലനമുണ്ടായത്. 26 കെട്ടിടങ്ങൾ തകർന്നുവീണു. ഇരുപതിലേറെ പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. രണ്ടു കരിങ്കൽ ക്വാറികളിലായി 70 പേർ കുടുങ്ങി. ടരോക്കോ നാഷനൽ പാർക്കിൽ 50 സഞ്ചാരികൾ കുടുങ്ങി. മരിച്ചവരിൽ 6 പേർ ടരോക്കോ നാഷനൽ പാർക്കിലെ സഞ്ചാരികളാണ്. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. പാതകളിൽ വൻ നാശമുണ്ടായതിനാൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. ഭൂചലനത്തിനു പിന്നാലെ സൂനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തയ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലുമാണ് സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൂന്നു മീറ്റർ ഉയരത്തിൽ വരെ സൂനാമി തിരകൾ എത്തിയേക്കും എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വരും മണിക്കൂറുകളിൽ തുടർ ചലനങ്ങളുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 1999ലായിരുന്നു ഇതിനു മുൻപ് സമാന രീതിയിൽ അതിശക്തമായ ഭൂചലനം ഉണ്ടായത്. അന്ന് റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു ഉണ്ടായത്. ഇതിൽ 2400 ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

* അടിമത്തത്തിന്റെ പൊള്ളുന്ന അനുഭവങ്ങളും കോളനിവാഴ്ചയുടെ നരകകാലവും എഴുതിയ മാരിസ് കോൻഡെയ്ക്കു വിട. കരീബിയനിലെ ഗ്വാഡലൂപ്പുകാരിയായ കോൻഡെ (90) ഫ്രാൻസിലായിരുന്നു താമസം. തെക്കൻ ഫ്രാൻസിലെ ആശുപത്രിയിലാണ് അന്തരിച്ചത്. 2018 ൽ ലൈംഗികാരോപണ വിവാദങ്ങൾ മൂലം സ്വീഡിഷ് അക്കാദമി മാറ്റിവച്ച സാഹിത്യ നൊബേലിന്റെ ഒഴിവു നികത്താൻ സ്വീഡനിലെ സാംസ്കാരിക കൂട്ടായ്മ ഒരുക്കിയ ബദൽ നൊബേൽ പുരസ്കാരം കോൻഡെയ്ക്ക് ആയിരുന്നു.

ഫ്രഞ്ച് ഭാഷയിൽ എഴുതിയിരുന്ന കോൻഡെയുടെ ഉപരിപഠനം പാരിസിലെ സോർബോൺ യൂണിവേഴ്സിറ്റിയിലായിരുന്നു. അവിടെ വംശീയവിവേചനം നേരിട്ടപ്പോഴാണ് ആഫ്രിക്കൻ–കരീബിയൻ അടിമത്തചരിത്രത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനാരംഭിച്ചത്. സെഗു (1984) എന്ന നോവലും ചിൽഡ്രൻ ഓഫ് സെഗു (1985) എന്ന രണ്ടാം ഭാഗവും ലോകമെമ്പാടും വായനക്കാരെ നേടി. സെഗു നോവലുകളിലൂടെ ഫുൾബ്രൈറ്റ് സ്കോളർഷിപ് നേടി ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ അധ്യാപികയായി. ഐ ടിടുബ: ബ്ലാക്ക് വിച്ച് ഓഫ് സലേം (1986), ട്രീ ഓഫ് ലൈഫ് (1987), ക്രോസിങ് ദ് മാങ്ഗ്രോവ് (1989), ദ് ബ്യൂട്ടിഫുൾ ക്രീയൗൾ (2001) തുടങ്ങിയവയാണ് മറ്റു രചനകൾ. അവസാന നോവലായ ദ് ഗോസ്പൽ അക്കോർഡിങ് ദു ദ് ന്യൂ വേൾഡ് (2021) ഇന്റർനാഷനൽ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു.

* ഇറാനിലെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റവല്യൂഷനറി ഗാർഡ് ആസ്ഥാനങ്ങൾക്കു നേരെ നടന്ന ഭീകരാക്രമണത്തിൽ 11 സൈനികർ കൊല്ലപ്പെട്ടു. 10 പേർക്കു പരുക്കേറ്റു. പ്രത്യാക്രമണത്തിൽ 16 ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ചബഹാർ, റാസ്ക് പട്ടണങ്ങളിലെ റവല്യൂഷനറി ഗാർഡ് കേന്ദ്രങ്ങൾക്കു നേരെ ജയ്ഷ് അൽ അദ്ൽ ഗ്രൂപ്പാണ് ആക്രമണം നടത്തിയത്. വംശീയ ന്യൂനപക്ഷമായ ബലൂചികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യപ്പെട്ടായിരുന്നു ആക്രമണം. കഴിഞ്ഞ ഡിസംബറിൽ റാസ്കിലെ ഒരു പൊലീസ് സ്റ്റേഷനു നേരെ നടന്ന ആക്രമണത്തിൽ 11 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ജനുവരിയിൽ ഈ തീവ്രവാദി സംഘത്തിന്റെ പാക്കിസ്ഥാനിലെ 2 ആസ്ഥാനങ്ങൾ ഇറാൻ ആക്രമിച്ചത് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷത്തിനിടയാക്കിയിരുന്നു.

* ഇസ്രയേലിനുള്ള ആയുധസഹായം നിർത്തിവയ്ക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) ആവശ്യപ്പെട്ടു. യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രയേൽ ഉത്തരവാദിയാണെന്നും 47 അംഗ കൗൺസിലിൽ 28 പേർ അനുകൂലിച്ച പ്രമേയം ആരോപിച്ചു. 6 മാസം പിന്നിടുന്ന യുദ്ധത്തിൽ ഇതാദ്യമാണു ജനീവ ആസ്ഥാനമായ യുഎൻഎച്ച്ആർസി ഇസ്രയേലിനെതിരെ കർശനനിലപാടു സ്വീകരിക്കുന്നത്. വെടിനിർത്തൽ കരാറിനു അടിയന്തര നടപടി വേണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതിനുപിന്നാലെ, ഗാസയിലേക്കു ജീവകാരുണ്യ സഹായമെത്തിക്കാൻ 2 വഴികൾ തുറന്നുകൊടുക്കാമെന്ന് ഇസ്രയേൽ സമ്മതിച്ചു. വടക്കൻ ഗാസയിലെ ഇറെസ് ഇടനാഴിയും തെക്കൻ ഇസ്രയേലിലെ അഷ്ദോദ് തുറമുഖവുമാണു തുറക്കുക. ഗാസയിൽ ജീവകാരുണ്യ പ്രവർത്തകരെയും ജനങ്ങളെയും സംരക്ഷിക്കാനെടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇസ്രയേലിനുള്ള ഭാവി സഹായമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഗാസയിൽ യുഎസ് സന്നദ്ധ സംഘടനയായ വേൾഡ് സെന്റർ കിച്ചന്റെ 7 പ്രവർത്തകരെ ബോംബിട്ടു കൊന്ന സംഭവത്തിൽ 2 ഓഫിസർമാരെ പുറത്താക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. മറ്റു 3 ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാവും. ഗുരുതരമായ വീഴ്ച സംഭവിച്ചതായും സൈനികചട്ടങ്ങൾ ലംഘിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇസ്രയേൽ സേനാനേതൃത്വം അറിയിച്ചു. എന്നാൽ, സ്വന്തം വീഴ്ചയിൽ സത്യസന്ധമായ അന്വേഷണം നടത്താൻ ഇസ്രയേൽ സൈന്യത്തിനു കഴിയില്ലെന്നും സ്വതന്ത്ര കമ്മിഷനെ വച്ച് അന്വേഷിപ്പിക്കണമെന്നും വേൾഡ് സെൻട്രൽ കിച്ചൻ ആവശ്യപ്പെട്ടു.

* ജനസാന്ദ്രതയേറിയ ന്യൂയോർക്ക് സിറ്റി മെട്രോപൊളിറ്റൻ ഏരിയയിൽ വെള്ളിയാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. വടക്കുകിഴക്കൻ മേഖലയില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 10.23നാണുണ്ടായത്.
ന്യൂജേഴ്‌സിയിലെ വൈറ്റ്‌ഹൗസ് സ്റ്റേഷനു സമീപം, ന്യൂയോർക്ക് സിറ്റിയിൽ നിന്ന് 45 മൈൽ പടിഞ്ഞാറും ഫിലാഡൽഫിയയിൽ നിന്ന് 50 മൈൽ വടക്കുമാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൾ സർവേ റിപ്പോർട്ട് ചെയ്തു. 42 ദശലക്ഷത്തിലധികം ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്ന് ഏജൻസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. നാശനഷ്ടങ്ങൾ സംബന്ധിച്ച് പരിശോധനകൾ നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം യുഎസിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നേരിയ ഭൂചലനം ഉണ്ടായി. വാഷിങ്ടൻ, ന്യൂ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഉൾപ്പെടെ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

സ്റ്റെഫി ദിപിൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments