വേൾഡ് മലയാളി കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് സംഘടിപ്പിക്കുന്ന മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ 2024 ആഘോഷ പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു. ജൂൺ മാസം എട്ടാം തീയതി ഫിലാഡൽഫിയയിലെ സെയിന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് ഹാളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷങ്ങൾ നടക്കും.
മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷപരിപാടികളുടെയും അതിനോട് അനുബന്ധിച്ചു പ്രൊവിൻസ് വിഭാവനം ചെയ്തിരിക്കുന്ന എല്ലാ കാരുണ്യ പ്രവർത്തനങ്ങളുടെയും പുരോഗതി അവലോകനം ചെയ്യുവാൻ ഈ മാസം ഇരുപതാം തീയതി ശനിയാഴ്ച പ്രൊവിൻസിന്റെ ചെയർമാൻ ശ്രീമതി മറിയാമ്മ ജോർജിന്റെ സാൻഫോർഡ് സ്ട്രീറ്റിലുള്ള വസതിയിൽ വച്ച് മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. പരിപാടികളുടെ പൂർണവിജയത്തിനായി നിയോഗിക്കപ്പെട്ട സബ്‌കമ്മിറ്റികൾ അവരവരുടെ റിപ്പോർട്ടുകൾ യോഗത്തിൽ സമർപ്പിക്കുകയും ഏകാഭിപ്രായത്തോടെ യോഗം അത് അംഗീകരിക്കുകയും ചെയ്തു.
ജൂൺ എട്ടാം തീയതി വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ അഞ്ച് മണിവരെ ഫിലാഡൽഫിയയിലെ വിശിഷ്ട അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗവും അഞ്ച് മണിമുതൽ എട്ടു മണിവരെ വിവിധ ആർട്ടിസ്റ്റുകളുടെ കലാസാംസ്കാരിക വിരുന്നിനും വേദി സാക്ഷിയാകും. പ്രൊവിൻസിന്റെ കൾച്ചറൽ
പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീമതി ഷൈലാ രാജന്റെ നേതൃത്വത്തിൽ പ്രൊഫഷണൽ നർത്തകരുടെ ഡാൻസ് ഫെസ്റ്റും ഗായകരുടെ സംഗീത സന്ധ്യയും മറ്റു കലാപരിപാടികളും കോർത്തിണക്കി കലാസാംസ്കാരിക വിരുന്നിനു വർണ്ണശബളമേകും. കേരള തനിമയുടെ രുചി വിളിച്ചറിയിക്കുന്ന വിഭവസമൃദ്ധമായ അത്താഴ വിരുന്നും പങ്കെടുക്കുന്ന എല്ലാവർക്കായും ഒരുക്കിയിട്ടുണ്ട്.
പ്രൊവിൻസിന്റെ അംഗങ്ങളുടെ ഏകാഭിപ്രായവും ഒരുമയോടെയുള്ള പ്രവർത്തനങ്ങളും സംഘടനയുടെ വളർച്ചയെ അനുദിനം സഹായിക്കുന്നുവെന്നും മുൻപോട്ടും നിശ്ചയദാർട്യത്തോടും ശുഭാപ്തിവിശ്വാസത്തോടും ഏറ്റെടുത്തിരിക്കുന്ന കാരുണ്യപ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസിഡന്റ് നൈനാൻ മത്തായിയും ചെയർമാൻ മറിയാമ്മ ജോർജും യോഗത്തിൽ എടുത്തു പറഞ്ഞു. മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷപരിപാടികളുടെ ഭാഗമായി സമാഹരിക്കുന്ന തുകയും, ഫിലാഡൽഫിയയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഉദാരമതികളുടെയും, പ്രൊവിൻസിന്റെ മഹാമനസ്കരായ അംഗങ്ങളുടയും സംഭാവനകൾ കോർത്തിണക്കി കേരളത്തിലെ നിർധനരായ യുവതീ യുവാക്കളുടെ വിവാഹം നടത്തികൊടുക്കുവാനുള്ള വലിയ ഒരു കാരുണ്യപ്രവർത്തനമാണ് പ്രൊവിൻസ് 2024-2025 ലേക്ക് ഏറ്റെടുത്തിരിക്കുന്നത്. അവലോകന യോഗത്തിൽ ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതവും ട്രെഷറർ തോമസ്കുട്ടി വർഗീസ് നന്ദിയും പറഞ്ഞു. യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും മറിയാമ്മ ജോർജും കുടുംബവും രുചികരമായ ഭക്ഷണം ഏർപെടുത്തിയതിലുള്ള പ്രത്യേക നന്ദി അറിയിച്ചു. അസിസ്റ്റന്റ് ട്രെഷറർ ലീലാമ്മ വർഗീസിന്റെ സമാപന പ്രാർത്ഥനയോടും അത്താഴവിരുന്നോടും കൂടി യോഗം ഏഴുമണിക്ക് പര്യവസാനിച്ചു.