ന്യുയോര്‍ക്ക്: മെയ് 26 ഞായാറാഴ്ചയിലെ മനോഹര സായാഹ്നം. ന്യുയോര്‍ക്ക് കേരളാ സെന്ററിന്റെ മെയിൻ ഹാളിൽ കൂടിയ സർഗ്ഗവേദിയുടെ പ്രത്യേക യോഗത്തിൽ പ്രവാസി എഴുത്തുകാരിയും സർഗ്ഗവേദിയുടെ ആത്മബന്ധുവുമായ മാലിനി (നിർമ്മല ജോസഫ്) യുടെ മൂന്നാമത്തെ ചെറുകഥാസമാഹാരം ‘ നൈജൽ ‘ പ്രമുഖ പത്രപ്രവർത്തകൻ ശ്രീ ജോർജ് ജോസഫ് അമേരിക്കൻ മലയാളികളുടെ പ്രിയ കവി ശ്രീ സന്തോഷ് പാലാ ക്ക് നൽകി പ്രകാശനം ചെയ്തു.
ഇരുപത്തൊന്ന് കഥകളടങ്ങിയ ‘ നൈജൽ ‘ എന്ന കഥാസമാഹാരത്തിലെ ഓരോ കഥകളും വേറിട്ടു നിൽക്കുന്ന ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചകളാണെന്നും മൂല്യങ്ങളുടെ അടിവേരുകളറ്റു പോകുന്ന വർത്തമാന സാഹചര്യത്തിൽ ഇതുപോലെ സാമൂഹ്യ പ്രതിബദ്ധതയുള്ള കഥകൾക്ക് പ്രസക്തിയുണ്ടെന്നും ശ്രീ ജോർജ് ജോസഫ് തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സന്തോഷ് പാലാ, മനോഹർ തോമസ്, പി. ടി. പൗലോസ്, കോരസണ്‍ വര്‍ഗീസ്, സാംസി കൊടുമൺ, രാജു തോമസ്, ജോസ് കാടാപുറം, ഉമാ സജി, പ്രൊഫസർ തെരേസ്സ ആന്റണി എന്നിവർ കഥകളെ പറ്റി വിലയിരുത്തലുകൾ നടത്തി കഥാകാരിക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു.
ജെ. മാത്യൂസ്, അലക്സ് എസ്തപ്പാൻ, റോയ് ആന്റണി എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. തുടർന്ന് സാന്നിദ്ധ്യം കൊണ്ട് സദസ്സിനെ ധന്യമാക്കിയ എല്ലാ സഹൃദയരോടും മാലിനി മറുപടി പ്രസംഗത്തിൽ നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ ഒരു സർഗ്ഗസായാഹ്നത്തിന് തിരശീല വീണു.