ദിവസം 4000 സ്റ്റെപ്പ് നടക്കുന്നത് ഏത് രോഗം മൂലവുമുള്ള മരണ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. വെറും 2337 സ്റ്റെപ്പ് പ്രതിദിനം നടക്കുന്നത് വഴി ഹൃദ്രോഗം മൂലമുള്ള മരണസാധ്യത കുറയ്ക്കാമെന്നും പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ലോഡ്സ് നടത്തിയ ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ നടക്കും തോറും ആരോഗ്യ ഗുണങ്ങളും ഏറുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു.
2,26,889 പേരെ ഉള്‍പ്പെടുത്തിയ 17 പൂര്‍വ പഠനങ്ങളുടെ ഡേറ്റ ഉപയോഗിച്ച് ഏഴ് വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. ഓരോ ആയിരം സ്റ്റെപ്പ് അധികം നടക്കുമ്പോഴും മരണ സാധ്യത 15 ശതമാനം വച്ച് കുറയുന്നതായും ഓരോ 500 അധിക സ്റ്റെപ്പ് ഹൃദ്രോഗ സംബന്ധമായ മരണ സാധ്യത ഏഴ് ശതമാനം കുറയ്ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിവിധ പ്രായവിഭാഗക്കാര്‍ക്കുമെല്ലാം നടപ്പിന്റെ ഗുണങ്ങള്‍ ലഭിക്കും. 60 വയസ്സിന് മുകളില്‍ പ്രായമായവര്‍ 6000 മുതല്‍ 10,000 സ്റ്റെപ്പ് വരെ ഒരു ദിവസം നടക്കണമെന്നാണ് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നത്.
ആവശ്യത്തിന് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതാണ് ലോകത്തില്‍ നടക്കുന്ന മരണങ്ങളുടെ നാലാമത്തെ വലിയ കാരണമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 32 ലക്ഷം മരണങ്ങള്‍ പ്രതിവര്‍ഷം ഇത് മൂലം സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
സജീവമായ ജീവിതശൈലി പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും എളുപ്പം നടപ്പിലാക്കാവുന്ന വ്യായാമമാണ് നടപ്പ്. രാവിലെയോ വൈകുന്നേരമോ നടക്കുന്നതിന് പുറമേ ഓഫീസിലും പഠനസ്ഥലത്തുമൊക്കെ കഴിയുന്ന സമയത്തൊക്കെ നടന്ന്, നടപ്പ് ജീവിതശൈലിയുടെ ഭാഗമാക്കാനും ശ്രമിക്കേണ്ടതാണ്.