Logo Below Image
Tuesday, May 6, 2025
Logo Below Image
Homeഅമേരിക്കമലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കാഗോയുടെ സ്വപ്നം സഫലമാക്കാന്‍ എബ്രഹാം വര്‍ക്കി

മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കാഗോയുടെ സ്വപ്നം സഫലമാക്കാന്‍ എബ്രഹാം വര്‍ക്കി

എ.എസ് ശ്രീകുമാര്‍

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനിള്‍ക്ക് ഒരു ചിരകാല സ്വപ്നമുണ്ടെന്നും അത് സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ് മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കാഗോ (എം.ഒ.സി.എസ്) നിലകൊള്ളുന്നതെന്നും സംഘടനയുടെ വൈസ് പ്രസിഡന്റ് എബ്രഹാം വര്‍ക്കി പറഞ്ഞു. അടുത്ത മാസം ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടുന്ന എം.ഒ.സി.എസ് തങ്ങളുടെ കുടുംബാംഗങ്ങളെയെല്ലാം വിശ്വാസത്തോടൊപ്പം സാമൂഹികവും സാംസ്‌കാരികമായും ഒരുമിപ്പിക്കുന്ന വേദിയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആത്മീയ കാര്യങ്ങളില്‍ നിന്ന് ഒട്ടും അകന്നുപോകാതെ പുതുതലമുറയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഈ സൊസൈറ്റി ‘മലങ്കര ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രസ്’ എന്ന നിലയില്‍ നോര്‍ത്ത് അമേരിക്കയിലെമ്പാടും വ്യാപിക്കുന്ന കാലം വിദൂരമല്ലെന്നും എബ്രഹാം വര്‍ക്കി പ്രത്യാശ പ്രകടിപ്പിക്കുന്നു. നാട്ടിലായിരിക്കുമ്പോഴും കര്‍മഭൂമിയായ അമേരിക്കയിലെത്തിയ ശേഷവും പള്ളിയുമായി എപ്പോഴും ഇടപഴകി തന്റെ വിശ്വാസ ജീവിതത്തിന് കരുത്തേകുന്ന എബ്രഹാം വര്‍ക്കി സ്തുത്യര്‍ഹമായ സേവനത്തിന് ശേഷമാണ് ഔദ്യോഗിക രംഗത്തുനിന്നും വിരമിച്ചത്.

കോട്ടയം ജില്ലയിലെ ചിങ്ങവനത്തിനടുത്തുള്ള കുഴിമറ്റം ചാലുവേലില്‍ പരേതരായ എം.കെ വര്‍ക്കിയുടെയും മറിയാമ്മ വര്‍ക്കിയുടെയും ഇളയ മകനാണ് അനിമോന്‍ എന്ന എബ്രഹാം വര്‍ക്കി. ബിസിനസുകാരനായിരുന്നു പിതാവെങ്കില്‍ മാതാവ്, ‘മലങ്കര സഭാ ഭാസുരന്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ (വട്ടശ്ശേരില്‍ തിരുമേനി) മല്ലപ്പള്ളിയിലെ കുടുംബത്തില്‍പ്പെട്ട വ്യക്തിയാണ്. അതിനാല്‍ത്തന്നെ തീര്‍ത്തും വിശ്വാസത്തില്‍ അധിഷ്ടിതമായ കൂടുംബാന്തരീക്ഷത്തില്‍ നിന്നാണ് കുഴിമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമായ എബ്രഹാം വര്‍ക്കി കടന്നു വന്നിട്ടുള്ളത്.

ബാലജനസഖ്യത്തിലൂടെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ച എബ്രഹാം, കുഴിമറ്റം സന്തോഷ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ രൂപീകരണത്തിനും വൈ.എം.സി.എ യുടെ പ്രവര്‍ത്തനങ്ങളിലും നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും എല്ലാം തെളിഞ്ഞ വ്യക്തിത്വമായിരുന്നു. കോട്ടയം ബസേലിയോസ് കോളേജില്‍ നിന്നും ബി.സ്.സി പഠനം കഴിഞ്ഞ് ഇരുപതാം വയസ്സില്‍ ചിക്കാഗോയിലെത്തിയ എബ്രഹാം വര്‍ക്കി ജോലിയോടൊപ്പം പഠനവും തുടര്‍ന്നു. നോര്‍ത്ത് വെസ്റ്റണ്‍ ബിസിനസ് കോളേജില്‍ അക്കൗണ്ടിംഗ് പഠനത്തിനിടയില്‍ ചിക്കാഗോ ട്രാന്‍സിറ്റ് അതോറിറ്റിയുടെ റെയില്‍വേ വിഭാഗത്തില്‍ ഔദ്യാഗിക ജീവിതം ആരംഭിച്ചു.

ജോലിയിലിരിക്കെ സഭാപ്രവര്‍ത്തനങ്ങളിലും മുഴുകിയ എബ്രഹാം വര്‍ക്കി ഷിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ അംഗമായി. 10 വര്‍ഷം സഭാ അസംബ്ലി മെമ്പറായും 2017 മുതല്‍ 2022 വരെ സൗത്ത് വെസ്റ്റ് ഭദ്രാസന കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. ചിക്കാഗോ ട്രാന്‍സിറ്റ് അതോറിറ്റിയിലെ ഇരുപത്തേഴു വര്‍ഷത്തെ സുസ്ത്യര്‍ഹമായ സേവനത്തിനു ശേഷം ഏര്‍ലി റിട്ടയര്‍മെന്റ് എടുത്ത എബ്രഹാം വര്‍ക്കി എ.ആര്‍ ഡെവലപ്പേഴ്സ് എന്ന സ്വന്തം റിയല്‍ എസ്റ്റേറ്റ് നിര്‍മാണ കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവത്തങ്ങളിലും ശ്രദ്ധ കേന്ദ്രികരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സഭയുടെ വിശ്വാസ ധാരയില്‍ ചേര്‍ന്നുപോരുന്ന ഷിക്കാഗോയിലെ നാലുപള്ളികളിലും ഉള്‍പ്പെടുന്ന കുടും ബാംഗങ്ങളെ സാമൂഹിക സാംസാകാരിക വേദിയില്‍ അണിനിരത്തി സൗഹൃദം ഊട്ടിയുറപ്പിച്ച് എം.ഒ.സി.എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടിയുള്ള പുറപ്പാടിലാണ് ഇദ്ദേഹം.

എം.ഒ.സി.എസ് എന്ന സാമൂഹിക കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനവും ഫാമിലി നൈറ്റും വരുന്ന മെയ് 10-ാം തീയതി ശനിയാഴ്ച വൈകുന്നേരം ഓക് ബ്രൂക്കിലെ ഷിക്കാഗോ മാരിയറ്റ് ഓക് ബ്രൂക്ക് ഹോട്ടലില്‍ നടക്കും.

ബെല്‍വുഡിലുള്ള സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ ചര്‍ച്ച് അംഗമെന്ന നിലയില്‍ എം.ഒ.സി.എസിന്റെ ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയായ എബ്രഹാം വര്‍ക്കി സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് സരളമായ അഭിമുഖ സംഭാഷണത്തിലൂടെ വിശദീകരിക്കുന്നു.

? മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കാഗോയുടെ രൂപീകരണത്തിലേയ്ക്ക് നയിച്ച സാഹചര്യം എന്തായിരുന്നു…

* ഷിക്കാഗോയില്‍ ഞങ്ങള്‍ക്ക് നാല് പള്ളികള്‍ ഉണ്ട്. ആ ഇടവകകളിലെ കുടുംബാംഗങ്ങളെ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള വേദി എന്ന നിലയിലാണ് എം.ഒ.സി.എസ് രൂപീകരിച്ചത്. പുതിയ തലമുറയ്ക്കും യുവജനങ്ങള്‍ക്കും അവര്‍ക്കിഷ്ടപ്പെട്ട വിനോദങ്ങളിലും മറ്റും ഏര്‍പ്പെടാന്‍ സൗകര്യമൊരുക്കുന്നതാണ്. ആദ്യത്തെ തലമുറയില്‍ പെട്ട സീനിയേഴ്‌സിന്റെ മക്കളൊക്കെ കുടുംബസമേതം പലയിടങ്ങളിലേക്കും താമസം മാറിപ്പോയിട്ടുണ്ട്. അതോടെ വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധരായ മാതാപിതാക്കള്‍ക്കെല്ലാം ഒന്നിച്ചു ചേര്‍ന്ന് അവരുടേതായ ഒരു ലോകത്തില്‍ വ്യാപരിക്കാന്‍ പൊതുവായ ഒരു സ്ഥലവും അന്തരീക്ഷവും സംജാതമാക്കുക എന്നതും ഈ സൊസൈറ്റിയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

? ഈ ആലോചന പെട്ടെന്നൊരു സാഹചര്യത്തില്‍ ഉണ്ടായതാണോ…

* അല്ല. കുറച്ചു നാളുകളായി ഞങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ആശയമാണിത്. മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സഭയില്‍ ഇങ്ങനെയൊരു സംവിധാനം തീര്‍ച്ചയായും വേണമെന്ന ഒരു ചിന്ത നേരത്തെ മുതല്‍ ഉണ്ടായിരുന്നു. അമേരിക്കയില്‍ ആദ്യമായി ഷിക്കാഗോയിലാണ് ഇത്തരമൊരു കൂട്ടായ്മയ്ക്ക് തുടക്കമിടുന്നത്. ചിക്കാഗോയിലെ നാലു മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് പള്ളികളിലും ചേര്‍ന്നുവരുന്ന പുരോഗമന ചിന്താഗതിക്കാരായ ഏതാനും ചിലര്‍ കൂടിയാലോചിച്ചു രൂപംകൊടുത്ത ഒരു പ്രസ്ഥാനമാണ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ക്രിസ്ത്യന്‍ സൊസൈറ്റി ഓഫ് ചിക്കാഗോ (മോക്‌സ് ചിക്കാഗോ).

? എന്തുകൊണ്ടാണ് മോക്‌സ് എന്ന പേര് സ്വീകരിച്ചത്…

* മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയ്‌ക്കോ സഭയിലെ ഏതെങ്കിലും ഒരു പള്ളിക്കോ സഭയിലെ ആത്മീയ നേതൃത്വത്തിനോ എതിരായി പ്രവര്‍ത്തിക്കുവാന്‍ ഈ പ്രസ്ഥാനത്തിന് യാതൊരു ലക്ഷ്യവുമില്ല. അങ്ങനെ ആരെങ്കിലും പ്രചരിപ്പിക്കുന്നുവെങ്കില്‍ അത് ഒരു മിഥ്യാധാരണയായി തള്ളിക്കളയുക. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ. കാതോലിക്കേറ്റിനോടും അതില്‍ വാണരുളുന്ന പ. ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ തിരുമേനിയോടും പ. സുന്നഹദോസിനോടും ഈ പ്രസ്ഥാനത്തിലെ ഓരോരുത്തര്‍ക്കുമുള്ള ഭക്തിയും കൂറും അടിവരയിട്ടു പ്രഖ്യാപിക്കുന്നു. എന്നാല്‍ സഭയുമായി ഈ പ്രസ്ഥാനത്തിന് യാതൊരു ബന്ധവുമില്ലായെന്നും ക്രിസ്ത്യാനിറ്റിയില്‍ നമ്മള്‍ക്കുള്ള ഐഡന്റിറ്റി മലങ്കര ഓര്‍ത്തഡോക്ള്‍സ് ക്രിസ്ത്യന്‍ എന്നതിനാലുമാണ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ക്രിസ്ത്യന്‍ സൊസൈറ്റി എന്ന പേര് നല്‍കിയിരിക്കുന്നത്.

? എന്തുകൊണ്ടാണ് ഇങ്ങനെയൊരു സൊസൈറ്റി…

* 2009-ലാണ് നോര്‍ത്ത് അമേരിക്കയിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ രണ്ടാമത്തെ ഭദ്രാസനമായ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ആരംഭിക്കുന്നത്. 2012 മുതല്‍ പത്തുവര്‍ഷത്തോളം സൗത്ത് അമേരിക്കന്‍ ഭദ്രാസന അസംബ്ലി മെമ്പറായും കൗണ്‍സില്‍ മെമ്പറായും പ്രവര്‍ത്തിക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ അവസരത്തില്‍ അമേരിക്കയിലെ വിവിധ പള്ളികള്‍ സന്ദര്‍ശിക്കുകയും ജനങ്ങളോട് സംവാദിക്കുകയും ചെയ്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നോര്‍ത്ത് അമേരിക്കയില്‍ കുറച്ചു പള്ളികള്‍ അല്ലാതെ മറ്റ് യാതൊരു സ്ഥാപനങ്ങളും കെട്ടിപ്പടുക്കുവാന്‍ സാധിച്ചിട്ടില്ല എന്നത് ഖേദകരമാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ചിക്കാഗോയിലുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ പൊതുവായ ഒരു സ്ഥാപനം എന്ന നിലയിലാണ് ഒരു കമ്മ്യൂണിറ്റി സെന്റര്‍ നിര്‍മ്മിക്കുക എന്ന ആശയം ഉടലെടുക്കുന്നത്.

? എം.ഒ.സി.എസിന്റെ പ്രവര്‍ത്തന രീതിയും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെ…

* ജന്മനാട്ടില്‍ നിന്ന് നമുക്ക് പൈതൃകമായി ലഭിച്ച ഓര്‍ത്തഡോക്‌സ് സംസ്‌കാരം ഒട്ടും ചോര്‍ന്നു പോകാതെ പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക, അവരെ നമുക്കാവും വിധത്തില്‍ മലയാള ഭാഷ പഠിപ്പിച്ച് നമ്മുടെ സംസ്‌കൃതിയില്‍ വളര്‍ന്നു വരാനുള്ള സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ സൊസൈറ്റിയുടെ പരമപ്രധാനമായ ലക്ഷ്യങ്ങളാണ്. ചില കുട്ടികളും യുവജനങ്ങളും ആത്മീയതയില്‍ നിന്ന് വിട്ടു പോകുന്ന ഒരു പ്രവണത കണ്ടു തുടങ്ങിയിട്ടുണ്ട്. അതിനൊക്കെയുള്ള പ്രതിവിധിയെന്നോണം മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കമ്മ്യൂണ്റ്റിയെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കി മാറ്റുക എന്ന ആത്യന്തിക ലക്ഷ്യവും എം.ഒ.സി.എസിന്റെ രൂപീകരണത്തിനു പിന്നിലുണ്ട്.

? വിശ്വാസത്തില്‍ നിന്നും പള്ളിയില്‍ നിന്നും അകന്ന് നില്‍ക്കുന്നവരുടെ താത്പര്യങ്ങള്‍ എന്തെല്ലാമാണ്…

* സ്പിരിച്ച്വല്‍ ലൈഫിനെ അപേക്ഷിച്ച് സോഷ്യല്‍ ആക്ടിവിറ്റികളിലാണ് അവര്‍ക്കേറെ താത്പര്യം എന്നാണ് മനസ്സിലാക്കേണ്ടത്. ആത്മീയമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക കാഴ്ചപ്പാടോടെയായിരിക്കും എം.ഒ.സി.എസ് പ്രവര്‍ത്തിക്കുക. കലാ-കായിക മത്സരങ്ങള്‍, ഫാഷന്‍ ഷോകള്‍ തുടങ്ങിയ പരിപാടികള്‍ വേദിയില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കി കുട്ടികളും കൗമാര പ്രായക്കാരുമൊക്കെ ഉള്‍പ്പെടുന്ന തലമുറയെ നമ്മളിലേക്ക് ആകര്‍ഷിക്കുവാനുള്ള വിവിധ പദ്ധതികളാണ് കാലോചിതമായി എം.ഒ.സി.എസ് ആവിഷ്‌ക്കരിക്കുക. വിനോദയാത്രകള്‍ നടത്താനും ഉദ്ദേശിക്കുന്നു. ഓര്‍ത്തഡോക്‌സ് സഭ എപ്പോഴും അതിന്റെ അച്ചടക്കം അനുസരിച്ചാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ ചിലര്‍ അതിനപ്പുറമായി സ്പിരിച്ച്വല്‍ ഫെലോഷിപ്പുകളിലേക്ക് പോകുന്നുണ്ട്. അങ്ങനെയുള്ളവരെയും ഈ സൊസൈറ്റിയില്‍ ഉള്‍പ്പെടുത്തുന്നതാണ്.

? സഭയില്‍ നിന്ന് മാറി ചിന്തിച്ചു പോകുന്നവരുടെ എണ്ണം കൂടുന്നതായി തോന്നിയിട്ടുണ്ടോ…

* അങ്ങനെ പ്രകടമായ ഒരു ഒഴുക്ക് ഉണ്ടെന്നു തോന്നുന്നില്ല. അതേസമയം, അമേരിക്കയില്‍ ആദ്യം കുടിയേറി പാര്‍ത്തവരുടെ മക്കളായിട്ടുള്ളവര്‍ അതായത് സെക്കന്റ് ജനറേഷനിലെ ഒത്തിരി യുവാക്കള്‍ സഭയില്‍ നിന്നും വിട്ട് മറ്റ് പള്ളികളില്‍ ചേര്‍ന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

? ഇങ്ങനെയൊരു കൊഴിഞ്ഞു പോക്കിന്റെ കാരണമെന്താണെന്ന് വിചിന്തനം ചെയ്തിട്ടുണ്ടോ…

* നമുക്കെല്ലാം വലിയ പരിമിതികളുണ്ട്. ആദ്യത്തെ ജനറേഷനില്‍ എത്തിയവര്‍ക്ക് ഇവിടെയൊരു സ്വസ്ഥമായ ജീവിതം കെട്ടിപ്പടുക്കുവാനുള്ള ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. അക്കാലത്ത് തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങള്‍ മൂലം മാതാപിതാക്കള്‍ക്ക് ഇവിടുത്തെ സോഷ്യല്‍ ആക്ടിവിറ്റികളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. കുട്ടികള്‍ സ്‌കൂളുകളിലൊക്കെ പഠിച്ച് വേറൊരു സംസ്‌കാരത്തില്‍ ആകൃഷ്ടരായി എന്നും പറയാം. അതിനൊരു മാറ്റം ആവശ്യമാണ്.

? നോര്‍ത്ത് അമേരിക്കയിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ശക്തി എത്രത്തോളമുണ്ട്…

* എഴുപതുകളിലായിരിക്കണം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തുടങ്ങുന്നത്. ഏതാനും അച്ചന്മാരും കുറച്ച് വിശ്വാസികളുമൊക്കെ കൂടിച്ചേര്‍ന്ന് ചെറിയ കൂട്ടായ്മകളായി വീടുകളിലൊക്കെ കുര്‍ബാന നടത്തിയാണ് വളരെ എളിയ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇപ്പോള്‍ മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സഭയ്ക്ക് രണ്ട് ഭദ്രാസനങ്ങളാണുള്ളത്. ന്യൂയോര്‍ക്ക് കേന്ദ്രമാക്കിയുള്ള നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനവും ഹൂസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൗത്ത് വെസ്റ്റ് ഭദ്രാസനവും. ഈ രണ്ട് ഭദ്രാസനങ്ങളിലുമായി 130-ഓളം പള്ളികളുണ്ട്. കൂടാതെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഭാഗമായിരുന്ന കാനഡയില്‍ പുതിയ ഭദ്രാസനം യാഥാര്‍ത്ഥ്യമായിട്ടുണ്ട്. അങ്ങനെ നോര്‍ത്ത് അമേരിക്കയില്‍ മൊത്തം മൂന്ന് ഭദ്രാസനങ്ങളുണ്ട്. കാനഡയിലെ പള്ളികള്‍ കൂടി കണക്കിലെടുത്താല്‍ മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സഭയില്‍ 150-ഓളം പള്ളികള്‍ ഉണ്ട്.

? നിലവില്‍ സഭാംഗങ്ങള്‍ക്കെല്ലാം ഒത്തുകൂടുവാനുള്ള സാഹചര്യം ഇല്ലെന്നാണോ…

* അങ്ങനെയല്ല, മൂന്നു വര്‍ഷം കൂടുമ്പോള്‍ സഭയുടേതായി ഫാമിലി കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള കൂട്ടായ്മകള്‍ നടത്താറുണ്ട്. അതേസമയം, എല്ലാ ഞായറാഴ്ചയും പള്ളിയില്‍ വരാതെ വല്ലപ്പോഴും ഒക്കെ എത്തുന്ന വിശ്വാസികളും നമ്മുടെ ഇടയിലുണ്ട്. അവരെയും ഒപ്പം ചേര്‍ത്ത് സഭാപരമായ കെട്ടുറപ്പോടു കൂടി പ്രവര്‍ത്തിക്കുവാനാണ് എം.ഒ.സി.എസ് പ്ലാന്‍ ചെയ്യുന്നത്.

? ഷിക്കാഗോയ്ക്ക് പുറത്ത് എം.ഒ.സി.എസിന്റെ ഘടകങ്ങള്‍ രൂപീകരിക്കപ്പെടാനുള്ള സാധ്യത…

* എം.ഒ.സി.എസിന്റെ രൂപീകരണത്തെ പറ്റി അറിഞ്ഞ വിശ്വാസികള്‍ ന്യൂയോര്‍ക്ക്, ഡാളസ്, കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നമ്മളെ ബന്ധപ്പെടുന്നുണ്ട്. തങ്ങളുടെ സ്ഥലങ്ങളിലും ഇതുപോലെ സൊസൈറ്റികള്‍ രൂപീകരിക്കാനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരെയെല്ലാം എം.ഒ.സി.എസ് അകമഴിഞ്ഞ് പിന്തുണയ്ക്കും. നോര്‍ത്ത് അമേരിക്കയെ മൊത്തത്തില്‍ പ്രതിനിധാനം ചെയ്യുന്ന ‘ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രസ്’ എന്ന ഒരു കേന്ദ്ര സംഘടന ഭാവിയില്‍ രൂപീകരിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

? എം.ഒ.സി.എസിനെ ഷിക്കാഗോയിലെ വിശ്വാസി സമൂഹം എപ്രകാരമാണ് സ്വീകരിക്കുന്നത്…

* എല്ലാ പ്രായത്തില്‍ പെട്ടവരുടെയും സഹകരണവും സാന്നിധ്യവുമുണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സൊസൈറ്റിയുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഏവരുടെയും ആത്മാര്‍ത്ഥമായ പിന്തുണയുമുണ്ട്. സഭയുടെ അഭിവൃദ്ധിക്കു വേണ്ടിയാണ് എം.ഒ.സി.എസ് നിലകൊള്ളുന്നതെന്ന് വിശ്വാസികള്‍ക്കെല്ലാം ബോധ്യം വന്നിട്ടുമുണ്ട്.

? എങ്ങിനെയാണ് വിവിധ പ്രായത്തിലുള്ളവരെ അഭിസംബോധന ചെയ്യുന്നത്…

* എല്ലാ പ്രായത്തിലുമുള്ളവരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. സീനിയേഴ്‌സ് ഫോറം, യൂത്ത് ഫോറം, വിമന്‍സ് ഫോറം, ചില്‍ഡ്രന്‍സ് ഫോറം തുടങ്ങിയ കമ്മറ്റികള്‍ രൂപീകരിക്കുകയും അതിന്റെയൊക്കെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ തലങ്ങളിലും പുതിയ ഭാരവാഹികള്‍ വന്നുകൊണ്ടിരിക്കും.

? കമ്മ്യൂണിറ്റി സെന്ററിന്റെ രൂപീകരണത്തെ പറ്റി…

* നമ്മുടെയൊരു വലിയ സ്വപ്നമാണ് കമ്മ്യൂണിറ്റി സെന്റര്‍. ഒരു സ്‌പോര്‍ട്‌സ് അരീന ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും പ്രയോജനം ലഭിക്കത്തക്ക രീതിയിലുള്ള അത്യാധുനിക സംവിധാനങ്ങള്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഉണ്ടായിരിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് പ്രവര്‍ത്തന ക്ഷമമാക്കാനാണ് ആഗ്രഹിക്കുന്നത്. കമ്മ്യൂണിറ്റി സെന്റര്‍ നിര്‍മിക്കാന്‍ പലതരം എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകള്‍ നടത്തിയും സ്‌പോണ്‍സര്‍ഷിപ്പു വഴിയും പണം സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്. ചിക്കാഗോയിലുള്ള ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ സാമൂഹികവും ഭൗതീകവുമായ ഉന്നമനമാണ് സൊസൈറ്റിയിലൂടെ ലക്ഷ്യമിടുന്നത്. ജോലിയില്‍നിന്നു വിരമിച്ചു വീട്ടില്‍ കഴിയുന്നവര്‍ക്കും, യുവജനതക്കും, കുട്ടികള്‍ക്കും വിവിധ സ്‌പോര്‍ട്‌സ്, കല, സാംസ്‌കാരിക പരിപാടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനുള്ള ഒരു കമ്മ്യൂണിറ്റി സെന്റര്‍ നിര്‍മ്മിക്കുവാനും അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഈ കമ്മ്യൂണിറ്റിക്കുവേണ്ട സേവനങ്ങള്‍ ലഭ്യമാക്കുവാനും ഈ പ്രസ്ഥാനം പ്രതിജ്ഞാബദ്ധമായിരിക്കും.

? വൈസ് പ്രസിഡന്റ് എന്ന നിലയില്‍ സൊസൈറ്റിയെ പറ്റി എന്താണ് പറയുവാനുള്ളത്…

* ഷിക്കാഗോ ലാന്‍ഡിലുള്ള എല്ലാ മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിശ്വാസികളും എം.ഒ.സി.എസില്‍ അംഗങ്ങളായി തങ്ങളുടെ കമ്മ്യൂണിറ്റിയോടുള്ള പ്രതിബദ്ധതയും സ്‌നേഹവും തുറന്ന് പ്രകടിപ്പിക്കേണ്ടതുണ്ട്. വാസ്തവത്തില്‍ ഈ സൊസൈറ്റി നമ്മുടെ പുതിയ തലമുറയ്ക്കാണ് ഏറെ പ്രയോജനം ചെയ്യുക. ഇപ്പോഴത്തെ കുട്ടികളെല്ലാം ഒരു വേദിയില്‍ ഒത്തു ചേര്‍ന്ന് പരസ്പരം ആശയങ്ങള്‍ പങ്കു വയ്ക്കുകയും സുഹൃദ്ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യകരമായ ഒരു ജീവിതത്തിലേയ്ക്കായിരിക്കും അവര്‍ പ്രവേശിക്കുക. ജീവിത പങ്കാളിയെ കണ്ടെത്താനും സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കുവാനും അച്ചടക്കമുള്ള ഓര്‍ത്തഡോക്‌സ് സഭാമക്കളായി വളര്‍ന്ന് നമ്മുടെ അഭിമാനഭാജനങ്ങളായി തീരുവാനും എം.ഒ.സി.എസ് ഇവിടെ വഴി തുറക്കുകയാണ്.
****************************

എബ്രഹാം വര്‍ക്കിയുടെ ഭാര്യ ഡോ. റീന വര്‍ക്കി യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്‌സിന്റെ ഷിക്കാഗോ വി.എ ഹോസ്പിറ്റലില്‍ ചീഫ് നേഴ്‌സ് മാനേജരായി ജോലി ചെയ്യുന്നു. മൂത്ത മകന്‍ ആല്‍ബിന്‍ എബ്രഹാം ബാങ്ക് ഓഫ് അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറാണ്. ഇളയ മകന്‍ റൂബിന്‍ എബ്രഹാം ഇലക്ട്രിക്കല്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്നു.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ തിരക്കുപിടിച്ച ജീവിത വ്യാപാരത്തിനിടയിലും തന്റെ കുടുംബത്തിനൊപ്പം സ്വന്തം സഭയോടും സഭാകുടുംബാംഗങ്ങളോടുമുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് എബ്രഹാം വര്‍ക്കി. മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കാഗോയെ ആത്മീയതയില്‍ അടിയുറച്ച് സാമൂഹിക മുന്നേറ്റത്തിനായി പ്രവര്‍ത്തിക്കുന്ന വലിയൊരു പ്രസ്ഥാനമായി വളര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം നടത്തുന്ന ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളെല്ലാം വിജയപ്രദമാവട്ടെയെന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു.

എ.എസ് ശ്രീകുമാര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ