“എന്താ മാഷേ വായനശാലയിൽ വലിയൊരാൾക്കൂട്ടം ? എന്താ സംഭവം ? ”
“ഓ, അതോ….. അവിടെ എല്ലാവരും വാർത്തകാണാൻ കൂടിനിൽക്കുന്നതാ..”
“വാർത്തകാണാനോ ? അതൊരു അസാധാരണമായ കാര്യമാണല്ലോ മാഷേ ?”
“അസാധാരണമായ വാർത്തകൾ പുറത്തുവരുമ്പോൾ അതെന്താണെന്നറിയാനുള്ള ജനങ്ങളുടെ ആകാംക്ഷ സ്വഭാവികമല്ലെ ലേഖേ ?”
“മാഷേ, അതൊക്കെ ശരിയായിരിക്കും പക്ഷെ, ഇന്നെന്താണാവോ ഇത്രയും പ്രാധാന്യമുള്ള വാർത്ത ?”
“ഇന്ന് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കൊലക്കേസിൻ്റെ വിധിപറയുന്ന ദിവസമായിരുന്നു. അതിൻ്റെ പ്രതിയാണെങ്കിൽ ഒരു ചെറുപ്പക്കാരിയും. അപ്പോൾപ്പിന്നെ കോടതിവിധി എന്താണെന്നറിയാനുള്ള ആകാംക്ഷ സ്വാഭാവികമായും ജനങ്ങൾക്കുണ്ടാവില്ലേ ?”
” ഒരു ചെറുപ്പക്കാരിയാണോ മാഷേ ആ കൊലപാതകം ചെയ്തത് ?”
” ആങ്ഹാ, അതെ. അതും സ്വന്തം കാമുകനെത്തന്നെ. ”
“പരസ്പരം സ്നേഹിക്കുന്നവർ അങ്ങനെയൊക്കെ ചെയ്യുമോ മാഷേ ? അതിനാണോ അവർ പ്രണയിച്ചത് ?”
“ലേഖേ, ഇന്നത്തെക്കാലത്ത് സ്നേഹത്തിനും വിശ്വാസത്തിനുമൊന്നും യാതൊരു വിലയുമില്ലാതായിരുക്കുന്നു. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ആരെയും കൊന്നുതള്ളാമെന്നുവരെയായി കാര്യങ്ങൾ. അത് അച്ഛനോ അമ്മയോ കാമുകനോ ആരുമാവട്ടെ സൗഭാഗ്യങ്ങൾക്ക് തടസം നിൽക്കുന്നവരെ ഭൂമിയിൽ നിന്ന് തന്നെ ഒഴിവാക്കുക. അതാണിവിടെ നടന്നിരിക്കുന്നതും.”
” അവർ തമ്മിൽ എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടായിരുന്നിരിക്കും മാഷേ അതാവും കൊലപാതകത്തിൽ കലാശിച്ചത്. ”
” ഏയ്, അങ്ങനെയൊന്നുമില്ലടോ , ആ പെണ്ണിന് മറ്റൊരു കല്യാണാലോചനവന്നു. ആ പയ്യനെ വിവാഹം കഴിക്കാൻവേണ്ടി സ്നേഹം നടിച്ച് കാമുകന് കുടിക്കാൻ കൊടുത്ത ജൂസിലും കഷായത്തിലുമൊക്കെ വിഷം ചേർത്തു . അവളെ ജീവനുതുല്യം സ്നേഹിച്ച പാവം കാമുകനാവട്ടെ അവളെ സംശയമില്ലാത്തതുകൊണ്ട് അവൾ നൽകിയ വിഷപാനിയം കുടിക്കുകയും ചെയ്തു. അവസാനം ഇരിറ്റ് വെള്ളം പോലും കുടിക്കാൻ പറ്റാതെയാണ് ആ പാവം മരിച്ചത് . ”
” ഹോ, കേട്ടിട്ടു തന്നെ പേടിയാകുന്നു മാഷേ. വിദേശ രാജ്യങ്ങളിൽ വിശ്വാസവഞ്ചന കാണിക്കുന്നവർക്ക് വധശിക്ഷ നൽകാറുണ്ടെന്ന് കേട്ടിട്ടുണ്ട് അതുപോലുള്ള നിയമങ്ങൾ നമ്മുടെ നാട്ടിലും വരണം. ”
” ലേഖേ ഓരോ രാജ്യങ്ങൾക്കും അവരവരുടേതായ നിയമവ്യവസ്ഥിതിയുണ്ട് നമ്മുടെ രാജ്യം അഹിംസയിൽ വിശ്വസിക്കുന്ന ഒരു ജനാധിപത്യ രാജ്യമായതിനാൽ നിയമങ്ങളിലും അതിൻ്റേതായ പ്രത്യേകതകളുണ്ട്. എന്നാൽപോലും അപൂർവ്വങ്ങളിൽ അപൂർവ്വമായ ചില കുറ്റകൃത്യങ്ങൾക്ക് നമ്മുടെ നിതിന്യായ കോടതികളും വധശിക്ഷ വിധിക്കാറുണ്ട്. ഇതും അതരത്തിലുള്ള ഒരു കൊലപാതകമായതുകൊണ്ട് ഇതിലെ കുറ്റക്കാരിയായ പെൺകുട്ടിക്കും വധശിക്ഷയാണ് കോടതി വിധിച്ചത്. ആ വാർത്ത കേൾക്കാൻ വായനശാലയിൽ തടിച്ചുകൂടിയവരെയാണ് താൻ കണ്ടതും. ”
“അപ്പോ അതാണല്ലേ കാര്യം. മാഷേ, കുറ്റം ചെയ്യുന്നവർ എത്ര വലിയവരായാലും അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത് അതുകൊണ്ടുതന്നെ അകാലത്തിൽ ജീവൻ നഷ്ടമായ ആ പാവം ചേട്ടൻ്റെ ആത്മാവിനെങ്കിലും നീതി ലഭിക്കണം.”
” ആങ്ഹാ, എന്നും കാണാം ഇതുപോലുള്ള കോടതി വിധികളും ചൂടുള്ളവാർത്തകളും. പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം ? പണ്ടത്തെ ചങ്കരൻ വീണ്ടും തെങ്ങിമ്മേൽത്തന്നെ എന്നു പറയും പോലെ. നമ്മുടെ നാട്ടിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് മാത്രം യാതൊരു കുറവുമില്ല..”