Logo Below Image
Tuesday, April 1, 2025
Logo Below Image
Homeഅമേരിക്കകതിരും പതിരും (76) ' ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർ അഥവാ ( OCD)...

കതിരും പതിരും (76) ‘ ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർ അഥവാ ( OCD) വില്ലനാകുമ്പോൾ’✍തയ്യാറാക്കിയത്: ജസിയഷാജഹാൻ.

ജസിയഷാജഹാൻ

ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർ
അഥവാ (OCD) വില്ലനാകുമ്പോൾ

ഇതെന്ത് രോഗം എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ആദ്യം നമുക്ക്
എന്താണ് ഈ ഒസിഡി എന്ന് നോക്കാം. ഒരു വ്യക്തിയുടെ മനസ്സിൽ അനാവശ്യമായി കടന്നുകയറുന്ന അല്ലെങ്കിൽ നുഴഞ്ഞുകയറുന്ന ചിന്തകൾ കൊണ്ടുണ്ടാകുന്ന വേവലാതിയും, ആവലാതിയും നിമിത്തം അയാൾ നിർബ്ബന്ധപൂർവ്വം
ചില പ്രവൃത്തികൾ ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുകയും, അതയാളുടെ ദൈനം ദിന ജീവിത കർമ്മങ്ങളെ ബാധിക്കുകയും ചെയ്യുക.
ചുരുക്കിപ്പറഞ്ഞാൽ, തുടർന്നുകൊണ്ടേയിരിക്കുന്ന അനിയന്ത്രിത ചിന്തകളും അവ മൂലം ആവർത്തിച്ച് ചെയ്യുന്ന പ്രവർത്തികളും ആണ് ഇതിൻെറ പ്രധാന പ്രത്യേകത. നമ്മുടെ ചിന്തകളിൽ നമുക്ക് നിയന്ത്രണമില്ലാത്ത അവസ്ഥയെയാണ് ഒബ്സെഷൻ എന്ന് പറയുന്നത്.

ചിന്തകളുടെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിൽ ചില സമയത്ത് ചിന്തകളെ പോലെ തന്നെ മനസ്സിലേക്ക് എത്തുന്നത് ചിത്രങ്ങളോ, കാഴ്ചകളോ,  ത്വരയോ ഒക്കെ ആയിരിക്കും. ഇതൊക്കെ മൂലം രോഗി ആവർത്തിച്ചു ചെയ്യുന്ന പ്രവൃത്തികളെ കമ്പൽഷൻ എന്നാണ് വിളിക്കുന്നത്.

ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
ആവർത്തിച്ചുള്ള പരിശോധന, അമിതമായ അടുക്കും ചിട്ടയും, ആവർത്തിച്ചുള്ള ലൈംഗിക ചിന്തകൾ, വൃത്തിഭ്രമം, മരണഭയം, ഉൽക്കണ്ഠ, സംശയം തുടങ്ങിയവ വച്ചു പുലർത്തുക,

തുടർച്ചയായ കൈ കഴുകൽ, പാത്രം കഴുകൽ, തുടയ്ക്കൽ, വസ്ത്രം അലക്കൽ, (തുടങ്ങിയ പ്രവൃത്തികൾക്കായി കൂടുതൽ സമയം ചിലവഴിക്കുക)
ആത്മവിശ്വാസമില്ലായ്മ, അരക്ഷിതബോധം , നാളെയെക്കുറിച്ചുള്ള അനാവശ്യമായ ആകാംക്ഷ, നഷ്ടബോധം, ഉപയോഗ ശൂന്യവും ആവശ്യമില്ലാത്തതുമായ സാധനങ്ങൾ സൂക്ഷിക്കൽ, ചില പ്രത്യേക ശബ്ദം പുറപ്പെടുവിക്കൽ, ഇവയൊക്കെ ഇത്തരക്കാരിൽ പ്രകടമാണ്.

ഒരിക്കൽ ചെയ്ത പ്രവൃത്തി സംശയം മൂലം വീണ്ടും വീണ്ടും ആവർത്തിച്ച് ചെയ്യുക ഇത്തരക്കാരിൽ സർവ്വ സാധാരണം. ഇടയ്ക്കിടെ കൈ കഴുകൽ, ഇരിക്കുന്ന സ്ഥലങ്ങളുടെ വൃത്തി പരിശോധിക്കൽ, മറ്റുള്ളവരിൽ നിന്ന് എന്തെങ്കിലും രോഗാണുക്കൾ പടരുമോ? എന്ന ഭയത്താൽ അവരിൽ നിന്നെല്ലാം ഒരസ്വസ്ഥതയോടെ അകലം സൂക്ഷിക്കൽ ഇവയൊക്കെയും ഇവരുടെ സ്വഭാവ സവിശേഷതകൾ ആണ്.

ഒസിഡി ദീർഘകാലം നിലനിൽക്കുന്നതും, ഗുരുതരമായ ലക്ഷണങ്ങൾ പ്രകടമാകുന്നതുമായ ഒരു അവസ്ഥയാണ്. ഇതിന്റെ കൃത്യമായ കാരണങ്ങൾ ഇതേവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എങ്കിലും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ജീനുകളും തലച്ചോറിലെ വ്യത്യാസങ്ങളും ഒസിഡി വികസിപ്പിക്കുന്നതിന് കാരണമാകും എന്നതാണ്.

തലച്ചോറിലുടനീളം രാസ സന്ദേശങ്ങൾ അയക്കുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്റർ ആയ സെറോടോണിൻ വഴി തലച്ചോറിന്റെ മുൻഭാഗം തലച്ചോറിന്റെ ആഴമേറിയ ഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിലെ ഒരു പ്രശ്നമാണ് ഒ സി ഡി എന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ജീനുകൾക്ക് ഈ തകരാറിന്റെ വളർച്ചയിൽ കാര്യമായ പങ്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഒരുപക്ഷേ ഒരു രോഗം, ആഘാതം, കുട്ടിക്കാലത്ത് ഉണ്ടായിട്ടുള്ള ചില പ്രത്യേക സംഭവങ്ങൾ, ഇതൊന്നുമല്ലെങ്കിൽ പോലും സാധാരണ ജീവിത സമ്മർദ്ദങ്ങൾ പോലും ഈ അവസ്ഥയ്ക്ക് കാരണമായേക്കാം.

ഇതു മൂലം രോഗി അറിയാതെ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഏറെയാണ്. പല ജീവിത സാഹചര്യങ്ങളെയും മറികടക്കാൻ ഇത്തരക്കാർക്ക് കഴിയാറില്ല. ഒ സി ഡി ചികിത്സിച്ച് മാറ്റാൻ കഴിയുന്ന മാനസികാരോഗ്യ വൈകല്യമല്ല. എന്നിരുന്നാലും ഒരു മാനസികാരോഗ്യ വിദഗ്ധൻ ഒ സി ഡി ഫലപ്രദമായി ചികിത്സിക്കുമ്പോൾ ഈ നെഗറ്റീവ് നുഴഞ്ഞുകയറ്റം അനാവശ്യമായ രീതിയിൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രവർത്തനങ്ങളിലെ ഒസിഡി ലക്ഷണങ്ങളെ തടയാൻ കഴിയും.

മാനസികവും പെരുമാറ്റപരവുമായ ഒരു വൈകല്യമായി തന്നെയാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. വാസ്തവത്തിൽ മിക്ക ആൾക്കാർക്കും ഈ നുഴഞ്ഞുകയറ്റ ചിന്തകൾ സാധാരണയായി ഉണ്ടാകാറുണ്ട്. എന്നാൽ ഒസിഡി യിൽ കണ്ടുവരുന്ന അമിതഭ്രമങ്ങൾ ആവർത്തിക്കപ്പെടുകയും, ഒരു വ്യക്തിയുടെ സ്വയം നിയന്ത്രണത്തിൽ നിന്നും കൈവിട്ടു പോകുകയും, ദൈനംദിന ജീവിതത്തിന്റെ ഭാഗമായി വർത്തിച്ച് വ്യക്തിയെ ദുർബ്ബലമാക്കുകയും ചെയ്യുന്നു.

ഇനി നിങ്ങൾക്കും സ്വയം ഒന്നു തിരുത്തി കുറിക്കാം. മനസ്സിലാക്കാം.സ്വയം അളക്കാം. മനസ്സിലാക്കുക! ഒരു രോഗവും നമ്മുടെ മാത്രം കുറ്റമല്ല. അതുകൊണ്ടുതന്നെ യാതൊരു മടിയും കൂടാതെ ചികിത്സ തേടാനും മറക്കരുത്.

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി,സ്നേഹം.

ജസിയഷാജഹാൻ✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments