റാഗിംഗ് ഒരു ക്രിമിനൽ കുറ്റമാണ് എന്ന സുപ്രീം കോടതി വിധിയെ കാറ്റിൽ പറത്തി ഇന്നും മനുഷ്യമൃഗങ്ങളെന്നു യാതൊരു ദയയും കൂടാതെ വിശേഷിപ്പിക്കാവുന്ന ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികൾ കാമ്പസ്സുകളിലും ,ഹോസ്റ്റലുകളിലും ഒക്കെ ജൂനിയർ വിദ്യാർത്ഥികളെ വളരെ പൈശാചികമായി കൂട്ടത്തോടെ വേട്ടയാടപ്പെടുന്ന ഒരു സ്ഥിതി വിശേഷം നിർദ്ദാഷിണ്യം തുടർന്നുകൊണ്ടിരിക്കുകയാണ്. അവരെ മാനസികമായും ശാരീരികമായും കേട്ടുകേൾവി പോലുമില്ലാത്ത തരത്തിലുള്ള പീഡനമുറകളാൽ ഇഞ്ചിഞ്ചായി കൊല്ലുക? അവരുടെ വേദനകളും ചേഷ്ടകളും നിലവിളികളും കണ്ടു സ്വയം ആനന്ദിക്കുക!
കൺമുന്നിൽ നടക്കുന്ന അതിക്രൂരമായ ഈ കാഴ്ചകളും കേൾവികളും ജീവൻ തിരിച്ചു കിട്ടാനുള്ള നിലവിളികളും കേട്ടില്ലെന്ന് നടിക്കുന്ന സംരക്ഷകരും അധികാരികളും, മേലധികാരികളും…
കാലം മാറുകയാണ്… കോലം കെടുകയാണ്… ഞരമ്പുകളിൽ കോമ്പസ് കൊണ്ട് വരഞ്ഞു കളിക്കുന്ന, സ്വകാര്യ ഭാഗത്ത് ഡമ്പൽ കെട്ടിത്തൂക്കുന്ന, നഗ്നതയെ ഭോഗിക്കുന്ന, മദ്യത്തിലും മയക്കുമരുന്നിലും ലഹരിയും ആസ്വാദനവും കണ്ടെത്തുന്ന സാഡിസ്റ്റുക ളായ ചെറുപ്പക്കാര് പിള്ളേര് വളർന്നു പടർന്നു പന്തലിക്കുകയാണ് .
കൂലി വേല ചെയ്തും, കിടപ്പാടം വിറ്റും, ലോണെടുത്തും മക്കളുടെ നല്ല ഭാവിയെ സ്വപ്നം കണ്ട്, ഒരു കുടുംബം കരകയറ്റാൻ പ്രതീക്ഷകൾ കൂട്ടിപ്പെറുക്കി വച്ച് കോളേജുകളിലും, ഹോസ്റ്റലുകളിലുമൊക്കെ എങ്ങനെ മനസ്സമാധാനത്തോടെ, വിശ്വസ്തതയോടെ കുട്ടികളെ പുതിയ അഡ്മിഷൻ തിരഞ്ഞ് നടന്ന് മാതാപിതാക്കൾ പറഞ്ഞയക്കും?
ഇനി സത്യത്തിൽ എന്താണ് ഈ റാഗിംഗ്?
കോളേജുകളിലോ സ്കൂളുകളിലോ , ആദ്യവർഷം ചേരുന്നവരോട് മുതിർന്ന വിദ്യാർത്ഥികൾ കാണിക്കുന്ന ആധികാരികവും, സ്വാർത്ഥ പരവും, സ്വാതന്ത്ര്യപരവും , നാശോന്മുഖവുമായ സ്വഭാവ വൈകൃതങ്ങൾ ആണ് . പണ്ടൊക്കെ ചെറിയ വിനോദങ്ങളിലൂടെയും, കുഞ്ഞു കുഞ്ഞു തമാശകളിലൂടെയും
പുതിയ അന്തരീക്ഷവുമായും, സുഹൃത്തുക്കളുമായും മാനസിക അടുപ്പവും , സ്നേഹബന്ധവും വളർത്തുന്ന രീതിയിലായിരുന്നു ഇന്നത്തെ ഈ മൂർച്ഛിച്ച റാഗിംങിൻ്റെ വിളിപ്പേരിൽ നടന്നു വന്നിരുന്നത്.അത് അന്തകാലം…എന്ന് ആശ്വസിക്കാം അല്ലേ?…
ഇന്ത്യയിൽ ഇത് നിയമാർഹവും, ശിക്ഷാർഹവുമായ കുറ്റമാണ് എന്നിരിക്കെ, ഇന്ത്യയിലെ തന്നെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (പ്രത്യേകിച്ച് മെഡിക്കൽ കോളേജുകൾ) റാഗിംഗ് കുപ്രസിദ്ധമായിരുന്നു. പലപ്പോഴും ഇതിനു വിധേയമാകുന്ന കുട്ടികൾ മാനസിക നില തെറ്റിയവരായോ ആത്മഹത്യയിലേക്കോ, മരണത്തിലേക്കോ വഴിമാറിയോ, ഉദ്ദേശിച്ചു വന്ന ലക്ഷ്യം പൂർത്തിയാക്കാതെ പിൻ മടങ്ങിയോ , കോമിലേക്ക് പോയോ ഒക്കെ ഇരകളായിട്ടുണ്ട്! ഇതൊരു മനുഷ്യാവകാശ ലംഘനമായി മാറുമ്പോഴും , അധ്യയന വർഷത്തിന്റെ പ്രവേശനാരംഭത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ട അവബോധം നൽകുന്നതിനോ… റാഗിംങിനെതിരായ നിയമനടപടികൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിനോ(പ്രോസ്പെക്റ്റസിൽ തന്നെ ഇതിനെതിരായ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തുന്നതിനോ ) നിർദ്ദേശം അടങ്ങിയ ലഘുലേഖ തയ്യാറാക്കി ഓരോ വിദ്യാർത്ഥിക്കും നൽകുന്നതിനോ, എന്തിന് ?… ഒരു റാഗിംഗ് നിരോധന കമ്മിറ്റി രൂപീകരിക്കുന്നതിന് പോലും ഒരു സ്ഥാപനവും ബന്ധപ്പെട്ടവരും തയ്യാറാകുന്നില്ല ? അല്ലെങ്കിൽ അത് നടപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നില്ല എന്ന് വേണം കരുതാൻ. വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും റാഗിംങിന് എതിരായ കർശന നിയമങ്ങൾ നിലവിലുണ്ട്. അതൊന്ന് ഓർമ്മപ്പെടുത്തിയാലും മതിയല്ലോ!.
ഇനി റാഗിംഗ് എന്ന കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന ഏതാനും കാര്യങ്ങൾ സൂചിപ്പിക്കാം.
ശാരീരികമോ മാനസികമോ ആയ പീഡനം, കുറ്റകരമായ ബല പ്രയോഗം, ലൈംഗിക പീഡനം, അപഹരണം കവർച്ച, അസ്വാഭാവികമായ നിയന്ത്രണം, അപമാന പ്രവർത്തനം, സ്വഭാവ ഹത്യ ഒരു വ്യക്തിയുടെ ധാർമികതയ്ക്കും മാന്യതയ്ക്കും, കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവർത്തികളും, പ്രലോഭനങ്ങളും, കൂടാതെ റാഗിംഗ് നടത്താൻ കുറ്റകരമായ കൂടിയാലോചനകളും പ്രേരിപ്പിക്കലുകളും, അതിന് സഹായിക്കലുകളും എല്ലാം തന്നെ റാഗിങിന് എതിരായ നിയമവിരുദ്ധ പ്രക്രിയകളാണ്.
ഇനി ഇതിന്റെ ശിക്ഷാനടപടികളിലേക്ക് പ്രവേശിച്ചാലോ?…
കുറ്റകൃത്യത്തിൻ്റെ ഗൗരവവും കാലയളവും പരിഗണിച്ച് താമസിക്കുന്ന ഹോസ്റ്റലിൽ നിന്നോ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നോ പുറത്താക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുക, തുടർന്ന് മറ്റൊരു സ്ഥാപനത്തിലും ചേരാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക, കിട്ടിയ അഡ്മിഷൻ റദ്ദ് ചെയ്യുക, സ്കോളർഷിപ്പ് ഫെലോഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങൾ തടയുകയോ തിരിച്ചെടുക്കുകയോ ചെയ്യുക, ടെക്സ്റ്റോ പരീക്ഷയിലോ മൂല്യനിർണയം നടത്തുന്നതിന് വിധേയമാകുന്നതിൽ നിന്നും ഡീബാർ ചെയ്യുക, തുടങ്ങി… റാഗിംങിന് അറിഞ്ഞോ അറിയാതെയോ കൂട്ടുനിൽക്കുന്ന സ്ഥാപനത്തിൻ്റെ അംഗീകാരം വരെ പിൻവലിക്കാൻ നിയമനടപടികൾ ഉണ്ട്.
വിദ്യാർത്ഥികളുടെ അന്തസ്സും കോളേജുകളുടെ വിദ്യാഭ്യാസ നിലവാരവും ഉറപ്പാക്കുന്നതിന് തീർച്ചയായും ഈ റാഗിംഗ് തടയേണ്ടത് തന്നെയാണ്.
ഒരു പാട് ക്രിമിനൽ മെൻ്റാലിറ്റിയുള്ള കുട്ടികളും, മുതിർന്നവരും, അക്രമാസക്തമായ അന്തരീക്ഷവും ചുറ്റുപാടുകളും, സാഡിസവും, കുറ്റകൃത്യങ്ങളും, കുറ്റവാളികളും, കുറ്റവാസനകളും ദിനം തോറും വർദ്ധിച്ചു വരുന്ന നമ്മുടെ ഇന്നത്തെ സമൂഹത്തിൽ ജീവനും ജീവിതത്തിനും സമയദൈർഘ്യം കുറഞ്ഞു കുറഞ്ഞു വരുന്നു.
ഒരു കുട്ടിക്ക് ജന്മം നൽകി എന്നതിലല്ല ,ആ കുട്ടിയെ ഏതു സാഹചര്യത്തിൽ എങ്ങനെ വളർത്തി? എന്നതിലാണ് കാര്യം. എത്ര നന്മകളാണ് അവനിലൂടെ സമൂഹത്തിന് കൊടുക്കാൻ കഴിയുക? അതാണ് പ്രധാനം. ഒത്തിരി നേട്ടങ്ങൾ കൊയ്യാൻ കഴിഞ്ഞില്ല എന്നിരുന്നാലും ഒരു നല്ല മനുഷ്യനായാൽ മതി.
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം നന്ദി, സ്നേഹം.
ഇതൊക്കെ കൊണ്ടു തന്നെയാണ് പ്ലസ് ടു കഴിയുമ്പോൾ തന്നെ കുട്ടികൾ ജർമൻ പഠിച്ച്, അല്ലെങ്കിൽ ഏതെങ്കിലും വിദേശരാജ്യത്തേക്ക് പോകുന്നത്. നമ്മുടെ യുവ തലമുറ മുഴുവൻ വിദേശത്ത്. കേരളം ഇനി കുറെ വൃദ്ധസദനങ്ങൾ. നന്നായി എഴുതി.