ഇരുളിന്‍ മഹാനിദ്രയില്‍
നിന്നുണര്‍ത്തിയ കവിതകള്‍…
ഹൃദയത്തില്‍
ഹൃദയം കൊരുത്ത കവി..🍂
കടപ്പാടിന്റെ കവിതകളെഴുതിയ കവിയാണ് വി.മധുസൂദനന്‍ നായര്‍… വ്യക്തികളോടായിരുന്നില്ല വാക്കിനോടായിരുന്നു കവിയുടെ കടപ്പാട്… അച്ഛനും അമ്മയും വാക്ക് എന്നു കേട്ടു വളര്‍ന്ന ബാല്യം… അക്ഷരപ്പിച്ച നടന്ന കുട്ടിക്കാലം.. മക്കളേ എന്ന വിളിച്ച അന്‍പ് പോലും വാക്ക്.. കൗമാരത്തിലും യൗവ്വനത്തിലും മധ്യവയസ്സിലും വാര്‍ധക്യത്തിലുമെല്ലാം വാക്കിന്റെ കൈപിടിച്ചുതന്നെ നടന്നു.. കൂടെ നടക്കുന്ന, നടത്തുന്ന വാക്കിന് കവി തിരിച്ചുനല്‍കുന്ന പാഥേയമാണ് കവിത..
അതും വാക്കു തന്നെ..
39 വര്‍ഷം മുമ്പാണ് മധുസൂദനന്‍ നായര്‍ എന്ന കവിയെ കേരളം ആവേശത്തോടെ ഏറ്റുവാങ്ങിയത്.. നിമിത്തമായത് നാറാണത്തു ഭ്രാന്തന്‍ എന്ന കവിത.. വ്യക്തികളില്‍നിന്ന് വ്യക്തികളിലേക്ക് ആ കവിത പകര്‍ന്നു.. പടര്‍ന്നു.. ഹൃദയത്തില്‍ ഹൃദയം കൊരുത്തതുപോലെ.. ഏതാണ്ട് ഒരു പതിറ്റാണ്ടുകാലം പണ്ഡിതനെന്നോ, പാമരനെന്നോ വ്യത്യാസമില്ലാതെ കേരളം ആ കവിത ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൊല്ലിരസിച്ചു.. വായിച്ചു പഠിച്ചു.. ആ കവിതയിലെ അര്‍ഥധ്വനികളുയര്‍ത്തിയ അസ്വസ്ഥതകളിലൂടെ സഞ്ചരിച്ചു.. അതിനു മുമ്പും കവിതകളെഴുതിയിട്ടുണ്ടെങ്കിലും മധുസൂദനന്‍ നായര്‍ എന്ന കവിയെ കേരളത്തിന്റെ സ്വന്തമാക്കിയത് ഭ്രാന്തനാണ്.. അര്‍ഥത്തിന്റെ കല്ലുരുട്ടി കയറ്റി കൈവിട്ടു പൊട്ടിച്ചിരിച്ച് ജീവിതത്തിന്റെ പൊരുള്‍ പകര്‍ന്ന ഭ്രാന്തന്‍.. മധുസൂദനന്‍ നായരുടെ കവിതയിലെ സംഗീതത്തിന്റെ അതിപ്രസരത്തെക്കുറിച്ചും കവിത്വത്തെക്കുറിച്ചും അന്നേ ചര്‍ച്ച കൊഴുക്കുകയും ചെയ്തു…
രൂപത്തില്‍ തികച്ചും കേരളീയമാണ് അദ്ദേഹത്തിന്റെ കവിത.. ഭാരതീയ സംസ്കാരത്തില്‍നിന്ന് പിറവി കൊണ്ടത്.. ആത്യന്തികമായി അവ മാനവികവും.. മനുഷ്യത്വത്തോടുള്ള പ്രതിബദ്ധത അദ്ദേഹത്തിന്റെ ഓരോ കവിതയും ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്… കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ അച്ഛന്‍ പിറന്ന വീട്’ എന്ന കവിതയും നാടിനും പ്രകൃതിക്കും സംസ്കാരത്തിനും കവിയുടെ തുയിലുണര്‍ത്തലാണ്…
നക്ഷത്രമോന്നടു ചോദിച്ചു : ഞാന്‍ തന്നൊ-
രക്ഷരമെന്തേ നിനക്കു ബോധിച്ചുവോ..?
വൃത്തം കൃത്യമായി പാലിച്ചും വൃത്ത നിയമങ്ങള്‍ അതിലംഘിച്ചുമാണ് മധുസൂദനനന്‍ നായരുടെ മിക്ക കവിതകളും.. നാറാണത്ത് ഭ്രാന്തന്‍ ഉള്‍പ്പെടെയുള്ളവ.. പാരമ്പര്യം പാലിക്കുമ്പോള്‍ തന്നെ വിരസമായ ആവര്‍ത്തനത്തിനു പകരം പുനഃസൃഷ്ടിക്കും അദ്ദേഹത്തിനു കഴിയുന്നു. അതുകൊണ്ടാണ് പാരമ്പര്യ വാദികള്‍ക്കൊപ്പം പുതിയ തലമുറയെയും ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന്റെ കവിതയ്ക്കു കഴിയുന്നത്.. താളവും മൊഴിമര്യാദയുമുള്ള ആ കവിതകള്‍ പാട്ടുകവിതാ പാരമ്പര്യത്തിന്റെ തുടര്‍ച്ചതന്നെയാണ്. അതാകട്ടെ ആദ്യ കേള്‍വിയില്‍തന്നെ ആരെയും ആകര്‍ഷിക്കുന്നതും. പിന്നീടൊരിക്കലും മനസ്സില്‍ നിന്നു കുടിയിറങ്ങാതെ കൂട്ടാകുന്നതും…
സ്വന്തം കവിതകള്‍ക്ക് കൃത്യമായ സംഗീതം നിശ്ചയിച്ച് അവയെ മലയാളത്തിന്റെ ഹൃദയതാളുമായി ബന്ധിപ്പിച്ച മധുസൂദനന്‍ നായര്‍ കുമാരനാശാന്റെയും വയലാറിന്റെയും ഉള്‍പ്പെടെ കവിതകള്‍ വീണ്ടും വീണ്ടും പാടി കേരളത്തിന്റെ സമ്പന്നമായ ഈടുവയ്പിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്… വിമര്‍ശനവും പ്രശംസയും വന്നപ്പോഴും തന്റേതായ വഴിയിലൂടെ മാത്രം സഞ്ചരിച്ച അദ്ദേഹം ആഘോഷങ്ങളില്‍നിന്ന് അകന്നുനിന്ന കവിയാണ്.. സംഗീതത്തിന്റെ മഹത്തായ ഒരു ലോകം സ്വന്തമായിട്ടുണ്ടെങ്കിലും സിനിമാ സംഗീതത്തിലേക്കു പോകാന്‍ മടിച്ചുനിന്നെങ്കിലും അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനു വേണ്ടി അദ്ദേഹം ഒരു ഗാനം രചിച്ചു.. എം.മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിനുവേണ്ടി.. അതാകട്ടെ മലയാള സിനിമയിലെ ഏറ്റവും മികച്ച കവിയായി സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു.. ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നിറമുള്ള ജീവിതപ്പീലി സമ്മാനിച്ച വരികള്‍…✍️
( തിരുവനന്തപുരം സ്വാതി തീയേറ്റേഴ്സിന് വേണ്ടി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത അവസ്ഥ, മാക്ബെത്ത് എന്നീ നാടകങ്ങളുടെ ഗാനരചന മധുസൂദനൻ സാറായിരുന്നു… ആ നാടകങ്ങളിൽ എനിക്കും വേഷം ചെയ്യാൻ കഴിഞ്ഞു…)