Saturday, December 28, 2024
Homeഅമേരിക്കബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കെയർ സ്റ്റാർമറെന്ന് റിപ്പോർട്ട്‌

ബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കെയർ സ്റ്റാർമറെന്ന് റിപ്പോർട്ട്‌

ലണ്ടൻ: കെയർ സ്റ്റാർമർ ബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്കെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് പാർലമെൻ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം വൈകാതെ പുറത്തു വരും. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ രാത്രി പത്തുമണി വരെയായിരുന്നു  (ഇന്ത്യൻ സമയം) വോട്ടെടുപ്പ് നടന്നത്. ഋഷി സുനക് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഔദ്യോഗിക ഫലം ഏതാനും മണിക്കൂറുകൾക്കുള്ളിൽ വരും.

14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിൽ വരുമെന്നാണ് സൂചന. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷം നേടുമെന്ന എക്‌സിറ്റ് പോൾ പ്രവചനം. 650 സീറ്റുകളുള്ള പാർലമെൻ്റിൽ ലേബർ 410 സീറ്റുകൾ നേടുമെന്നും കൺസർവേറ്റീവ് നേതൃത്വത്തിലുള്ള 14 വർഷത്തെ സർക്കാരിന് അന്ത്യം കുറിക്കുമെന്നും സർവേ വ്യക്തമാക്കുന്നു. 650 അംഗ പാർലമെൻ്റിൽ 326 സീറ്റുകളാണ് സർക്കാരുണ്ടാക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം.

ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ ബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രിയാകും. സുനക്കിൻ്റെ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടി 131 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. ശക്തി കേന്ദ്രങ്ങളിൽ പോലും കൺസർവേറ്റീവ് പാർട്ടി തകർന്നടിയുമെന്നാണ് പ്രവചനം. കഴിഞ്ഞ ആറ് ദേശീയ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ നടന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ കാര്യമായ മാറ്റം സംഭവിച്ചിരുന്നില്ല.

ലേബർ പാർട്ടി സ്ഥാനാർഥി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ ആണ് ആദ്യ ജയം കുറിച്ചതെന്നാണ് റിപ്പോർട്ട്. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഹൗട്ടൺ ആൻഡ് സണ്ടർലാൻഡ് സൗത്ത് സീറ്റിൽ നിന്നായിരുന്നു വിജയം. 7,169 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ വിജയിച്ചത്.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി 4.6 കോടി പേർക്കാണ് വോട്ടവകാശമുള്ളത്.
തിരിച്ചടിയുണ്ടാകുമെന്ന പ്രവചനങ്ങൾക്ക് പിന്നാലെ ഋഷി സുനക് പാർട്ടി സ്ഥാനാർഥികൾക്കും വോട്ടർമാർക്കും നന്ദിയറിയിച്ചു. നൂറുകണക്കിന് കൺസർവേറ്റീവ് സ്ഥാനാർഥികളോടും ആയിരക്കണക്കിന് പ്രവർത്തകരോടും ദശലക്ഷക്കണക്കിന് വോട്ടർമാരോടും നന്ദി അറിയിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിനും നൽകുന്ന പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് സമൂഹമാധ്യമത്തിലൂടെ സുനക് പറഞ്ഞു.

തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിഞ്ഞാണ് എക്സിലൂടെ സുനക് പ്രതികരണം നടത്തിയതെന്ന ആരോപണം ശക്തമാണ്.സർക്കാരിനെതിരായ ജനവികാരവും വിവാദങ്ങളുമാണ് റിഷി സുനക് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്ക് തിരിച്ചടിയായത്. ഔദ്യോഗിക ഫലങ്ങൾ അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments