Logo Below Image
Saturday, April 12, 2025
Logo Below Image
Homeഅമേരിക്കഅറിവിൻ്റെ മുത്തുകൾ - 106 ക്ഷേത്രാചാരങ്ങൾ - (ഭാഗം - 5) പ്രദക്ഷിണതത്ത്വം...

അറിവിൻ്റെ മുത്തുകൾ – 106 ക്ഷേത്രാചാരങ്ങൾ – (ഭാഗം – 5) പ്രദക്ഷിണതത്ത്വം – (തുടർച്ച)

പി.എം.എൻ.നമ്പൂതിരി.

അറിവിൻ്റെ മുത്തുകൾ – 106

ക്ഷേത്രാചാരങ്ങൾ – ഭാഗം – 5

പ്രദക്ഷിണതത്ത്വം – (തുടർച്ച)

ശിവക്ഷേത്ര പ്രദക്ഷിണം 

ശിവക്ഷേത്രത്തിൽ സാധാരണ ക്ഷേത്രത്തിൽ ഉള്ളതുപോലെയല്ലല്ലോ പ്രദക്ഷിണം വയ്ക്കുന്നത്‌. അവിടെ പ്രതിഷ്ഠ കിഴക്കോട്ട് തിരിഞ്ഞാണെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞാണെങ്കിലും വടക്കുഭാഗത്തേയ്ക്ക് ശ്രീകോവിലിൽ നിന്നും അഭിഷേകജലം ഒഴുകിപോകുന്ന ഓവിൻ്റെ സമീപം വരെ പ്രദക്ഷിണമായി വരുകയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനംവരെ വന്നു തിരിച്ചു നടയിൽ പോവുകയോണല്ലോ ചെയ്യുന്നത്. അപ്പോൾ പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചിവിടെ നടത്തുന്നു. ഇതിനെ സവ്യാപസവ്യമാർഗ്ഗങ്ങളെന്ന് വിളിക്കുന്നു. ഓവിനെ ആരും മറികടക്കാറില്ല. ഇതിനെപ്പറ്റി സോമസൂത്രം ന ലംഘയേൽ എന്നാണ് ഗിവാഗമത്തിൽ പറഞ്ഞിട്ടുള്ളത്. ശിവലിംഗത്തിനുനേരെ ഉത്തര ഭാഗത്തുള്ള സോമ സ്ഥാനം വരെ ഒരു ഋജുരേഖ വരച്ചാൽ അതിനെയാണ് സോമസൂത്രം എന്ന് പറയുന്നത്. അതിനെ ലംഘിക്കാതെ സവ്യാപസവ്യമായിട്ടാണ് ശിവക്ഷേത്രത്തിൽ പ്രദക്ഷിണം നടത്താറുള്ളത്.

യോഗമാർഗ്ഗാനുസന്ധാനമാകുന്ന പ്രാണായാമ പ്രക്രിയ തന്നെയാണ് ശിവപ്രദക്ഷിണം

യോഗശാസ്ത്രത്തിൽ ശിവൻ്റെ സ്ഥാനം ശരീരത്തിൻ്റെ ഏറ്റവും ഉപരി സഹസ്രാരപത്മത്തിലുള്ള ബ്രഹ്മരന്ധ്രസ്ഥാനമാണെന്ന് മനസ്സിലാക്കിയാൽ അതിൻ്റെ തത്വം വ്യക്തമാകും. വർത്തുളാകൃതിയായി സ്ക്രൂവിൻ്റെ പോലെ മേലോട്ട് മേലോട്ട് പോകുന്ന ഈ മാർഗ്ഗത്തിൻ്റെ അവസാനത്തെ ബിന്ദുവാണല്ലോ ആസ്ഥാനം. അതിനപ്പുറത്തേയ്ക്ക് ആ വർത്തുള്ളമാർഗ്ഗം നീണ്ടു പോകുന്നില്ല. അവിടെ അവസാനിക്കുകയേ ചെയ്യുന്നുള്ളൂ. എല്ലാ ദേവന്മാരിലും വെച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തിൽ വർത്തിയ്ക്കുന്നത് ശിവനാണെന്നു ഓർക്കുക. ശിവൻ്റെ മൂന്നു കണ്ണുകളും ചന്ദ്രകലാഞ്ചിതമായ മകുടപ്രദേശവും ഈ സ്ഥിതിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. തന്ത്രശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്ത്വങ്ങളായ 36 തത്ത്വങ്ങളിൽ പ്രഥമസ്ഥാനത്തുള്ളത് ശിവത്വം തന്നെയാണ്. അവിടെ നിന്നാണ് ബ്രഹ്മാണ്ഡം ഉത്ഭവിക്കുന്നതുതന്നെ. കിഴക്ക് തുടങ്ങിയ അഷ്ടദിക്കുകളുടെ പ്രതീകത്വം നമ്മുടെ യോഗമാർഗ്ഗങ്ങളായ ഇഡാ പിംഗള സുഷുമ്നകൾക്ക് കൊടുക്കുകയാണെങ്കിൽ വടക്കുഭാഗത്തായിരിക്കും സഹസ്രാരപത്മം. അവിടുത്തെ ലോകപാലകൻ സോമനാണല്ലോ. സോമഖണ്ഡമായിട്ടാണ് യോഗികൾ ആ സ്ഥാനത്തെ അറിയുന്നതും. അമൃതരസം നിറഞ്ഞു നിന്നുകൊണ്ട് കുണ്ഡലിനീ പരമശിവ സമ്മേളനത്തോടെ ഉരുകി താഴോട്ട് യോഗിദേഹത്തിലെ 72000 നാഡീഞരമ്പുകളിലൂടെയും ഒലിച്ചിറകുന്ന പരമാനന്ദപ്രദായകമായ അമൃതധാരയുടെ ഉറവിടം അതുതന്നെയാണല്ലോ. അതിനു തൊട്ടപ്പുറത്ത് തന്നെയാണ് ഈ ശാനൻ എന്ന ദിഗ്ദേവതയും സ്ഥിതി ചെയ്യുന്നത്.

കിഴക്കുന്നിന്ന് പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനം വരെ ചെല്ലുമ്പോൾ അത് ശിവക്ഷേത്രമാണെങ്കിൽ, സഹസ്രാരത്തിലുള്ള ബ്രഹ്മാണ്ഡം വരെ സാധകൻ പോവുകയാണ് ചെയ്യുന്നത്. മറ്റു ദേവീദേവന്മാർ ശിവസ്ഥാനത്തിനു താഴെ മാത്രം വർത്തിക്കുന്നതിനാൽ ആ ദേവന്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണം വെയ്ക്കണമെന്ന് വരുന്നു. പക്ഷെ ശിവനാണെങ്കിൽ (ഉപരിതമായ ബിന്ദുവാണെങ്കിൽ ) ഈ പ്രദക്ഷിണമാർഗ്ഗം വടക്ക് സോമബിന്ദുവിൽ അവസാനിക്കുകയാണ് ചെയ്യുന്നത്. ക്ഷേത്ര ഗണിതപ്രകാരം ( Gometrical ) ചിന്തിക്കുകയാണെങ്കിൽ ആ സ്ഥാനത്തിനപ്പുറത്തേയ്ക്ക് ഊർദ്ധ്വഗമനരേഖ നീട്ടുവാൻ വയ്യാത്ത ഒരവസ്ഥയാണുള്ളത്. അതിനാൽ ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വടക്ക് സോമസൂത്രംവരെ മാത്രമേ ചെയ്യുവാൻ പാട്ടുകയുള്ളൂ. അവിടെനിന്ന് ശ്രി കോവിലിൽ ഇരുന്നുരുളുന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ ബ്രഹ്മരന്ധ്രത്തിൻ്റെ സാക്ഷാൽ സ്ഥാനമായ താഴികക്കുടത്തെ നോക്കി തൊഴുത്, ആരാധകർ അപ്രദക്ഷിണമായി മടങ്ങുന്നു. അങ്ങനെ മടങ്ങുന്നത് സോമനാളിയിലൂടെ വേണമെന്നതിനാൽ ബലിക്കല്ലുകൾക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെതന്നെ വേണമെന്ന് നിർബന്ധമാണ്. അപ്പോൾ ശിവക്ഷേത്രത്തിൽ നടയ്ക്കൽനിന്ന് പുറപ്പെട്ട് സോമസൂത്രം വരെ ബലിക്കല്ലുകൾക്കു പുറത്തു കൂടി പ്രദക്ഷിണമായി പോയി വീണ്ടും അപ്രദക്ഷിണമായി ബലിക്കല്ലകൾക്കിടയിലൂടെ മടങ്ങുന്നു. കിഴക്ക് നടയാണെങ്കിൽ അത് സൂചിപ്പിക്കുന്ന മൂലാധാരം വരെ വീണ്ടും വന്ന് അതിനപ്പുറത്തേയ്ക്ക് മടങ്ങി തൊഴുത ശേഷം വീണ്ടും പ്രദക്ഷിണം ഊർദ്ധ്വഗമനം തുടങ്ങുന്നു.അങ്ങനെ ഇഡ പിംഗള നാഡികളിലൂടെ പൂരകരേചകങ്ങളാകുന്ന പ്രാണായാമ പ്രക്രിയ നടത്തുന്നതു പോലെ ഒരു ക്രിയയാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. ഇത് ഉയർന്ന ഒരു യോഗ മാർഗ്ഗത്തെയാണ് സൂചിപ്പിയ്ക്കുന്നതെന്നു വ്യക്തമാണല്ലോ. അതിലെ കുംഭകാവസ്ഥയാണ് സോമസൂത്രത്തിനപ്പുറത്തും ഇപ്പുറത്തും വന്ന് ( തത്ത്വം ലംഘിയ്ക്കാതെ) അന്തർവർത്തിയായ പരമാത്മചൈതന്യത്തെ വന്ദിയ്ക്കുന്ന രംഗം.

(തുടരും)

പി.എം.എൻ.നമ്പൂതിരി.

RELATED ARTICLES

6 COMMENTS

  1. നല്ല അറിവ് ഗുരുജി ശിവ പ്രദക്ഷിണഞ്ഞ കുറിച്ച് ധാരാളം അറിവ് നൽകുന്നു. ‘പ്രാണായാമ പ്രക്രിയ തന്നെയാണ് ഈ പ്രദക്ഷി ണമെന്നും ഇതിനെ സവ്യാപസവ്യമാർഗ പ്രദക്ഷിണ മെന്നും പറയുന്നു. സോമസൂത്രം നലംഘയേത് ശിവതത്ത്വത്തിൽ നിന്നാണ് ബ്രഹ്മാണ്ഡം ഉണ്ടായതെന്നും ‘ അത് തൃക്കണ്ണുകളും ചന്ദ്രക്കലാംഗരിതമായ മകുട പ്രദേശവും സൂചിപ്പിക്കുന്നുവെന്നുമെല്ലാമുള്ള അറിവുകൾ പകർന്നു. നന്ദി ഗുരുജി. നമസ്ക്കാരം ‘

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ