അബുദാബി: വേനൽക്കാലക്കാല അവധി സീസണിൽ കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യ-യുഎഇ സെക്‌ടറിൽ എല്ലാ ആഴ്ചയും 24 അധിക സർവീസുകൾ കൂടി ഉൾപ്പെടുത്തുമെന്ന് അറിയിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്.
പ്രധാനമായും അബുദാബി, റാസൽഖൈമ, ദുബൈ വിമാനത്താവളങ്ങളിലേക്കാണ് അധിക സർവീസുകൾ കൂടുതൽ ഉൾപ്പെടുത്തുക. പുതിയ സർവീസുകൾ വരുന്നതോടെ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും പ്രയോജനകരമാണ്. ദുബൈയിലേക്ക് നാല് വിമാനസർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികമായി തുടങ്ങുന്നത്.
ഇതോടെ ആഴ്ച്‌ചതോറുമുള്ള സർവീസുകളുടെ എണ്ണം 84 ആകും. അബുദാബി റൂട്ടിൽ ആഴ്ചയിൽ 43 സർവീസുകളുമാകും. 14 സർവീസുകളാണ് പുതിയതായി ഉൾപ്പെടുത്തുന്നത്. എല്ലാ ആഴ്‌ചയിലും ആറ് വിമാനങ്ങളാണ് റാസൽഖൈമ റൂട്ടിൽ പുതിയതായി ഉൾപ്പെടുത്തുക. ഇതോടെ ഈ സെക്ടറിൽ ആഴ്‌ചയിൽ ആകെ എട്ട് വിമാന സർവീസുകൾ ഉണ്ടാകും.
ജൂൺ-ഓഗസ്റ്റ് കാലയളവിൽ യുഎഇയിൽ നിരവധി സ്കൂളുകൾക്ക് വേനൽക്കാല അവധി ആയിരിക്കും. ഇതോടെ വിദേശത്തേക്കും നാട്ടിലേക്കുമുള്ള പ്രവാസി കുടുംബങ്ങളുടെ യാത്രകളും വർധിക്കും. അതുപോലെ തന്നെ ഇന്ത്യയിൽ നിന്നും നിരവധി ടൂറിസ്റ്റുകൾ യുഎഇയും സന്ദർശിക്കും. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നതിനായി താമസക്കാരും സ്ഥിരം യാത്രക്കാരും കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും ഉചിതമെന്ന് ട്രാവൽ ഏജന്റുമാർ അഭിപ്രായപ്പെട്ടു.