ഇന്ന് ധനു മാസത്തിലെ തിരുവാതിര. കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്ന്. മലയാളികളുടെ ആചാരങ്ങളും സംസ്കാരവുമായി ഇഴുകിച്ചേര്‍ന്ന തിരുവാതിര ആഘോഷങ്ങളില്‍ പ്രാധാന്യം മലയാളി മങ്കമാര്‍ക്കു തന്നെ. അതുകൊണ്ടു സ്ത്രീകളുടെ ഉത്സവമെന്നും പറയാം.എല്ലാ മാസവും തിരുവാതിര നാളുണ്ടെങ്കിലും ധനുമാസത്തിലെ തിരുവാതിരയ്ക്ക് പ്രത്യേകതകളേറെയാണ്. ധനുമാസത്തിലെ ശുക്ലപക്ഷത്തിലെ വെളുത്തവാവു ദിവസമാണ് തിരുവാതിര ആഘോഷങ്ങള്‍ നടക്കുക. ഉറക്കമൊഴിയല്‍, പാതിരാപ്പൂചുടല്‍, തുടിച്ചുകളി, തിരുവാതിരകളി, തിരുവാതിര പുഴുക്ക് തുടങ്ങിയവയാണ് തിരുവാതിര നാളിലെ പ്രധാന ചടങ്ങുകള്‍. പലയിടത്തും പത്തു ദിവസത്തെ വ്രതമാണ് നോല്‍ക്കുന്നത്.
മംഗല്യവതികളായ സ്ത്രീകളാണ് ചടങ്ങുകള്‍ ആരംഭിക്കുക. വീട്ടില്‍ പൂത്തിരുവാതിരക്കാരുണ്ടെങ്കില്‍ (വിവാഹം കഴിഞ്ഞ് ആദ്യത്തെ തിരുവാതിര ആഘോഷിക്കുന്ന സ്ത്രീകള്‍) അവരാകും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കേണ്ടത്. തിരുവാതിരയെ സംബന്ധിച്ച്് തലമുറകള്‍ കൈമാറി വന്ന ഐതിഹ്യങ്ങള്‍ അനവധിയാണ്. ദേവന്മാരുടെ ദേവനായ മഹാദേവന്റെ പിറന്നാളാണ് ധനുമാസത്തിലെ തിരുവാതിരയെന്നാണ് വിശ്വാസം. മഹാദേവനെ അതിയായി പ്രണയിച്ച ശ്രീ പാര്‍വതിയും ദേവനും തമ്മില്‍ വിവാഹം കഴിച്ചത് ഇതേ നാളിലാണ് എന്ന ഐതിഹ്യവും നിലനില്‍ക്കുന്നു.
മംഗല്യവതികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനു വേണ്ടിയും കന്യകമാര്‍ നല്ല പങ്കാളിയെ കിട്ടാനുമാണ് വ്രതമനുഷ്ഠിക്കുന്നത്. അന്നേ ദിവസം ശ്രീ പാര്‍വതി പോലും വ്രതം അനുഷ്ഠിക്കുമെന്നും പറയപ്പെടുന്നു. തിരുവാതിര വ്രതം ആദ്യമായി നോറ്റതു ശ്രീകൃഷ്ണനെ ഭര്‍ത്താവായി കിട്ടാന്‍ ഗോപികമാരാണെന്നും വിശ്വാസമുണ്ട്.
ഉറക്കമൊഴിയുന്നതിനു പിന്നിലെ ഐതിഹ്യം.
ദക്ഷരാജാവിന്റെ പുത്രിയായ സതീദേവി ശിവനെ വിവാഹം കഴിച്ചതില്‍ അദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം നടത്തിയ യാഗത്തില്‍ മകളേയും ഭര്‍ത്താവിനേയും ക്ഷണിച്ചില്ല. എങ്കിലും സതീദേവിയുടെ ആഗ്രഹം മനസിലാക്കി ശിവന്‍ ദേവിയെ യാഗത്തിനു പോകാന്‍ അനുവദിച്ചു. യാഗത്തില്‍ ക്ഷണിക്കാതെ പോയാല്‍ അപമാനിക്കപ്പെട്ടേക്കാം എന്നു മുന്നറിയിപ്പ് നല്‍കിയാണ് ശിവന്‍ ദേവിയെ യാഗത്തിനു വിടുന്നത്.
അങ്ങനെ സംഭവിച്ചാല്‍ പിന്നൊരിക്കലും മടങ്ങിവരില്ലെന്നു പറഞ്ഞ് ദേവി യാഗത്തില്‍ പങ്കെടുക്കാന്‍ പോയി. എന്നാല്‍ യാഗസ്ഥലത്ത് ദക്ഷന്‍ ശിവനെ അപമാനിച്ചതു സഹിക്കാനാകാതെ സതീദേവി ദേഹത്യാഗം ചെയ്തു. പത്‌നിയെ നഷ്ടപ്പെട്ടതില്‍ ക്ഷുഭിതനായ ശിവന്‍ ഹിമാലയത്തില്‍ ചെന്നു തപസാരംഭിച്ചു. അവിടെ സതീദേവി ഹിമവാന്റെ മകള്‍ പാര്‍വതിയായി പുനര്‍ജനിക്കുകയും ശിവനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്തു. അതിനായി പാര്‍വതി തപസാരംഭിച്ചു.
ആ സമയത്ത് താരകാസുരന്‍ എന്ന അസുരന്റെ ചെയ്തികളില്‍ വലഞ്ഞ ദേവാദികള്‍ ബ്രഹ്മാവില്‍ അഭയം പ്രാപിച്ചു. ശിവനും പാര്‍വതിക്കും ജനിക്കുന്ന പുത്രന്‍ താരകാസുരനെ വധിച്ച് നിങ്ങളെ രക്ഷിക്കുമെന്ന് ബ്രഹ്മാവ് വരം നല്‍കി. ശിവന്റെ തപസു മുടക്കാനായി ശ്രമിക്കുന്ന കാമദേവനെ ശിവന്‍ തന്റെ തൃക്കണ്ണാല്‍ ഭസ്മമാക്കി. തന്റെ ഭര്‍ത്താവിനെ തിരികെ നല്‍കണമെന്ന ആവശ്യവുമായി കാമദേവന്റെ ഭാര്യ രതീദേവി ജലപാനം ഉപേക്ഷിച്ച് ശിവനെ തപസു ചെയ്തു. ഇതിന്റെ ഓര്‍മയ്ക്കായാണ് തിരുവാതിര നാളില്‍ നോയമ്പെടുക്കുന്നതെന്നാണ് വിശ്വാസം.
വ്രതാനുഷ്ഠാനം
തിരുവാതിര വ്രതം നോല്‍ക്കുന്ന സ്ത്രീകള്‍ അതിരാവിലെ കുളിച്ച് പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് വ്രതമാരംഭിക്കുന്നു. അവര്‍ കടുത്ത നോയമ്പോടുകൂടി ആചാരങ്ങള്‍ അനുഷ്ഠിക്കും. തിരുവാതിര നാളിന്റെ തുടക്കം മുതല്‍ അവസാനം വരെയാണ് വ്രതാനുഷ്ഠാനം. ദിവസം തുടങ്ങി അവസാനിക്കുന്നതു വരെ ഉറങ്ങാന്‍ പാടില്ല. അന്നേ ദിവസം സ്ത്രീകള്‍ അരിയാഹാരം പാടേ ഉപേക്ഷിക്കും. ചിലപ്പോള്‍ ഭക്ഷണം പൂര്‍ണമായി ഉപേക്ഷിക്കുന്നവരുമുണ്ട്. രാത്രിയില്‍ സ്ത്രീകള്‍ എട്ടുകൂട്ടം കിഴങ്ങു വര്‍ഗങ്ങള്‍ ചേര്‍ത്ത് പുഴുക്കുണ്ടാക്കും. “എട്ടങ്ങാടി ചുട്ടുതിന്നുക’ എന്നാണ് ഇതറിയപ്പെടുന്നത്. കൂവ കുറുക്കിയതും എട്ടങ്ങാടിയുമാണ് തിരുവാതിര നാളിലെ പ്രധാന വിഭവങ്ങള്‍.
തിരുവാതിരകളി.
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമെല്ലാം മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും ഇന്നും തിരുവാതിരകളി പ്രധാന ഘടകമായിത്തന്നെ നിലനില്‍ക്കുന്നു.
അയ്യപ്പശ്ലോക നമസ്കാരങ്ങള്‍ക്കിടയിലും തിരുവാതിരയ്ക്ക് സായാഹ്ന ചട്ടങ്ങളാണ് പതിവ്. സെറ്റും മുണ്ടും ബ്ലൗസുമാണ് വേഷം. വാലിട്ടു കണ്ണെഴുതി നെറ്റിയില്‍ കുറിയണിഞ്ഞ് ഈറന്‍ മുടി അറ്റം കെട്ടി, തുളസിക്കതിര്‍ ചൂടി മങ്കമാരെത്തും. ഉള്ളത് നാടും നാരീശ്വരന്മാരും അറിയണമെന്നതാണ് ദിവ്യസങ്കല്പം. എല്ലാം മംഗളമായി ഭവിക്കാന്‍ പുലരിയിലും സന്ധ്യക്കും മരണാസ്ഥാവിന്റെ സന്നിധിയില്‍ ഒരു നെയ്ത്തിരികൂടി കത്തിച്ചുവയ്ക്കണം.
കുത്തുവിളക്കും പുഷ്പാലങ്കാരവുമിട്ട് വട്ടത്തിലാണ് കൈകൊട്ടിക്കളി. കുമ്മിയും, വഞ്ചിപ്പാട്ടുമൊക്കെ തിരുവാതിരയ്ക്ക് താളമാകും. സായാഹ്നവും സന്ധ്യകളുമാണ് ശ്രാവണര്‍ക്ക് അത്യുത്തമം. ധനുമാസത്തിലെ കോച്ചിവിറയ്ക്കുന്ന മഞ്ഞിലും സുമംഗലിമാര്‍ തിരുവാതിര നാളില്‍ അമ്പലത്തിലെ ആല്‍മരച്ചോട്ടില്‍ ഒന്നിച്ചുകൂടും. വെറ്റില മുറുക്കിനുമുണ്ട് തിരുവാതിര ദിനത്തില്‍ സ്ഥാനം. നേരം പുലരുമ്പോഴേക്കും നൂറ്റിയൊന്ന് വെറ്റില മുറുക്കണമെന്നാണ് മുത്തശ്ശിമാര്‍ പറയുന്നത്.
പൂത്തിരുവാതിര.
പൂത്തിരുവാതിര പ്രത്യേക അനുഷ്ഠാനമാണ്. തെക്കും വടക്കും ഒരുപോലെ. സാദൃശ്യമല്ല; സമാസമം. വിവാഹം കഴിഞ്ഞ് ആദ്യത്തെ തിരുവാതിരയാണ് പൂത്തിരുവാതിര. വിവാഹ നിശ്ചയം കഴിഞ്ഞവരും നോമ്പുനോറ്റ് പ്രതിശ്രുത വരനുവേണ്ടി പ്രാര്‍ഥിക്കുന്നു. പൂര്‍ണ ചന്ദ്രന്‍ മാനത്തു തെളിഞ്ഞാല്‍ മനം നിറഞ്ഞു. സങ്കല്പ പൂജ്യം വന്നു വെള്ളവും ഭക്ഷണവും വായില്‍ വെച്ചു കൊടുക്കും.
പാതിരാപ്പൂചൂടല്‍.
തിരുവാതിരനാള്‍ രാത്രിയിലാണ് പാതിരാപ്പൂചൂടല്‍ നടക്കുക. വ്രതം നോല്‍ക്കുന്ന സ്ത്രീകള്‍ തിരുവാതിരപ്പാട്ടുപാടി കൈകൊട്ടിക്കളിക്കും. ശേഷം ഇവര്‍ ഒന്നായി പാതിരാപ്പൂവ് തേടിയിറങ്ങും. അവ കൊണ്ടുവന്ന് ദശപുഷ്പങ്ങളും ചേര്‍ത്ത് ചൂടുകയും തിരുവാതിരയ്ക്ക് ചുവടു വയ്ക്കുകയും ചെയ്യും.
കാലം മുന്നോട്ടുപോയി, ജീവിതരീതികള്‍ മാറി മറിഞ്ഞു. കലോത്സവവേദികളില്‍ മാത്രമായി തിരുവാതിരകളി ഒതുങ്ങുമ്പോള്‍ അതിനു പിന്നിലെ സംസ്കാരവും പൈതൃകവും നാം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കണം.