കോട്ടയ്ക്കൽ.–കൃഷിയോടുള്ള അതിയായ താൽപര്യവും ജീവിതപ്രയാസങ്ങളും മൂലമാണ് ഒഡിസ ദമ്പതികൾ 2 മാസം മുൻപ് കാവതികളത്തെ വയലിലേക്കു ഇറങ്ങിയത്. ഒന്നരയേക്കർ പാട്ടഭൂമിയിൽ പച്ചക്കറി നൂറുമേനി വിളഞ്ഞതോടെ ഒരു തീരുമാനത്തിലെത്തി., ഇനിയുള്ള ജീവിതം മണ്ണിനോടു ചേർന്നുതന്നെയെന്ന് ദമ്പതികൾ പറയുന്നു.
തൻമയും (44), മൊഞ്ചുറ (35)യുമാണ് മണ്ണിൽ പൊന്നുവിളയിച്ച മറുനാടൻ ദമ്പതികൾ. ദീർഘകാലമായി പെയിന്റിങ് ജോലി ചെയ്യുകയാണ് തൻമയ്. വാടകവീട്ടിൽ കഴിയവെയാണ് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന വയലിൽ കൃഷി ഇറക്കിയാലോ എന്ന ചിന്തയുണ്ടായത്. സ്ഥലമുടമ ഇന്ത്യനൂരിലെ മുളഞ്ഞിപ്പിലാക്കൽ അബ്ദുറഹ്മാന് 100 വട്ടം സമ്മതം. കഴിയുന്നതെല്ലാം ചെയ്തുതരാമെന്ന ഉറപ്പും നൽകി.
തൊട്ടടുത്ത തോട്ടിൽ ചിറ കെട്ടിയ ഭാഗത്തുനിന്നാണ് തുടക്കത്തിൽ ജലസേചന സൗകര്യമൊരുക്കിയത്. ചിറ ചിലർ തകർത്തതോടെ ഏറെ കഷ്ടപ്പെട്ടായിരുന്നു പിന്നീടുള്ള പരിചരണം. ജലക്ഷാമം മൂലം തക്കാളി തുടങ്ങിയ വിളകളുടെ കൃഷി തുടക്കത്തിലേ അവസാനിപ്പിക്കേണ്ടി വന്നു. എന്നാലും ഒഴുക്കിയ വിയർപ്പ് പാഴായില്ല. പയർ, കക്കരി, വെള്ളരി, തണ്ണിമത്തൻ, ചിരങ്ങ, വഴുതന, മത്തൻ തുടങ്ങിയവയും സൗദി ഇനമായ ജെർജിലും നന്നായി വിളഞ്ഞു. വിത്തുകളെല്ലാം നാട്ടിൽ നിന്നു കൊണ്ടുവന്നതാണ്. ഇവരുടെ ഉൽപന്നങ്ങൾക്കു ആവശ്യക്കാരുമുണ്ട്.
ദമ്പതികളെ സഹായിക്കാനായി സ്ഥലമുടമ സ്വന്തം രേഖകളെല്ലാം കൃഷിവകുപ്പിന് കൈമാറിയിട്ടുണ്ട്. അതുപ്രകാരം സൗജന്യമായി വൈദ്യുതി നൽകുന്നതുൾപ്പെടെ ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥരായ വൈശാഖൻ, സോജിഷ് എന്നിവർ പറഞ്ഞു.
– – – – – – – – – – –